Tuesday, September 4, 2012

ഗാര്‍ വൈകുമ്പോള്‍ നേട്ടം കോര്‍പറേറ്റുകള്‍ക്ക്


നികുതിവെട്ടിപ്പ് തടയുന്നതിനുള്ള പൊതു ഒഴിവാക്കല്‍ വിരുദ്ധനിയമം (ഗാര്‍) നടപ്പാക്കുന്നത് മൂന്നുവര്‍ഷത്തേക്ക് നീട്ടിയത് കോര്‍പറേറ്റുകളെ സഹായിക്കാന്‍. നികുതി സ്വര്‍ഗ രാഷ്ട്രങ്ങളായി വിശേഷിപ്പിക്കുന്ന മൗറീഷ്യസും മറ്റുമായി ഒപ്പിട്ട ഇരട്ടനികുതി ഒഴിവാക്കല്‍ കരാറനുസരിച്ചാണ് ഇന്ത്യയില്‍ വിദേശനിക്ഷേപകരെ സഹായിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമാണ് കരാര്‍ നടപ്പാക്കിയത്. മൗറീഷ്യസില്‍ നികുതി നല്‍കിയെന്ന പേരില്‍ വന്‍കിട വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നികുതി ഒഴിവാക്കുകയാണ്. ഈ നിക്ഷേപകര്‍ മൗറീഷ്യസുപോലുള്ള നികുതി സ്വര്‍ഗ രാഷ്ട്രങ്ങളിലും നികുതിയടയ്ക്കുന്നില്ലെന്നതാണ് വാസ്തവം. ഇതിനാലാണ് നികുതിവെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ഗാര്‍ ചട്ടങ്ങള്‍ അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന മൂലധനനേട്ടത്തിന് 15 ശതമാനം നികുതി ഏര്‍പ്പെടുത്താനും ഗാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഓഹരിച്ചൂതാട്ടം ഒഴിവാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

എന്നാല്‍, മുഖര്‍ജിയുടെ പുതിയ ചട്ടങ്ങള്‍ക്കെതിരെ കോര്‍പറേറ്റുകള്‍ വന്‍പ്രതിഷേധം ഉയര്‍ത്തി. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെത്തന്നെ ഇത് ദോഷമായി ബാധിക്കുമെന്ന് അവര്‍ വാദിച്ചു. അനധികൃത മാര്‍ഗങ്ങളിലൂടെ സ്വന്തം കീശ നിറയ്ക്കുകയാണ് രാഷ്ട്രത്തിന്റെ സാമ്പത്തികവളര്‍ച്ചയെന്നാണ് ഇവരുടെ വാദം. പ്രണബ് മുഖര്‍ജി ഇത് അംഗീകരിച്ചില്ലെങ്കിലും പ്രധാനമന്ത്രി അത് ശരിവച്ചു. മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപുറകെ പ്രധാനമന്ത്രി ധനവകുപ്പിന്റെ ചുമതലയേറ്റു. ധനമന്ത്രി എന്നനിലയില്‍ മന്‍മോഹന്‍സിങ്, പ്രണബ് മുഖര്‍ജി മുന്നോട്ടുവച്ച ഗാര്‍ ചട്ടങ്ങള്‍ പരിശോധിക്കുന്നതിന് സമിതിയെ ചുമതലപ്പെടുത്തി. അന്താരാഷ്ട്ര സാമ്പത്തി കബന്ധങ്ങള്‍ സംബന്ധിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ പാര്‍ഥസാരഥി ഷോമിന്റെ നേതൃത്വത്തിലാണ് സമിതിക്ക് രൂപംനല്‍കിയത്. കോര്‍പറേറ്റുകളുടെ കാര്യമായതിനാല്‍ ഒന്നരമാസംകൊണ്ടുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. വന്‍കിട നിക്ഷേപകരുടെ നികുതിവെട്ടിപ്പ് തടയാനുള്ള ഗാര്‍ചട്ടങ്ങള്‍ക്ക് ചരമക്കുറിപ്പെഴുതുന്ന കരടു റിപ്പോര്‍ട്ടാണ് പാര്‍ഥസാരഥി ഷോം മന്ത്രാലയത്തിന് നല്‍കിയത്.

ഗാര്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നത് മൂന്നുവര്‍ഷത്തേക്ക് നീട്ടുക, ചട്ടങ്ങള്‍ അംഗീകരിക്കുന്നതിന് ഹൈക്കോടതി ജഡ്ജി നേതൃത്വം നല്‍കുന്ന മൂന്നംഗ പാനലിന് രൂപംനല്‍കുക, മൊത്തം വരുമാനം പരിശോധിക്കാതെ നികുതിനേട്ടങ്ങള്‍മാത്രം പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമിതി നല്‍കിയത്. മൂന്നുകോടിയിലധികം നികുതിനേട്ടമുള്ള കമ്പനികളെമാത്രമേ ഗാര്‍ചട്ടങ്ങളുടെ പരിധിയില്‍ കൊണ്ടുവരാന്‍ പാടുള്ളൂവെന്നും സമിതി നിര്‍ദേശിക്കുന്നു. അതായത് 10 കോടി രൂപ മൂലധനമുള്ള കമ്പനികള്‍മാത്രമേ ഗാര്‍ചട്ടങ്ങളുടെ പരിധിയില്‍വരൂ.

ഏതായാലും ഷോം സമിതിയുടെ ശുപാര്‍ശ കോര്‍പറേറ്റുകളെ അതിരറ്റ് സന്തോഷിപ്പിച്ചു. ആവേശകരവും പുരോഗമനപരവുമാണ് ഈ നിര്‍ദേശങ്ങളെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് പ്രതികരിച്ചു. മൂന്നുവര്‍ഷത്തേക്ക് ഗാര്‍ചട്ടങ്ങള്‍ നടപ്പാക്കരുതെന്ന നിര്‍ദേശമാണ് അവര്‍ക്ക് ഏറെ സന്തോഷം നല്‍കിയത്. സാമ്പത്തികവളര്‍ച്ച നേടാന്‍ ഷോം സമിതി നിര്‍ദേശം നടപ്പാക്കണമെന്ന് "ഫിക്കി"യും പ്രതികരിച്ചു. നികുതി സ്വര്‍ഗങ്ങള്‍വഴി രാജ്യത്ത് നിക്ഷേപം നടത്തി കോടികള്‍ കൊയ്യുന്ന വന്‍കിട കമ്പനികള്‍ക്ക്&ാറമവെ;യഥേഷ്ടം വെട്ടിപ്പ് നടത്താനാണ് കോര്‍പറേറ്റ് അഭിഭാഷകന്‍കൂടിയായ ധനമന്ത്രി പി ചിദംബരം ഗാര്‍ചട്ടങ്ങള്‍ 2017-18 വര്‍ഷങ്ങളില്‍മാത്രമേ നടപ്പാക്കേണ്ടതുള്ളൂ എന്നു നിശ്ചയിച്ചത്.
(വി ബി പരമേശ്വരന്‍)

deshabhimani 030912

1 comment:

  1. നികുതിവെട്ടിപ്പ് തടയുന്നതിനുള്ള പൊതു ഒഴിവാക്കല്‍ വിരുദ്ധനിയമം (ഗാര്‍) നടപ്പാക്കുന്നത് മൂന്നുവര്‍ഷത്തേക്ക് നീട്ടിയത് കോര്‍പറേറ്റുകളെ സഹായിക്കാന്‍. നികുതി സ്വര്‍ഗ രാഷ്ട്രങ്ങളായി വിശേഷിപ്പിക്കുന്ന മൗറീഷ്യസും മറ്റുമായി ഒപ്പിട്ട ഇരട്ടനികുതി ഒഴിവാക്കല്‍ കരാറനുസരിച്ചാണ് ഇന്ത്യയില്‍ വിദേശനിക്ഷേപകരെ സഹായിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമാണ് കരാര്‍ നടപ്പാക്കിയത്. മൗറീഷ്യസില്‍ നികുതി നല്‍കിയെന്ന പേരില്‍ വന്‍കിട വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നികുതി ഒഴിവാക്കുകയാണ്. ഈ നിക്ഷേപകര്‍ മൗറീഷ്യസുപോലുള്ള നികുതി സ്വര്‍ഗ രാഷ്ട്രങ്ങളിലും നികുതിയടയ്ക്കുന്നില്ലെന്നതാണ് വാസ്തവം. ഇതിനാലാണ് നികുതിവെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ഗാര്‍ ചട്ടങ്ങള്‍ അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന മൂലധനനേട്ടത്തിന് 15 ശതമാനം നികുതി ഏര്‍പ്പെടുത്താനും ഗാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഓഹരിച്ചൂതാട്ടം ഒഴിവാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

    ReplyDelete