Sunday, September 2, 2012

രാജ്യത്തെ മൊബൈലുകള്‍ക്ക് ഉയര്‍ന്ന റേഡിയേഷന്‍


രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ മൊബൈല്‍ ഫോണും വിവര വിനിമയ മന്ത്രാലയം പുതുതായി നിര്‍ദേശിച്ച റേഡിയേഷന്‍പരിധിക്ക് മുകളിലുള്ളതെന്ന്റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ പുറപ്പെടുവിക്കുന്ന റേഡിയേഷന്‍പരിധി അമേരിക്കയിലേതിന് തുല്യമാക്കി നിജപ്പെടുത്തിയതോടെ കമ്പനികള്‍ ആ നിലവാരത്തില്‍ ഫോണ്‍ നിര്‍മിക്കേണ്ടിവരും. ഒരാള്‍ ആറ് മിനിറ്റ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മനുഷ്യമസ്തിഷ്കത്തിലെ ഒരു കിലോ യൂണിറ്റില്‍ ആഗിരണംചെയ്യുന്ന റേഡിയേഷന്‍ പരിധി (എസ്എആര്‍-സ്പെസിഫിക് അബ്സോര്‍പ്ഷന്‍ റേറ്റ്) 1.6 വാട്ടില്‍ അധികമാകരുതെന്നാണ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇതുവരെ പരിധി രണ്ട് വാട്ടായിരുന്നു. അമേരിക്കയിലെ റെഗുലേറ്ററി കമീഷനായ ഫെഡറല്‍ കമ്യൂണിക്കേഷന്‍ നിജപ്പെടുത്തിയ നിലവാരത്തിലാണ് ഇന്ത്യയില്‍ പുതിയ പരിധി നിശ്ചയിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിധി ഒരു വാട്ടാണ്.
ഫോണിന്റെ റേഞ്ച് വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ റേഡിയേഷന്‍ നിരക്ക് ഉയര്‍ത്തുന്നത്. ഇത്തരം ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ വരുന്നത്. കൂടുതല്‍ റേഡിയേഷനുള്ള ഫോണ്‍ ക്യാന്‍സറിനും ജനിതകവൈകല്യത്തിനുംവരെ കാരണമാകുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എസ്എആര്‍ പരിധി താഴ്ത്തിയത്. ഇന്ത്യയില്‍ ഉയര്‍ന്ന പരിധി നിലനിന്നപ്പോഴും അതിലും മുകളിലായിരുന്നു വിപണിയിലെത്തിയ മൊബൈലുകളുടെ എസ്എആര്‍ പരിധി. റേഡിയേഷന്‍ നിരക്ക് ഫോണില്‍ രേഖപ്പെടുത്തുന്ന രീതിയും ഇവിടെയില്ല. പുതുതായി നിശ്ചയിച്ച നിലവാരത്തില്‍ മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുകയോ ഉല്‍പ്പാദിപ്പിക്കുകയോ ചെയ്യുന്നില്ലെന്നാണ് മന്ത്രാലയം നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ടെലികോം അഡൈ്വസര്‍ (ടെക്നോളജി) രാംകുമാര്‍ ചെയര്‍മാനായ സമിതിയാണ് പഠനം നടത്തിയത്.

യൂറോപ്യന്‍ പൗരന്മാരെ അപേക്ഷിച്ച് ബോഡി മാസ് ഇന്‍ഡക്സും കൊഴുപ്പിന്റെ അളവും കുറഞ്ഞ ശരീരപ്രകൃതക്കാരും ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നവരുമായ ഇന്ത്യക്കാര്‍ക്ക് ഉയര്‍ന്ന റേഡിയേഷനുള്ള മൊബൈല്‍ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും പഠനം പറയുന്നു. രാജ്യത്ത് ഉപയോഗിക്കുന്ന മൊബൈലുകള്‍ക്ക് അടിസ്ഥാന നിലവാരം ഏര്‍പ്പെടുത്താന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിനോട് ശുപാര്‍ശ ചെയ്യുന്നുമുണ്ട്. റേഡിയേഷന്‍ നിലവാരം പരിശോധിച്ച് മൊബൈല്‍ വാങ്ങുക, ഇത് ഫോണിലും മാനുവലിലും വെബ്സൈറ്റിലും രേഖപ്പെടുത്തുക, ഹെഡ്സെറ്റ് ഉപയോഗിക്കുക, ദൈര്‍ഘ്യംകുറഞ്ഞ കോളുകള്‍ ചെയ്യുക, എസ്എംഎസ് കൂടുതലായി ഉപയോഗിക്കുക, ആവശ്യത്തിന് റേഞ്ചുള്ളിടത്തുമാത്രം മൊബൈല്‍ ഉപയോഗിക്കുക, മൊബൈല്‍ ഉപയോഗത്തിന് തുറന്ന സ്ഥലം തെരഞ്ഞെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
(എം എസ് അശോകന്‍)

deshabhimani 020912

1 comment:

  1. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ മൊബൈല്‍ ഫോണും വിവര വിനിമയ മന്ത്രാലയം പുതുതായി നിര്‍ദേശിച്ച റേഡിയേഷന്‍പരിധിക്ക് മുകളിലുള്ളതെന്ന്റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ പുറപ്പെടുവിക്കുന്ന റേഡിയേഷന്‍പരിധി അമേരിക്കയിലേതിന് തുല്യമാക്കി നിജപ്പെടുത്തിയതോടെ കമ്പനികള്‍ ആ നിലവാരത്തില്‍ ഫോണ്‍ നിര്‍മിക്കേണ്ടിവരും.

    ReplyDelete