Sunday, September 2, 2012

രാജ് താക്കറെ ഭീഷണി: കോണ്‍ഗ്രസ് ഭസ്മാസുരന് വരം കൊടുക്കുന്നു


മഹാരാഷ്ട്രയില്‍ നിന്ന് ബിഹാറുകാരെ പുറത്താക്കണമെന്ന ശിവസേന അധ്യക്ഷന്‍ രാജ് താക്കറെയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ജന്മം കൊണ്ട് ബിഹാറുകാരായ താക്കറെയുടെ കുടുംബം മധ്യപ്രദേശിലെ ധറിലേക്കും അവിടെ നിന്ന്  പിന്നീട് മുംബൈയിലേക്കും ചേക്കേറിയവരാണെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തി. മുംബൈ നഗരം മത്സ്യത്തൊഴിലാളികളുടെ നഗരമായിരുന്നു തുടക്കത്തില്‍. അവിടെ ചേക്കേറിയവരാണ് ജനസംഖ്യയില്‍ ഇന്ന് മുക്കാല്‍ പേരുമെന്ന ചരിത്രം താക്കറെ മറക്കരുതെന്ന് ദിഗ്‌വിജയ് സിംഗ് ഓര്‍മ്മിപ്പിച്ചു.

ബിഹാര്‍ പൊലീസിനെ അറിയിക്കാതെ അവിടെ നിന്നും ഒരു യുവാവിനെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസിനെതിരെ ബിഹാര്‍ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് താക്കറെ ഈ ആവശ്യം ഉന്നയിച്ചത്.

സംസ്ഥാനങ്ങള്‍ തമ്മില്‍ ഭാഷയുടെ പേരില്‍ കലാപമുണ്ടാക്കിയ ചരിത്രമുള്ള ശിവസേന വീണ്ടും അത്തരമൊരു കലാപത്തിന് തിരികൊളുത്തുന്നതിനെതിരെ ജാഗരൂകരാകണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയും കേന്ദ്രവും ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന നിരുത്തരവാദപരമായ നിലപാടിനെതിരെ ബിഹാര്‍ ജനതാദള്‍ യു നേതാവ് ശിവാനന്ദ് തിവാരി പ്രതിഷേധിച്ചു. മുംബൈ ആസാദ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വച്ച് പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റുമെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് നടപ്പിലാക്കിയത് ശിവസേനയ്ക്ക് കോണ്‍ഗ്രസ് വഴിപ്പെട്ടു എന്നതിന്റെ തെളിവാണെന്ന് തിവാരി ചൂണ്ടിക്കാട്ടി.

പഞ്ചാബില്‍ വിഘടനവാദക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഭിദ്രന്‍വാലയെ ഉപയോഗിച്ച കോണ്‍ഗ്രസിന് പിന്നീട് ഭിദ്രന്‍വാല എങ്ങനെ ഭീഷണിയായോ അതുപോലെ രാജ്താക്കറെയും ഭീഷണിയാകുമെന്ന് തിവാരി പറഞ്ഞു. ഭസ്മാസുരനാണ് കോണ്‍ഗ്രസ് വരം കൊടുക്കുന്നതെന്ന് തിവാരി ഓര്‍മ്മിപ്പിച്ചു. ഭരണഘടനയ്ക്ക് ഉപരിയായി ചില ശക്തികളെയാണ് കോണ്‍ഗ്രസ് വളര്‍ത്തിക്കൊണ്ടു വരുന്നതെന്നും ഇത് രാജ്യത്തിന്റെ അഖണ്ഡതയെ ഇല്ലാതാക്കുമെന്നും തിവാരി താക്കീത് നല്‍കി.

janayugom 020912

1 comment:

  1. മഹാരാഷ്ട്രയില്‍ നിന്ന് ബിഹാറുകാരെ പുറത്താക്കണമെന്ന ശിവസേന അധ്യക്ഷന്‍ രാജ് താക്കറെയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ജന്മം കൊണ്ട് ബിഹാറുകാരായ താക്കറെയുടെ കുടുംബം മധ്യപ്രദേശിലെ ധറിലേക്കും അവിടെ നിന്ന് പിന്നീട് മുംബൈയിലേക്കും ചേക്കേറിയവരാണെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തി. മുംബൈ നഗരം മത്സ്യത്തൊഴിലാളികളുടെ നഗരമായിരുന്നു തുടക്കത്തില്‍. അവിടെ ചേക്കേറിയവരാണ് ജനസംഖ്യയില്‍ ഇന്ന് മുക്കാല്‍ പേരുമെന്ന ചരിത്രം താക്കറെ മറക്കരുതെന്ന് ദിഗ്‌വിജയ് സിംഗ് ഓര്‍മ്മിപ്പിച്ചു.

    ReplyDelete