Tuesday, September 4, 2012

രണ്ടാം മാറാട് കലാപത്തിലെ ലീഗ്-യുഡിഎഫ് പങ്ക് സിപിഐ എം കലക്ടറേറ്റ് മാര്‍ച്ച് എഴിന്


കോഴിക്കോട്: മുസ്ലിം ലീഗിന്റെ സമ്മര്‍ദവും രാജ്യദ്രോഹ-വര്‍ഗീയ ശക്തികളുമായി യുഡിഎഫിലെ ഉന്നതര്‍ക്കുള്ള ബന്ധവുമാണ് രണ്ടാം മാറാട് കലാപക്കേസിലെ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടാനിടയാക്കിയതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ എഴിന് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നും ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു.

കുട്ടക്കൊലക്ക് പിന്നില്‍ യുഡിഎഫ് സര്‍ക്കാരിലെ ഉന്നതര്‍ക്കുള്ള പങ്ക് പുറത്ത് വരുമെന്ന ഭയവും അന്വേഷണം അട്ടിമറിക്കപ്പെടാനിടയാക്കിയിട്ടുണ്ട്. കൂട്ടക്കൊലക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് നേരത്തെതന്നെ ജുഡീഷ്യല്‍ കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തില്‍ ഇപ്പോള്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതില്‍നിന്ന് വ്യക്തമാകുന്നത് കുട്ടക്കൊലക്കുത്തരവാദികളായ പ്രധാന പ്രതികളൊന്നും നിയമത്തിന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നാണ്. ഇത്രയും രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്. കൂട്ടക്കൊലക്ക് പിന്നിലെ പണസ്രോതസ്സ,് തീവ്രവാദികളുടെ വിദേശ ബന്ധം എന്നിവ സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന തോമസ് പി ജോസഫ് കമീഷന്റെ നിര്‍ദേശം അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം രണ്ട് തവണ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയ്യാറായില്ല. സംസ്ഥാനത്തെ ചില യുഡിഎഫ് ഉന്നതരുടെ ഇടപെടല്‍മൂലമാണ് സിബിഐ അന്വേഷണത്തിന് കേന്ദ്രം തയ്യാറാകാതിരുന്നത്. ഈ സാഹചര്യത്തിലാണ് മാറാട് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം ആരംഭിക്കുന്നത്.

ഇതിന്റെ തുടക്കമായി നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിലും തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികളിലും എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 030912

1 comment:

  1. മുസ്ലിം ലീഗിന്റെ സമ്മര്‍ദവും രാജ്യദ്രോഹ-വര്‍ഗീയ ശക്തികളുമായി യുഡിഎഫിലെ ഉന്നതര്‍ക്കുള്ള ബന്ധവുമാണ് രണ്ടാം മാറാട് കലാപക്കേസിലെ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടാനിടയാക്കിയതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ എഴിന് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നും ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു.

    ReplyDelete