എമര്‍ജിങ് കേരള നിക്ഷേപകസംഗമം ഉടന്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ദുരൂഹതയേറുകയാണെന്നുംസംസ്ഥാനഭരണത്തെ തന്നെ പാട്ടത്തിന് നല്‍കിയിരിക്കുകയാണ് സര്‍ക്കാരെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. വെബ്സൈറ്റില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പദ്ധതികള്‍ സര്‍ക്കാരിന്റേതല്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. ഇവ വെബ്സൈറ്റില്‍ വെറുതേ കൊടുത്തതാണത്രേ. നിര്‍ദേശിക്കപ്പെട്ട പദ്ധതികളില്‍ പ്രായോഗികമായത് തെരഞ്ഞെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയും എതിര്‍പ്പുള്ളവ ഉപേക്ഷിക്കാമെന്നും ചില പദ്ധതികള്‍ വെബ്സൈറ്റില്‍നിന്ന് പിന്‍വലിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യവസായമന്ത്രിയും പറയുന്നു. എമര്‍ജിങ് കേരളയുമായി റവന്യൂവകുപ്പ് സഹകരിക്കുന്നില്ലെന്നുപറഞ്ഞ ഇന്‍കല്‍ എംഡിക്കെതിരെ റവന്യൂമന്ത്രി തന്നെ പരസ്യമായി രംഗത്തിറങ്ങി. ഇവയെല്ലാം വന്‍ ദുരൂഹതയുണ്ടാക്കുന്നു. ആരാണ് പദ്ധതികള്‍ തയ്യാറാക്കിയത്, ആരാണ് അത് അംഗീകരിച്ച് പ്രസിദ്ധീകരണത്തിന് നല്‍കിയത്, സംരംഭകര്‍ക്ക് മുന്നില്‍ ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതാരാണ്, എമര്‍ജിങ് കേരള പദ്ധതി തന്നെ പാട്ടത്തിന് കൊടുത്തതാണോ തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹതയും സംശയവും ഏറുകയാണ്. സര്‍ക്കാരല്ലാത്ത മറ്റാരോ ആണോ പദ്ധതിക്കുപിന്നിലെന്നും സംശയമുണ്ട്. വിവിധ വകുപ്പുകളുടെ കൈവശമുള്ള സ്ഥലവും സ്ഥാപനങ്ങളും സ്വകാര്യസംരംഭകര്‍ക്ക് നല്‍കാന്‍ പരസ്യം നല്‍കിയത് ആ വകുപ്പുകളുടെ അനുമതി തേടാതെയാണ്.
വനഭൂമിയും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുമെല്ലാം പാട്ടത്തിന് വച്ചിരിക്കുന്നു. തിരുവനന്തപുരത്ത് പൊലീസിന്റെ ചുമതലയിലുള്ള ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയവും ഈ കൂട്ടത്തിലുണ്ട്. വികസനമെന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ് നടത്തുന്നത്. ഇത് സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. സംസ്ഥാനത്തിന് ആവശ്യമായതും പ്രായോഗികമായ പദ്ധതികളും അതിന് ലഭ്യമാകുന്ന സ്ഥലവും കണ്ടെത്തി വിശദമായ ചര്‍ച്ചയിലൂടെ പദ്ധതി വിഭാവനംചെയ്യണം. നിക്ഷേപം ക്ഷണിക്കുന്നതിനുള്ള സംഗമം ഇതിന് ശേഷം നടത്തണം. ജനവിരുദ്ധവും അപമാനകരവുമായ ഇപ്പോഴത്തെ നിര്‍ദേശങ്ങള്‍ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
സമ്പന്ന മുസ്ലിങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നീക്കം: ബിജെപി
കൊച്ചി: സമ്പന്ന മുസ്ലിംവിഭാഗത്തെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിച്ച്, കേരളത്തിലെ ഭൂമി കൈവശപ്പെടുത്താനുള്ള അവസരമാണ് എമര്‍ജിങ് കേരളയിലൂടെ ഉണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എമര്‍ജിങ് കേരളയിലെ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിക്കുപോലും വ്യക്തമായി പറയാനാകുന്നില്ല. സര്‍ക്കാര്‍ഭൂമി ഒരുപറ്റം സമ്പന്ന മുസ്ലിങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിനു കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.
സായിപ്പന്മാര്‍ ഒപ്പിട്ടാല്‍ വികസനം വരില്ല: മുരളീധരന്‍
തിരു: ഭരണകക്ഷി എംഎല്‍എമാരുടെപോലും അഭിപ്രായഐക്യം രൂപപ്പെടുത്താന്‍ കഴിയാത്തവര്‍ എങ്ങനെയാണ് എമര്‍ജിങ് കേരളയിലൂടെ കേരളത്തെ "വികസനത്തിലേക്ക് കുതിച്ചുചാടിക്കുക"യെന്ന് കെ മുരളീധരന്‍ എംഎല്‍എ ചോദിച്ചു. അടിസ്ഥാനസൗകര്യം ഒരുക്കാതെ കുറെ "സായിപ്പുമാര്‍" കേരളത്തില്‍ വന്ന് ഒപ്പിട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡിസെന്റര്‍ സംഘടിപ്പിച്ച പരിസ്ഥിതി കലോത്സവ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മുരളീധരന്‍. എമര്‍ജിങ് കേരളയുടെ പേരിലുള്ള വിവാദം പ്രതിപക്ഷം സൃഷ്ടിച്ചതല്ല. സംസ്ഥാനത്തെ ബഹുഭൂരിഭാഗം ജനങ്ങള്‍ക്കും ഇതുസംബന്ധിച്ച് കടുത്ത ആശങ്കയുണ്ട്. വെബ്സൈറ്റിലെ ആശയങ്ങളില്‍ സംശയമുണ്ട്. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയമടക്കമുള്ള സ്ഥലം എക്സിബിഷന്‍ സെന്ററാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല-മുരളീധരന്‍ പറഞ്ഞു.
deshabhimani 070912
No comments:
Post a Comment