Monday, September 3, 2012

ദുരിതബാധിതരെ അധികൃതര്‍ കൈയൊഴിയുന്നു



ചാല ടാങ്കര്‍ ദുരന്തത്തിനിരയായവരെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും കൈയൊഴിയുന്നു. ഐഒസിയുടെ ഉദ്യോഗസ്ഥരാരും അപകടസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തം നടന്ന് ഒരാഴ്ചയായിട്ടും സ്ഥലം സന്ദര്‍ശിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രിയോ സഹമന്ത്രിയോ തയ്യാറായില്ല. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. 2009 ഡിസംബര്‍ 31ന് കരുനാഗപ്പള്ളിയിലുണ്ടായ ടാങ്കര്‍ ദുരന്തം എല്‍ഡിഎഫ് സര്‍ക്കാര്‍ കൈകാര്യംചെയ്ത രീതി ചാലയില്‍ മാതൃകയാക്കേണ്ടതായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം നിലയില്‍ പ്രഖ്യാപനം നടത്തിയതല്ലാതെ മന്ത്രിസഭ കൂട്ടായ തീരുമാനം കൈക്കൊണ്ടില്ല. അടിയന്തര മന്ത്രിസഭായോഗം വിളിച്ച് ദുരന്തം കൈകാര്യംചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

കരുനാഗപ്പള്ളി ദുരന്തം നടന്നയുടന്‍ എല്‍ഡിഎഫ് മന്ത്രിസഭായോഗം ചേര്‍ന്ന് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അന്നുതന്നെ ഐഒസിയുടെ ഡല്‍ഹി-മുംബൈ ഡയറക്ടര്‍മാര്‍, ചീഫ് സെക്രട്ടറി, തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാക്ക് ഓണേഴ്സ് പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഉന്നതതല യോഗവും നടത്തി. ഈ യോഗത്തിലാണ് ജനങ്ങളുടെ സുരക്ഷയ്ക്കാവശ്യമായ ക്രമീകരണങ്ങളും മാര്‍ഗരേഖയും ഉണ്ടാക്കിയത്. വാഹനത്തിന്റെ വേഗതാനിയന്ത്രണം, ഡ്രൈവര്‍മാരുടെ യോഗ്യത, ഒരു വണ്ടിയില്‍ ഒരേസമയം രണ്ട് ഡ്രൈവര്‍മാര്‍ എന്നിവ ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ ഐഒസി ഇത് പാലിച്ചില്ല. ചാലയില്‍ പൊട്ടിത്തെറിച്ച ടാങ്കറില്‍ ഒരു ഡ്രൈവറേ ഉണ്ടായിരുന്നുള്ളൂ. പയ്യന്നൂരിലും മട്ടന്നൂരിലും തലശേരിയിലും ചാലയിലും അടുത്തിടെ നടന്ന ടാങ്കര്‍ അപകടങ്ങളും ഐഒസി അവഗണിച്ചു. കേന്ദ്രത്തില്‍ ഇടപെട്ട് ഐഒസിയെക്കൊണ്ട് നടപടിയെടുപ്പിക്കേണ്ട സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ അലംഭാവം കാട്ടി. റോഡിലെ ഡിവൈഡറില്‍ കുറ്റം ചുമത്തി അത് പൊളിച്ചുമാറ്റിയ സര്‍ക്കാര്‍ ഐഒസിയെ ന്യായീകരിക്കുകയാണ്. അപകടം കൂടിയതിനാലാണ് ഇവിടെ ഡിവൈഡര്‍ സ്ഥാപിച്ചത്. എന്നാല്‍ റിഫ്ളക്ടര്‍ സ്ഥാപിച്ചില്ല. ദുരന്തത്തെതുടര്‍ന്ന് മുഴുവന്‍ അപകടത്തിനും കാരണം ഡിവൈഡറുകളാണെന്ന് സ്ഥാപിച്ച് പൊളിച്ചുമാറ്റുകയാണ്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, പൊലീസ് അന്വേഷണം മതിയെന്ന നിലപാടാണ് സര്‍ക്കാരിന്. ഇതില്‍നിന്നുതന്നെ സര്‍ക്കാര്‍-ഐഒസി ഒത്തുകളി വ്യക്തമാണ്.
(പി സുരേശന്‍)

deshabhimani 030912

No comments:

Post a Comment