Friday, September 7, 2012

ആശങ്കയുടെ പാളത്തില്‍


കാക്കൂര്‍: നിര്‍ദിഷ്ട തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ ഇടനാഴി (ഹൈസ്പീഡ് റെയില്‍ കോറിഡോര്‍- എച്ച്എസ്ആര്‍സി) പദ്ധതിയില്‍ ജനങ്ങള്‍ക്ക് ആശങ്ക. 571 കി. മീറ്റര്‍ നീളമുള്ള പാതയുടെ 560 കി. മീറ്റര്‍ ഭാഗവും ജനവാസ കേന്ദ്രത്തിലൂടെയാണെന്ന് ഇതുസംബന്ധിച്ച ഉപഗ്രഹ സര്‍വെ പറയുന്നു. ചെന്നൈ ആസ്ഥാനമായ "ഹൈ മെറിഡിയന്‍" ഏജന്‍സിയാണ് സര്‍വെ നടത്തിയത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ്(ഡിഎംആര്‍സി) നിര്‍മാണച്ചുമതല. രണ്ടുഘട്ടമായി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന 1.18 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സ്ഥലം ഏറ്റെടുത്ത് 2014 ജനുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാനാണ് ഡിഎംആര്‍സി ഉദ്ദേശിക്കുന്നത്.
അതിവേഗ പാതകള്‍ക്ക് ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങള്‍പോലും മടിച്ചുനില്‍ക്കുമ്പോഴാണ് ജനസാന്ദ്രത കൂടിയ കേരളത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ ആലോചിക്കുന്നത്. നിലവിലുള്ള റെയില്‍പാതയുമായി ഇതിന് ബന്ധമുണ്ടാകില്ല. വളവുകളില്ലാത്ത നേര്‍പാതയാണ് ഉദ്ദേശിക്കുന്നത്. 13 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് തൂണുകളില്‍ ഉയരുന്ന പാതയ്ക്ക് 110 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ടു സമാന്തര പാതകളടങ്ങുന്ന അതിവേഗ ട്രാക്കും ട്രാക്കിന് ഇരുവശങ്ങളിലായി 13 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും നിര്‍മിക്കും. ഓരോ തൂണും 25 മീറ്റര്‍ അകലത്തിലായിരിക്കും. ഭൂനിരപ്പില്‍നിന്ന് 5 മീറ്റര്‍ ഉയരമുണ്ടാകും. ജനങ്ങള്‍ തിങ്ങിപ്പാക്കുന്ന പ്രദേശമാണെങ്കില്‍ 30 മീറ്റര്‍ താഴ്ചയില്‍ ഭൂഗര്‍ഭ പാതയാണ് നിര്‍മിക്കുക. 2000 ഏക്കര്‍ സ്ഥലം പാതയ്ക്ക് ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രൊജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോഴത്തെ സര്‍വെ പ്രകാരം 15,700 ഏക്കറായി ഇത് ഉയരും. അങ്ങനെ വന്നാല്‍ ലക്ഷക്കണക്കിന് വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇടിച്ചുനിരത്തേണ്ടി വരും. സ്ഥലമേറ്റെടുക്കലിന് 3000 കോടി രൂപയാണ് നീക്കിവച്ചത്.

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് തുഛവിലയേ ലഭിക്കൂ. ഈ ട്രെയിനില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടെത്താന്‍ 5000 രൂപയിലധികം വേണ്ടിവരും. പ്രധാന നഗരങ്ങളില്‍ സ്റ്റേഷനുകളുള്ള ട്രെയിന്‍ 98 മിനിറ്റുകൊണ്ട് കോഴിക്കോട്ടും 142 മിനിറ്റുകൊണ്ട് കാസര്‍കോട്ടും എത്തും. എട്ട് കോച്ചുള്ള ട്രെയിനില്‍ 817 പേര്‍ക്ക് യാത്ര ചെയ്യാനാകുമെന്നാണ് കണക്ക്. ജില്ലയില്‍ രാമനാട്ടുകര, മലാപ്പറമ്പ്, വേങ്ങേരി, കക്കോടി, ചെലപ്രം, ചേളന്നൂര്‍, കൊളത്തൂര്‍, അത്തോളി, ഉള്ള്യേരി, പേരാമ്പ്ര വഴിയാണ് പാത കടന്നുപോകുന്നത്. കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ കക്കോടിയില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പദ്ധതിക്ക് ഇരയാകുന്ന ജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച് 12ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടക്കും.
(ഉണ്ണി ഈന്താട്)

deshabhimani 070912

1 comment:

  1. നിര്‍ദിഷ്ട തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ ഇടനാഴി (ഹൈസ്പീഡ് റെയില്‍ കോറിഡോര്‍- എച്ച്എസ്ആര്‍സി) പദ്ധതിയില്‍ ജനങ്ങള്‍ക്ക് ആശങ്ക. 571 കി. മീറ്റര്‍ നീളമുള്ള പാതയുടെ 560 കി. മീറ്റര്‍ ഭാഗവും ജനവാസ കേന്ദ്രത്തിലൂടെയാണെന്ന് ഇതുസംബന്ധിച്ച ഉപഗ്രഹ സര്‍വെ പറയുന്നു. ചെന്നൈ ആസ്ഥാനമായ "ഹൈ മെറിഡിയന്‍" ഏജന്‍സിയാണ് സര്‍വെ നടത്തിയത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ്(ഡിഎംആര്‍സി) നിര്‍മാണച്ചുമതല. രണ്ടുഘട്ടമായി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന 1.18 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സ്ഥലം ഏറ്റെടുത്ത് 2014 ജനുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാനാണ് ഡിഎംആര്‍സി ഉദ്ദേശിക്കുന്നത്.

    ReplyDelete