Sunday, September 2, 2012

ഗ്യാസ് ടാങ്കറുകള്‍ കുതിക്കുന്നു; ഭീതിയൊഴിയാതെ തലശേരി


ചാല ദുരന്തത്തില്‍ നാടാകെ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അപകടം വഴിമാറിപ്പോയതിന്റെ ഓര്‍മയിലാണ് തലശേരി. കഴിഞ്ഞ വര്‍ഷം തലശേരി ടൗണില്‍ രണ്ടിടത്താണ് ടാങ്കര്‍ലോറി ദുരന്തം ഒഴിവായത്. മെയിന്‍റോഡില്‍ പിലാക്കൂലിലും എരഞ്ഞോളി പാലത്തിനടുത്തുമാണ് കഴിഞ്ഞവര്‍ഷം പാചകവാതകചോര്‍ച്ചയുണ്ടായത്. അപകടഭീതിയില്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു അന്ന് നാട്. തലശേരി മെയിന്‍റോഡില്‍ 2011 ഒക്ടോബര്‍ 19ന് രാത്രി പത്തരയോടെയായിരുന്നു ആദ്യത്തെ വാതകചോര്‍ച്ച. മംഗളൂരുവില്‍നിന്ന് ചേളാരിയിലെ പ്ലാന്റിലേക്ക് വാതകവുമായി പോവുന്ന ടാങ്കര്‍ലോറിയുടെ പ്രഷര്‍ ഗേജിലേക്കുള്ള പൈപ്പ് റോഡരികിലെ മരത്തില്‍ തട്ടി പൊട്ടിയായിരുന്നു അപകടം. പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് അന്ന് ചോര്‍ച്ച തടഞ്ഞത്.

എരഞ്ഞോളിപ്പാലത്തിനടുത്ത് 2011 ഡിസംബര്‍ 15ന് രാത്രി എട്ടരയോടെയുണ്ടായ ചോര്‍ച്ച ആദ്യത്തേതിലും ആശങ്കാജനകമായിരുന്നു. പാലത്തിന്റെ കമാനത്തോട് തട്ടി വാള്‍വ് പൊട്ടിയതാണ് ചോര്‍ച്ചക്കിടയാക്കിയത്. കോഴിക്കോട് മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള സ്ഥലങ്ങളിലെ അഗ്നിശമനസേനാ യൂണിറ്റുകളെ അന്ന് തലശേരിയിലെത്തിച്ചു. ജനങ്ങളുടെ ജാഗ്രതയും അഗ്നിശമനസേന നടത്തിയ രക്ഷാപ്രവര്‍ത്തനവുമാണ് രണ്ടുതവണയും കാര്യമായ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാവാതെ നാടിനെ രക്ഷിച്ചത്. ജനസാന്ദ്രതയുള്ള ഈ പ്രദേശങ്ങളില്‍ നേരിയ തീപ്പൊരിയില്‍ എല്ലാംകത്തിച്ചാമ്പലാകുമായിരുന്നു. ദേശീയപാതയിലൂടെ ഗ്യാസ്ടാങ്കറുകള്‍ ഒരു സുരക്ഷിതത്വവുമില്ലാതെയാണ് കടന്നുപോവുന്നതെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. തലശേരിയില്‍ രണ്ടിടത്ത് അപകടം നടന്നിട്ടും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. വാതകചോര്‍ച്ചയുണ്ടാവുമ്പോള്‍ കമ്പനിയില്‍നിന്ന് സാങ്കേതികവിദഗ്ധര്‍ എത്തുന്നതും കാത്തിരിക്കേണ്ട ഗതികേടിലാണ് ഫയര്‍ഫോഴ്സും പൊലീസും. ടാങ്കര്‍ലോറികള്‍ നഗരപ്രദേശത്തിന് അഞ്ച് കിലോമീറ്റര്‍ പുറത്തുകൂടി പോകണമെന്നാണ് നിയമമെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. നഗരത്തിലെ പ്രധാനിരത്തുകളിലൂടെയാണ് ടാങ്കര്‍ലോറികളും പോവുന്നത്.

deshabhimani 020912

1 comment:

  1. ചാല ദുരന്തത്തില്‍ നാടാകെ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അപകടം വഴിമാറിപ്പോയതിന്റെ ഓര്‍മയിലാണ് തലശേരി. കഴിഞ്ഞ വര്‍ഷം തലശേരി ടൗണില്‍ രണ്ടിടത്താണ് ടാങ്കര്‍ലോറി ദുരന്തം ഒഴിവായത്. മെയിന്‍റോഡില്‍ പിലാക്കൂലിലും എരഞ്ഞോളി പാലത്തിനടുത്തുമാണ് കഴിഞ്ഞവര്‍ഷം പാചകവാതകചോര്‍ച്ചയുണ്ടായത്. അപകടഭീതിയില്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു അന്ന് നാട്. തലശേരി മെയിന്‍റോഡില്‍ 2011 ഒക്ടോബര്‍ 19ന് രാത്രി പത്തരയോടെയായിരുന്നു ആദ്യത്തെ വാതകചോര്‍ച്ച. മംഗളൂരുവില്‍നിന്ന് ചേളാരിയിലെ പ്ലാന്റിലേക്ക് വാതകവുമായി പോവുന്ന ടാങ്കര്‍ലോറിയുടെ പ്രഷര്‍ ഗേജിലേക്കുള്ള പൈപ്പ് റോഡരികിലെ മരത്തില്‍ തട്ടി പൊട്ടിയായിരുന്നു അപകടം. പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് അന്ന് ചോര്‍ച്ച തടഞ്ഞത്.

    ReplyDelete