അസാധാരാണമായ പ്രതിഷേധത്തിനാണ് തിങ്കളാഴ്ച കേരളം സാക്ഷിയായത്. സത്യസന്ധവും നിര്‍ഭയവുമായി ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ക്രിമിനല്‍ കേസില്‍പ്പെടുത്തി പീഡിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം എന്തുവിലകൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ച് കേരളത്തിലെ ആറുകേന്ദ്രത്തില്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ നടത്തിയ സമരം രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകള്‍ തുറന്നുകാട്ടിയതിന് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നഗ്നമായ കടന്നുകയറ്റത്തില്‍ കുറഞ്ഞ ഒന്നുമല്ല. തങ്ങള്‍ക്ക് അഹിതകരമായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പത്രത്തിനും ലേഖകര്‍ക്കുമെതിരെ നിയമത്തിന്റെ വാളെടുത്ത് ചുഴറ്റുമെന്നും കഴുത്തുവെട്ടുമെന്നുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, ദേശാഭിമാനിക്കെതിരെ കേസെടുത്തതിലൂടെ മുരണ്ടത്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമംലംഘിച്ച് മറയില്ലാതെയാണ് അസത്യവും അര്‍ധസത്യവും തിരുകിക്കയറ്റിയ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നിരന്തരം നല്‍കിയത്. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാന്‍ നിയമം ലംഘിച്ച് പൊലീസുദ്യോഗസ്ഥര്‍തന്നെ വാര്‍ത്ത ചോര്‍ത്തല്‍ എന്ന കുറ്റകൃത്യത്തിലേര്‍പ്പെട്ടപ്പോള്‍ അത് തെളിവുസഹിതം ചൂണ്ടിക്കാട്ടുകയാണ് ദേശാഭിമാനി ചെയ്തത്. വാര്‍ത്ത ചോര്‍ത്തലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയപ്പോള്‍ തങ്ങള്‍ വാര്‍ത്ത നല്‍കിയില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ സത്യവാങ്മൂലം. ഇത് പച്ചക്കള്ളമാണെന്നാണ് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസ് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണോദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍കോളുകളുടെ എണ്ണമാണ് ദേശാഭിമാനി എഴുതിയത്. ദേശാഭിമാനി വാര്‍ത്ത നിഷേധിക്കാന്‍ പൊലീസിനോ സര്‍ക്കാരിനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ചന്ദ്രശേഖരന്‍ വധക്കേസ് സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമാക്കി കൊണ്ടാടിയവരുടെ തനിനിറം അതിലൂടെ പുറത്തുവരികയും ചെയ്തു. അതുകൊണ്ടാണ് ഫോണ്‍ ചോര്‍ത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തത്. ആര്‍ജവമുണ്ടെങ്കില്‍ വ്യാജ സത്യവാങ്മൂലം നല്‍കുകയും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുകയുംചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനായിരുന്നു തയ്യാറാകേണ്ടിയിരുന്നത്.
ദേശാഭിമാനിക്കെതിരായ കേസ് മാധ്യമസമൂഹത്തിനാകെ ഏറ്റെടുക്കേണ്ടിവരുമെന്നതില്‍ സംശയംവേണ്ട. ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങളും ഇഷ്ടക്കാരും മാറിവരികയും ഇന്നത്തെ ഇഷ്ടക്കാര്‍ ശത്രുപക്ഷത്തെത്തുകയുംചെയ്യുന്നത് ബൂര്‍ഷ്വാ രാഷ്ട്രീയത്തിലെ സ്വാഭാവികപ്രക്രിയ മാത്രമാണ്. ഇന്ന്, ദേശാഭിമാനിയുടെ പ്രശ്നമല്ലേ, ഞങ്ങള്‍ക്കെന്ത് എന്ന് ധരിച്ച് ആനന്ദിക്കുന്നവരും മാറിനില്‍ക്കുന്നവരും മൗനംപാലിക്കുന്നവരും മനസ്സിലാക്കേണ്ട യാഥാര്‍ഥ്യമാണത്. ദേശാഭിമാനി ഏഴുപതിറ്റാണ്ടിന്റെ പാരമ്പര്യവും മഹത്തായ പ്രത്യയശാസ്ത്രത്തിന്റെയും പ്രസ്ഥാനത്തിന്റെയും പിന്‍ബലവുമുള്ള പത്രമാണ്. ഞങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ പുത്തരിയല്ല. ജനകാലംതൊട്ട് ഭരണകൂടത്തിന്റെ നിരവധി അനവധി ഭീഷണികള്‍ നേരിട്ടാണ് ദേശാഭിമാനി വളര്‍ന്നത്. ഒരു ഭീഷണിക്കുമുന്നിലും ഒരിക്കലും തലകുനിച്ചിട്ടില്ല. ഇത്തരം ഭീഷണികളെ നേരിടാന്‍ ദേശാഭിമാനിക്ക് കരുത്തുപകര്‍ന്നത് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ്. ഈ പിന്തുണ ആര്‍ജിച്ചത് അവരുടെ ജീവല്‍പ്രശ്നങ്ങളില്‍ ഇടപെടുന്ന ജിഹ്വ എന്ന നിലയിലാണ്. തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ പിന്തുണയുമായി ബഹുജനങ്ങള്‍ അണിനിരന്നത് ഈ അചഞ്ചലമായ ജനവിശ്വാസത്തിന്റെ തെളിവാണ്. ജനങ്ങള്‍ അര്‍പ്പിച്ച ഈ വിശ്വാസം കൈമുതലാക്കി ദേശാഭിമാനി അതിന്റെ രാഷ്ട്രീയ ധര്‍മം തുടര്‍ന്നും നിറവേറ്റുകതന്നെ ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏത് വിധത്തിലുള്ള ഭരണകൂടഭീകരതയെയും ചങ്കുറപ്പോടെ ദേശാഭിമാനി പ്രവര്‍ത്തകര്‍ നേരിടും. ഈ സമരത്തില്‍ മാധ്യമ സമൂഹത്തിലെ വലിയൊരു വിഭാഗം ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നത് സ്മരണീയമാണ്. തിരുവനന്തപുരത്ത് കെയുഡബ്ല്യൂജെ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരടക്കം എത്തി സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുകയുണ്ടായി. ഇന്ന് ദേശാഭിമാനിക്കെതിരെയെടുത്ത കേസ് നാളെ മറ്റുള്ളവര്‍ക്കെതിരെയുമുണ്ടാകുമെന്ന് സഹജീവികള്‍ തിരിച്ചറിയുകതന്നെ ചെയ്യും. മാധ്യമ സ്വാതന്ത്ര്യ നിഷേധത്തിനെതിരായ പ്രതിഷേധം ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്നു കരുതുന്നില്ല. നീതിനിഷേധത്തിനായി ബോധപൂര്‍വം അവര്‍ കണ്ണടച്ചിരിക്കുകയാണ്. ദേശാഭിമാനിയുടെ പ്രതിഷേധസമരം ബഹുജന പിന്തുണ ആര്‍ജിക്കുന്നുവെന്നും അത് അഖിലേന്ത്യാ തലത്തില്‍തന്നെ തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നും തിരിച്ചറിഞ്ഞ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രയോഗിച്ച പൊടിക്കൈ ശ്രദ്ധിക്കേണ്ടതാണ്. കേസെടുത്തില്ല എന്നും മോഹന്‍ദാസ് ഹാജരാകേണ്ടതില്ല എന്നുമാണ് അദ്ദേഹം ഞായറാഴ്ച പത്രസമ്മേളനം വിളിച്ച് പറഞ്ഞത്. എന്നാല്‍, നിയമാനുസൃത നോട്ടീസനുസരിച്ച് വടകര ഡിവൈഎസ്പി ഓഫീസിലെത്തിയ മോഹന്‍ദാസിനോട്, അന്വേഷണോദ്യോഗസ്ഥന്‍ സ്ഥലത്തില്ല എന്നും ക്രൈംനമ്പര്‍ 637-12 കേസില്‍ താങ്കള്‍ ഹാജരാകേണ്ടത് എപ്പോഴാണെന്ന് പിന്നീടറിയിക്കാം എന്നുമാണ് വടകര പൊലീസ് രേഖാമൂലം നല്‍കിയ മറുപടി.
ആഭ്യന്തരമന്ത്രി ഒരു നുണയന്റെ നിലവാരത്തിലേക്ക് തരംതാണ അനുഭവമാണിത്. സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എന്ത് നെറികേടും കാട്ടുമെന്നാണ് ഈ കള്ളക്കളി ആവര്‍ത്തിച്ച് തെളിയിക്കുന്നത്. ഇതു മനസ്സിലാക്കി മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സമരത്തില്‍ അണിചേരണമെന്ന് ഞങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകരോടും ഒരിക്കല്‍ക്കൂടി അഭ്യര്‍ഥിക്കട്ടെ. ഇത്തരം കേസുകള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം അതിനെതിരായ സമരത്തില്‍ ദേശാഭിമാനി എന്നും മുമ്പന്തിയിലുണ്ടായിരുന്നു. അത് ഇനിയും തുടരുമെന്നും ഈ ഘട്ടത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
deshabhimani editorial 110912
അസാധാരാണമായ പ്രതിഷേധത്തിനാണ് തിങ്കളാഴ്ച കേരളം സാക്ഷിയായത്. സത്യസന്ധവും നിര്‍ഭയവുമായി ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ക്രിമിനല്‍ കേസില്‍പ്പെടുത്തി പീഡിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം എന്തുവിലകൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ച് കേരളത്തിലെ ആറുകേന്ദ്രത്തില്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ നടത്തിയ സമരം രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകള്‍ തുറന്നുകാട്ടിയതിന് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നഗ്നമായ കടന്നുകയറ്റത്തില്‍ കുറഞ്ഞ ഒന്നുമല്ല. തങ്ങള്‍ക്ക് അഹിതകരമായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പത്രത്തിനും ലേഖകര്‍ക്കുമെതിരെ നിയമത്തിന്റെ വാളെടുത്ത് ചുഴറ്റുമെന്നും കഴുത്തുവെട്ടുമെന്നുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, ദേശാഭിമാനിക്കെതിരെ കേസെടുത്തതിലൂടെ മുരണ്ടത്.
ReplyDelete