Monday, September 3, 2012
പാല്‍പ്പുഞ്ചിരികള്‍ മായുന്നു
സംസ്ഥാന ശിശുക്ഷേമസമിതിയില്‍നിന്നും കുഞ്ഞുങ്ങളെ ദത്തുനല്‍കുന്നതും നിലയ്ക്കുന്നു. സംസ്ഥാന ശിശുക്ഷേമസമിതി പിടിച്ചെടുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയകളിയാണ് നിരവധി ദമ്പതികളുടെ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. ഈവര്‍ഷം എട്ട് കുഞ്ഞുങ്ങളെ മാത്രമാണ് ദത്ത് നല്‍കിയത്. മുന്‍വര്‍ഷങ്ങളില്‍ ഇരുപത്തഞ്ചിലധികം കുഞ്ഞുങ്ങളെ തൈക്കാടുള്ള ശിശുക്ഷേമസമിതി ആസ്ഥാനത്തുനിന്നും ദത്തു നല്‍കിയിരുന്നു. സംസ്ഥാന ശിശുക്ഷേമസമിതി ഭരണസമിതി പിരിച്ചുവിട്ടതുകാരണം മൂന്നുമാസം സമിതിയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതിനിടയില്‍ ദത്തെടുക്കല്‍ കേന്ദ്രത്തിലെ നടപടിക്രമങ്ങളും നിലച്ചിരുന്നു. തുടര്‍ന്ന് സമിതിയുടെ പ്രവര്‍ത്തനം ഹൈക്കോടതി കലക്ടറെ ചുമതലപ്പെടുത്തിയെങ്കിലും സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സംവിധാനമായില്ല. കഴിഞ്ഞ വര്‍ഷം 29 കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമസമിതിയില്‍നിന്ന് ദത്തുനല്‍കിയത്. എന്നാല്‍, ഈ വര്‍ഷം എട്ടുപേരെയാണ് ഇതുവരെ കൈമാറിയത്. ഫെബ്രുവരിയില്‍ രണ്ടു കുഞ്ഞുങ്ങളെ ദമ്പതികള്‍ക്ക് കൈമാറിയെങ്കിലും അതിന്റെ നടപടിക്രമം മുന്‍വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കിയതാണ്. ആഗസ്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളെ ദത്തുനല്‍കിയത്. രണ്ട് പെണ്‍കുട്ടികളെയും മൂന്ന് ആണ്‍കുട്ടികളെയുമാണ് ദമ്പതികളെ ഏല്‍പ്പിച്ചത്. 2008 മുതല്‍ 2010 വരെ യഥാക്രമം 22, 25, 26 പേരെ ദത്തുനല്‍കിയിട്ടുണ്ട്.
അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമസമിതി ആസ്ഥാനമന്ദിരത്തില്‍ പാര്‍പ്പിച്ചിട്ടുള്ളത്. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ദത്തുനല്‍കുന്നത്. വഴിയിലും അമ്മത്തൊട്ടിലിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളാണ് സമിതിയിലെത്തുന്നത്. പൊലീസില്‍നിന്നും ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റും ജില്ലാ ശിശുക്ഷേമസമിതി അധികൃതരുടെ ദത്തുനല്‍കാനുള്ള അനുവാദവും ലഭിക്കണം. ഇതിനു ശേഷം രജിസ്റ്റര്‍ ചെയ്തവരില്‍നിന്നും മുന്‍ഗണനാക്രമത്തില്‍ ദമ്പതികളെ തെരഞ്ഞെടുത്ത് കുടുംബപശ്ചാത്തലവും മറ്റും വിശദമായി പഠിച്ച റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചതിനു ശേഷം കോടതിയാണ് ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറുന്നത്. നടപടികള്‍ നീണ്ടുപോകുന്നതു കാരണം അഞ്ചുവയസ്സ് പിന്നിട്ട കുട്ടികളെ ദത്ത് കൊടുക്കാന്‍ പ്രയാസമാണ്.
ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനം താളംതെറ്റിയ സമയങ്ങളില്‍ ദത്തെടുക്കല്‍ നടപടികള്‍ നടന്നിരുന്നില്ല. അതിനാല്‍ അഞ്ചുവയസ്സ് കഴിഞ്ഞവരെ പഠനത്തിനുള്ള സൗകര്യത്തിനും മറ്റുമായി സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേ ഹോമുകളിലേക്ക് മാറ്റി. കൂടാതെ, പ്രത്യേക പരിചരണം അര്‍ഹിക്കുന്ന കുട്ടികളുടെ സംരക്ഷണവും ദത്തെടുക്കല്‍ കേന്ദ്രമാണ് ഉറപ്പുവരുത്തുന്നത്. ഇത്തരം കുട്ടികളെ പ്രത്യേകമായി സംരക്ഷിക്കാനുള്ള ഇടങ്ങള്‍ കണ്ടെത്തേണ്ടതും സുരക്ഷ ഉറപ്പാക്കുകയും വേണം. ഇത്തരത്തില്‍ അഞ്ചുകുട്ടികളാണ് ഇപ്പോള്‍ സമിതി ആസ്ഥാനത്തുള്ളത്. ദത്തെടുക്കല്‍ കേന്ദ്രം എല്ലാ വര്‍ഷവും മുടങ്ങാതെ നടത്തുന്ന ദത്ത് സംഗമവും ഈ വര്‍ഷം നടന്നിട്ടില്ല. ജനുവരിയിലാണ് നിലവിലെ ജനറല്‍ സെക്രട്ടറിയെയും ഭരണസമിതിയെയും നിയമവിരുദ്ധമായി സര്‍ക്കാര്‍ പിരിച്ചുവിട്ടത്. തുടര്‍ന്ന് രണ്ടുപേരെ സമിതിയിലേക്ക് തിരുകിക്കയറ്റി. എന്നാല്‍, സര്‍ക്കാരിന്റെ ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്ത് സമിതിയുടെ ഭരണം കലക്ടറെ ഏല്‍പ്പിച്ചു. ഇതിനിടയില്‍ മൂന്നുമാസം ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനം താറുമാറായിരുന്നു. ഈ സമയം ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ണമായും നിലച്ചിരുന്നു. ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനം അനധികൃതമായി ഇടപെട്ട് താറുമാറാക്കിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ കുഞ്ഞുങ്ങളുടെ ജീവിതമാണ് ഇല്ലാതാക്കുന്നത്.
(സുപ്രിയ സുധാകര്‍)
deshabhimani 030912
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
സംസ്ഥാന ശിശുക്ഷേമസമിതിയില്‍നിന്നും കുഞ്ഞുങ്ങളെ ദത്തുനല്‍കുന്നതും നിലയ്ക്കുന്നു. സംസ്ഥാന ശിശുക്ഷേമസമിതി പിടിച്ചെടുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയകളിയാണ് നിരവധി ദമ്പതികളുടെ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയത്.
ReplyDelete