Monday, September 3, 2012

കല്‍ക്കരി കുംഭകോണം സ്വകാര്യവല്‍ക്കരണ സൃഷ്ടി: യെച്ചൂരി


കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ അഴിമതി സ്വകാര്യവല്‍ക്കരണത്തിന്റെകൂടി ഫലമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. സ്വകാര്യവല്‍ക്കരണ നയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തട്ടിലാണെന്നും ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

1993 ലെ കല്‍ക്കരിഖനി ദേശസാല്‍ക്കരണ നിയമത്തിലെ ഭേദഗതിയോടെയാണ് സ്വകാര്യവല്‍ക്കരണം ആരംഭിച്ചത്. സ്വകാര്യ മേഖലയിലെ സിമന്റ് ഫാക്ടറികള്‍ക്കും ഉരുക്ക് ഫാക്ടറികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും പ്രത്യേകം കല്‍ക്കരിപ്പാടങ്ങള്‍ വേണമെന്നുപറഞ്ഞാണ് കല്‍ക്കരിമേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കിയത്. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ അന്ന് പാര്‍ലമെന്റില്‍ എതിര്‍ത്തത് ഇടതുപക്ഷംമാത്രമായിരുന്നു. പ്രകൃതിവിഭവങ്ങള്‍ രാഷ്ട്രവികസനത്തിന് ഉപയോഗിക്കണമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. യുപിഎയും എന്‍ഡിഎയുടെ നയം തുടര്‍ന്നു. പ്രകൃതിവിഭവങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം സ്വകാര്യവല്‍ക്കരണത്തിന്റെ മുന്നോടിയായി കേന്ദ്രം ഏറ്റെടുത്തതും നിയമഭേദഗതിയിലൂടെയായിരുന്നുവെന്ന് യെച്ചൂരി പറഞ്ഞു. കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതിലുള്ള അഴിമതിയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയെ ബിജെപിയും കോണ്‍ഗ്രസുംഭഭയക്കുന്നതും ഇതുകൊണ്ടാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നാല്‍ ഇരുപാര്‍ടികളുടെയും തെറ്റായ നടപടികള്‍ പുറത്തുവരും. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ ചര്‍ച്ച ഒഴിവാക്കാനാണ് ബിജെപി ശ്രമം. കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതും ഇതു തന്നെ.

ലൈസന്‍സ് റദ്ദാക്കി ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. കല്‍ക്കരിമന്ത്രാലയം കൈകാര്യംചെയ്ത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും കുംഭകോണത്തില്‍ പങ്കുണ്ട്. കല്‍ക്കരിപ്പാടം എങ്ങനെ അനുവദിച്ചെന്ന് വിശദീകരിക്കാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. സിഎജി സ്വന്തം ഉത്തരവാദിത്തത്തിനപ്പുറം പോകുകയാണെന്ന പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണ്. സിഎജി അധികാരപരിധി കടന്നെങ്കില്‍ത്തന്നെ അത് രാജ്യതാല്‍പ്പര്യം സംരക്ഷിക്കാനാണ്. തെറ്റായ തീരുമാനം തിരുത്തണമെന്ന സിഎജി നിര്‍ദേശം സ്വാഗതാര്‍ഹമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള സ്വാതന്ത്ര്യവും സിഎജിക്കുണ്ട്. അടുത്തവര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കില്ലെന്നും ചോദ്യത്തിന് ഉത്തരമായി യെച്ചൂരി പറഞ്ഞു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മമത ബാനര്‍ജി, മുലായംസിങ് യാദവ്, മായാവതി എന്നിവരാണ് ഇടക്കാല തെരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

deshabhimani 030912

1 comment:

  1. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ അഴിമതി സ്വകാര്യവല്‍ക്കരണത്തിന്റെകൂടി ഫലമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. സ്വകാര്യവല്‍ക്കരണ നയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തട്ടിലാണെന്നും ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

    ReplyDelete