Tuesday, September 18, 2012
കെഎസ്യു ജില്ലാ നേതാക്കള്‍ തെരുവില്‍ തല്ലി
ആലപ്പുഴ: കെഎസ്യു ജില്ലാ പഠനക്യാമ്പിന്റെ ഫ്ളക്സ് ബോര്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കം നേതാക്കള്‍ തമ്മിലുള്ള തെരുവില്‍ തല്ലില്‍ കലാശിച്ചു. ഐ വിഭാഗക്കാരനായ ജില്ലാ പ്രസിഡന്റും എക്കാരനായ വൈസ് പ്രസിഡന്റുമാണ് കഴിഞ്ഞ ഹര്‍ത്താല്‍ദിനത്തില്‍ ചേര്‍ത്തല ബസ് സ്റ്റാന്‍ഡിനു സമീപം ഏറ്റുമുട്ടിയത്. അടിപിടിയില്‍ ഇരുവരുടെയും ചുണ്ടുകള്‍ക്ക് പരിക്കുണ്ട്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളുടെയും നേതാക്കള്‍ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുകയാണ്.
ഐ ഗ്രൂപ്പിന്റെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റി, എ, നാലാം ഗ്രൂപ്പ് ഭാരവാഹികളെ ഒഴിവാക്കി ഒരു വിഭാഗം കൈയടക്കിവച്ചിരിക്കുന്നതിനെതിരെ കെഎസ്യുവില്‍ പോര് രൂക്ഷമായിരുന്നു. ചൊവ്വാഴ്ച ചേര്‍ത്തലയില്‍ നടക്കുന്ന ജില്ലാ പഠനക്യാമ്പിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍നിന്ന് ഇവിടത്തുകാരനായ എന്‍എസ്യു ദേശീയ പ്രസിഡന്റിനെയടക്കം ഒഴിവാക്കിയതാണ് ഐ വിരുദ്ധരുടെ പ്രകോപനത്തിന് കാരണം. ബോര്‍ഡില്‍ നാലാം ഗ്രൂപ്പുകാരായ കെഎസ്യു ജില്ലാ ഭാരവാഹികള്‍ക്കും ഇടം നല്‍കിയില്ല. കോണ്‍ഗ്രസിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചല്ല പോഷക സംഘടനയായ കെഎസ്യുവിന്റെ ജില്ലാ കമ്മിറ്റിയുടെ പേരില്‍ ഐ വിഭാഗം ഇറക്കിയ പ്രചാരണ സാമഗ്രികളെന്നും ഇത് പാര്‍ടി വിരുദ്ധ പ്രവര്‍ത്തനമാണെന്നുമാണ് നാലാം ഗ്രൂപ്പുകാരുടെ ആരോപണം. ഫ്ളക്സുകളിലും പോസ്റ്ററുകളിലും "തല" കാണിക്കാനുള്ള വേദിയായി സംഘടനാ പ്രവര്‍ത്തനം ഇക്കൂട്ടര്‍ മാറ്റിയിരിക്കുകയാണ്. ചേര്‍ത്തല പോളി ടെക്നിക്കില്‍ ഉള്‍പ്പെടെ കെഎസ്യുവിന് ജില്ലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കനത്ത തിരിച്ചടിക്ക് ഉത്തരവാദികള്‍ ഇവരാണെന്നും നാലാം ഗ്രൂപ്പുകാര്‍ പറയുന്നു.
കെഎസ്യു ജില്ലാ കമ്മിറ്റിയില്‍ ആകെ മൂന്നു സെക്രട്ടറിമാര്‍ മാത്രമാണ് നാലാം ഗ്രൂപ്പിനുള്ളത്. തങ്ങളുടെ ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനമാനങ്ങള്‍ നേടിയ ഹരിപ്പാടുകാരനായ കെഎസ്യു സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി മൂന്നാം ഗ്രൂപ്പ്അടക്കമുള്ളവരുമായി രഹസ്യബാന്ധവം ഉണ്ടാക്കുന്നതിലും ജില്ലാ ഭാരവാഹികളില്‍ മുറുമുറുപ്പ് ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ നയിച്ച പദയാത്രയുടെ പേരിലും ഗ്രൂപ്പ് പോര് ഉടലെടുത്തിരുന്നു. കോണ്‍ഗ്രസ് പോര് യുവജന വിദ്യാര്‍ഥി സംഘടനകളിലേക്കും വ്യാപിച്ചതോടെ ആസന്നമായ ഡിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലടക്കം പുതിയ സമവായത്തിന് രൂപം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം.
ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഷുക്കൂറിന്റെ "ഭാവി" തുലാസില്‍
ആലപ്പുഴ: ഡിസിസി പ്രസിഡന്റിനായുള്ള ചരടുവലികള്‍ മുറുകുന്നു. തല്‍സ്ഥാനത്ത് തുടരാനുള്ള പ്രസിഡന്റിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സംസ്ഥാനത്ത് മൂന്നാം ഗ്രൂപ്പിന്റെ കൈവശമുള്ള ഏക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് ആലപ്പുഴയിലേത്. തൃശൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള ഡിസിസി പ്രസിഡന്റുമാരില്‍ ഏക മുസ്ലിം പ്രതിനിധ്യമായാണ് എ എ ഷുക്കൂറിന് ഇതുവരെ തുടരുന്നതിന് സഹായകമായിരുന്നതെങ്കില്‍ ദിവസങ്ങള്‍ കഴിയുംതോറും കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. ഇതിനിടയില്‍ ജില്ലയിലെ കോണ്‍ഗ്രസ് മൂന്നാം ഗ്രൂപ്പിന്റെ നേതാക്കളായ രമേശ് ചെന്നിത്തലയും കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലും തമ്മിലുണ്ടായ അഭിപ്രായഭിന്നതയും ഷുക്കൂറിന്റെ കാര്യം പരിങ്ങലിലാക്കി.
ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണവുമായി ബന്ധപ്പെട്ടും ഡിസിസി പ്രസിഡന്റിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് സര്‍വീസ് സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റിന്റെ നോമിനി കൂടിയായ ഇദേഹത്തിനെതിരെ സ്വന്തം ഗ്രൂപ്പില്‍നിന്ന് തന്നെ അഭിപ്രായ വ്യത്യാസമുയര്‍ന്ന സാഹചര്യത്തിലാണ് നേതൃത്വം പുനരാലോചനയ്ക്ക് തയ്യാറെടുക്കുന്നത്. അങ്ങനെയെങ്കില്‍ തഴക്കര പഞ്ചായത്ത് പ്രസിഡന്റും ഡിസിസി വൈസ് പ്രസിഡന്റുമായ മൂന്നാം ഗ്രൂപ്പിലെ കോശി എം കോശി മാത്രമാകും സാധ്യത. നിരവധി തവണ ഇദേഹം ഡിസിസിയുടെ ആക്ടിങ് പ്രസിഡന്റായിരുന്നു. തുടക്കംമുതലേ ഇത്തരമൊരു ചര്‍ച്ചയ്ക്ക് പ്രാമുഖ്യം ഉണ്ടായിരുന്നുവെങ്കിലും മതസംഘടനയുടെയും മറ്റും പേരില്‍ സമ്മര്‍ദം സൃഷ്ടിച്ച് ഇതിനെ മറികടക്കാന്‍ ശ്രമമുണ്ടായി. ഇതോടെ തെക്കന്‍ ജില്ലകളില്‍ ഡിസിസി അധ്യക്ഷപദവിയിലെ മുസ്ലിം പ്രാതിനിധ്യകുറവ് പരിഹരിച്ച് ഇതിന് മറുപടി നല്‍കാന്‍ അണിയറയില്‍ നീക്കം ശക്തമാണ്. കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വൈസ് പ്രസിഡന്റായ ഷാനവാസ്ഖാനെ കൊണ്ടുവന്നാകും "പ്രതിസന്ധി" മറികടക്കുക. യുഡിഎഫ് അധികാരത്തിലേറിയപ്പോള്‍ കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി കോണ്‍ഗ്രസ് ആദ്യം പരിഗണിച്ചത് ഷാനവാസ്ഖാനെയായിരുന്നു. ഒടുവില്‍ എ കെ രാജനു വേണ്ടിയാണ് പിന്‍വലിച്ചത്.
കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അടുത്തയിടെ വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പിനോട് വിടപറഞ്ഞ ഡി സുഗതന്റെ പേര് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നെങ്കിലും പിന്നീട് കേള്‍ക്കാതെയായി. ചെന്നിത്തലയ്ക്കൊപ്പം കുടിയ ഇദേഹത്തെ കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രിയും എ ഗ്രൂപ്പിലെ പ്രബലനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചിരുന്നു. ഇത് ജില്ലയിലെ മൂന്നാം ഗ്രൂപ്പിന്റെ ഏകാധിപത്യത്തിനെതിരായ നീക്കമായും കാണുന്നവരുണ്ട്. വയലാര്‍ രവിയുടെ അനുയായിയായ അനില്‍ബോസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച പുളിങ്കുന്ന് രാജീവ്ഗാന്ധി ട്രോഫി ജലോത്സവം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് നാലാം ഗ്രൂപ്പുകാര്‍ക്ക് ആരോപണമുണ്ട്. ഇതിന്റെ പേരിലുള്‍പ്പെടെ നാലാം ഗ്രൂപ്പും എ വിഭാഗവും തമ്മിലുള്ള അനൈക്യം പരിഹരിച്ച് ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പും മറ്റു പോഷകസംഘടനാ ഭാരവാഹിത്വവും ഏകപക്ഷീയമായി പോകാതിരിക്കാനുള്ള ചരടുവലികളും സജീവമാണ്.
deshabhimani news
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
കെഎസ്യു ജില്ലാ പഠനക്യാമ്പിന്റെ ഫ്ളക്സ് ബോര്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കം നേതാക്കള്‍ തമ്മിലുള്ള തെരുവില്‍ തല്ലില്‍ കലാശിച്ചു. ഐ വിഭാഗക്കാരനായ ജില്ലാ പ്രസിഡന്റും എക്കാരനായ വൈസ് പ്രസിഡന്റുമാണ് കഴിഞ്ഞ ഹര്‍ത്താല്‍ദിനത്തില്‍ ചേര്‍ത്തല ബസ് സ്റ്റാന്‍ഡിനു സമീപം ഏറ്റുമുട്ടിയത്. അടിപിടിയില്‍ ഇരുവരുടെയും ചുണ്ടുകള്‍ക്ക് പരിക്കുണ്ട്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളുടെയും നേതാക്കള്‍ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുകയാണ്.
ReplyDelete