Monday, September 3, 2012

വിദ്യാര്‍ഥിസമ്മേളനത്തിന് സാക്ഷിയാകാന്‍ ചരിത്ര നഗരമൊരുങ്ങി


മധുര: എസ്എഫ്ഐയുടെ 14-ാം അഖിലേന്ത്യാ സമ്മേളനം വന്‍ വിജയമാക്കാന്‍ ചരിത്രനഗരമായ മധുര ഒരുങ്ങി. തമിഴ്നാട്ടില്‍ എസ്എഫ്ഐ ആര്‍ജിച്ച കരുത്തിന്റെ വിളംബരമായി വന്‍ വിദ്യാര്‍ഥി റാലിയോടെ സെപ്തംബര്‍ നാലിനാരംഭിക്കുന്ന സമ്മേളനം ഏഴിന് സമാപിക്കും. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ സി പി ചന്ദ്രശേഖര്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും. സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന സിപിഐ എം നേതാവുമായ എന്‍ ശങ്കരയ്യ, എസ്എഫ്ഐ മുന്‍ ഭാരവാഹികള്‍കൂടിയായ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, ബിമന്‍ ബോസ് എന്നിവര്‍ സംബന്ധിക്കും. എസ്എഫ്ഐ പ്രസിഡന്റ് പി കെ ബിജു എംപി, ജനറല്‍ സെക്രട്ടറി റിതബ്രത മജുംദാര്‍ എന്നിവരടങ്ങിയ കേന്ദ്രകമ്മിറ്റി സമ്മേളനം നിയന്ത്രിക്കും. 23 സംസ്ഥാന ഘടകങ്ങളിലെ 40 ലക്ഷം അംഗങ്ങളെ പ്രതിനിധാനംചെയ്ത് 750 പ്രതിനിധികള്‍ പങ്കെടുക്കും. രക്തസാക്ഷികളായ സോമസുന്ദരത്തിന്റെയും ചെമ്പുലിംഗത്തിന്റെയും പേരാണ് സമ്മേളന നഗറിന്. പ്രഥമ പ്രസിഡന്റ് സി ഭാസ്കരന്റെയും പ്രഥമ ജനറല്‍ സെക്രട്ടറി സുഭാഷ്ചക്രവര്‍ത്തിയുടെയും പേരിലാണ് സമ്മേളനവേദി.

ഉന്നതവിദ്യാഭ്യാസമേഖലയുടെ വാണിജ്യവല്‍ക്കരണവും വിദേശ സര്‍വകലാശാലകളുടെ കടന്നുകയറ്റവും അടക്കം വിദ്യാഭ്യാസമേഖലയെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സര്‍വകലാശാലകളില്‍ ചരിത്രവിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടന 14-ാം ദേശീയ സമ്മേളനത്തിനൊരുങ്ങുന്നത്. അറുനൂറ് പേരടങ്ങിയ സംഘാടക സമിതി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജെ രാജ്മോഹന്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ വിവിധ കോളേജുകളില്‍ കലാ സാംസ്കാരിക, കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മനോന്‍മണിയം സുന്ദരനാര്‍ സര്‍വകലാശാലയ്ക്കു കീഴിലെ 50 കോളേജുകളില്‍നിന്ന് ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ "തൊടുവാനം" എന്നു പേരിട്ട സാംസ്കാരിക പരിപാടികളില്‍ പങ്കെടുത്തു. സംസ്ഥാനത്തെ കലാലയങ്ങളില്‍ വ്യാപകമാവുന്ന മദ്യാസക്തിക്കും മയക്കുമരുന്നുപയോഗത്തിനുമെതിരെ കഴിഞ്ഞ 19ന് സംഘടിപ്പിച്ച മിനി മാരത്തണില്‍ വന്‍ പങ്കാളിത്തമായിരുന്നു. മധുര നഗരത്തില്‍ ഫോട്ടോപ്രദര്‍ശനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും രാജ്മോഹന്‍ പറഞ്ഞു.

എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം: പതാകജാഥ തമിഴ്നാട്ടില്‍ പ്രവേശിച്ചു

പാലക്കാട്: എസ്എഫ്ഐ അഖിലേന്ത്യാസമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാകജാഥ പാലക്കാട് ജില്ലയിലെ ഉജ്വല സ്വീകരണത്തിനുശേഷം തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍ നേതൃത്വം നല്‍കുന്ന ജാഥ തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍വഴിയാണ് കോയമ്പത്തൂരിലേക്ക് പ്രവേശിച്ചത്. സിപിഐ എം കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറി രാമമൂര്‍ത്തി ജാഥാ ക്യാപ്റ്റനെ ഷാളണിയിച്ച് വരവേറ്റു. തമിഴ്നാട്ടിലെ സിപിഐ എം, എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരും സ്വീകരണത്തില്‍ സംബന്ധിച്ചു. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തിങ്കളാഴ്ച വൈകിട്ട് മധുരയിലെ സമ്മേളന നഗരിയിലെത്തും. നാലുമുതല്‍ മധുരയിലാണ് സമ്മേളനം.

ഞായറാഴ്ച രാവിലെ വാളയാര്‍ അട്ടപ്പള്ളത്ത് ജാഥയ്ക്ക് ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. കോരിച്ചൊരിയുന്ന മഴയത്തും വിദ്യാര്‍ഥികളും വര്‍ഗ-ബഹുജന സംഘടനാ നേതാക്കളുമടങ്ങുന്ന വന്‍ ജനാവലി ആവേശത്തോടെ ജാഥയെ വരവേറ്റു. സ്വീകരണയോഗം സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി വി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ ജോയന്റ് സെക്രട്ടറി എസ് സ്വരൂപ് അധ്യക്ഷനായി. ജാഥാക്യാപ്റ്റന്‍ വി ശിവദാസന്‍, സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് എന്നിവര്‍ സംസാരിച്ചു. സിപിഐ എം ലോക്കല്‍ സെക്രട്ടറി ജി വിജയന്‍ സ്വാഗതം പറഞ്ഞു. അട്ടപ്പള്ളത്തെ സ്വീകരണശേഷം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ വാളയാറെത്തിച്ചു. രക്തസാക്ഷി കെ വി സുധീഷിന്റെ സ്മൃതി മണ്ഡപത്തില്‍നിന്ന് വെള്ളിയാഴ്ച പ്രയാണം തുടങ്ങിയ ജാഥ ശനിയാഴ്ച രാവിലെയാണ് മണ്ണാര്‍ക്കാട് കരിങ്കല്ലത്താണിയില്‍വച്ച് പാലക്കാട്ടേക്ക് പ്രവേശിച്ചത്.


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എസ്എഫ്ഐക്ക് മുന്നേറ്റം: വി ശിവദാസന്‍

പാലക്കാട്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എസ്എഫ്ഐക്ക് വന്‍ മുന്നേറ്റമുണ്ടാക്കാനായതായി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു. എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥയ്ക്ക് വാളയാര്‍ അട്ടപ്പള്ളത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ശിവദാസന്‍. രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐ മികച്ച വിജയമാണ് കൈവരിച്ചത്. രാജസ്ഥാനിലെ ജയ്പൂര്‍, ഹിമാചലിലെ ഷിംല എന്നീ സര്‍വകലാശാലകളിലെ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐ വന്‍ വിജയമാണ് നേടിയത്. യുപിഎ സര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങളോട് കടുത്ത പ്രതിഷേധമുള്ളവര്‍ എസ്എഫ്ഐയില്‍ അണിനിരക്കുകയാണ്. പൊതുവിദ്യാഭ്യാസ മേഖല തകര്‍ത്ത് ഈ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങളെ തഴച്ചു വളരാന്‍ അവസരം ഒരുക്കുകയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍. രാജ്യത്തിന്റെ വിദ്യാഭ്യാസമേഖല പൂര്‍ണമായും സമ്പന്നര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. പൊതുവിദ്യാഭ്യാസത്തിനു വേണ്ടി ചെലവിടാന്‍ പണമില്ലെന്നു പറയുന്നവര്‍ കോടികളുടെ അഴിമതിയാണ് നടത്തുന്നതെന്നും ശിവദാസന്‍ പറഞ്ഞു.



deshabhimani 030912

1 comment:

  1. എസ്എഫ്ഐയുടെ 14-ാം അഖിലേന്ത്യാ സമ്മേളനം വന്‍ വിജയമാക്കാന്‍ ചരിത്രനഗരമായ മധുര ഒരുങ്ങി. തമിഴ്നാട്ടില്‍ എസ്എഫ്ഐ ആര്‍ജിച്ച കരുത്തിന്റെ വിളംബരമായി വന്‍ വിദ്യാര്‍ഥി റാലിയോടെ സെപ്തംബര്‍ നാലിനാരംഭിക്കുന്ന സമ്മേളനം ഏഴിന് സമാപിക്കും. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ സി പി ചന്ദ്രശേഖര്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും.

    ReplyDelete