Saturday, September 8, 2012

വി എഫ് പി സി കെ എമര്‍ജിംഗ് കേരളക്ക്


കേരളത്തിലെ പഴം പച്ചക്കറി മാര്‍ക്കറ്റിലെ വില നിയന്ത്രണത്തിനും ഗുണനിലവാരം ഉറപ്പാക്കാനും ചുമതലപ്പെട്ട വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ (വി എഫ് പി സി കെ) പഴം പച്ചക്കറി കയറ്റുമതി എന്ന പദ്ധതിയുമായി എമര്‍ജിംഗ് കേരളക്കെത്തുന്നു.

കഴിഞ്ഞ കുറെ നാളുകളായി കുത്തഴിഞ്ഞ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വി എഫ് പി സി കെ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുപോകുന്നതോടെ നിലവില്‍ തീപിടിച്ച പഴം പച്ചക്കറി വിപണി സാധാരണക്കാരന് ചെന്നെത്തിനോക്കാന്‍ പോലും പറ്റാത്ത തരത്തിലാകും. പദ്ധതി നടത്തിപ്പിനായി മുന്നിട്ടിറങ്ങുകവഴി വി എഫ് പി സി കെ മുഖ്യഉത്തരവാദിത്വത്തില്‍ നിന്ന് വ്യതിചലിക്കുകയാണെന്ന് മുന്‍ കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

വിപണിയിലെ ചൂഷണം ചെയ്യാത്ത ഇടനിലക്കാരനായി പ്രവര്‍ത്തിക്കാനാണ് ഇത്തരം ഒരു ഏജന്‍സിയെ വിഭാവനം ചെയ്തത്. ഇതില്‍ നിന്ന് വഴിമാറി ലാഭക്കച്ചവടത്തിലേക്ക് നീങ്ങുന്നതോടെ വിപണിയില്‍ വിലനിയന്ത്രണം ഇല്ലാതാകുന്ന അവസ്ഥയാണുണ്ടാവുക.

പച്ചക്കറി കയറ്റുമതി ഇതാദ്യത്തെ സംഭവമെന്ന നിലയില്‍ വി എഫ് പി സി കെ അവതരിപ്പിക്കുമ്പോള്‍ നെടുമ്പാശ്ശേരി കേന്ദ്രമാക്കി കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് മികച്ച ശീതീകരണ സംവിധാനത്തോടുകൂടിയ ഒരു ഗോഡൗണ്‍ വിമാനത്താവളത്തില്‍ ആരംഭിച്ചിരുന്നു. കേന്ദ്രഹോര്‍ട്ടി കള്‍ച്ചറല്‍ മിഷനും വിമാനത്താവളവുമാണ് 10 കോടി രൂപ വീതം ഇതിനായി മുടക്കിയത്. കൂള്‍ സീസണില്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ പോലും സര്‍ക്കാര്‍ അന്ന് വിഭാവനം ചെയ്തിരുന്നു.

ഇത്തരം പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിഞ്ഞിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മുല്ലക്കര പറഞ്ഞു. ഇടുക്കി ജില്ലയിലെ വട്ടവടയിലും കാന്തല്ലൂരിലും ഉല്‍പ്പാദിപ്പിക്കുന്ന 35,000 ടണ്‍ ശീതകാല പച്ചക്കറി, തദ്ദേശീയമായ 260 ഓളം മാര്‍ക്കറ്റില്‍നിന്നു ലേലംചെയ്ത് സമാഹരിക്കുന്ന രണ്ടുലക്ഷം ടണ്‍ ഇതര പച്ചക്കറി, മൂന്നരലക്ഷം ടണ്‍ നേന്ത്രവാഴ, ചക്ക എന്നിവയാണ് വിഎഫ്പിസികെ കയറ്റുമതിചെയ്യാന്‍ ഒരുങ്ങുന്നത്.ഇത് ആവശ്യമുള്ള കയറ്റുമതിക്കാരെ തേടിയാണ് എമര്‍ജിങ് കേരളയില്‍ പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്.

'93ല്‍ കേരള ഹോര്‍ട്ടികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമായും 2001 മുതല്‍ വിഎഫ്പിസികെ എന്ന പേരിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിവഴി നേരത്തെ പച്ചക്കറി കയറ്റുമതിചെയ്തത് ഒരിക്കല്‍ മാത്രമാണ്. 2005-06ല്‍ പരീക്ഷണം എന്ന നിലയില്‍ ഒരുകോടി രൂപ വിലമതിക്കുന്ന 480 ടണ്‍ നാടന്‍പച്ചക്കറി കയറ്റുമതിചെയ്തു. നഷ്ടംവന്നതിനെത്തുടര്‍ന്ന് പിന്നീട് ഇത്തരം സംരംഭത്തിന് ഒരുങ്ങാതിരുന്ന ഏജന്‍സിക്ക് ഇപ്പോഴാണ് പുതിയ ഉള്‍വിളി ഉണ്ടായിട്ടുള്ളത്.

ഭൂരിപക്ഷം പച്ചക്കറിക്കും തമിഴ്‌നാടിനെയും കര്‍ണാടകത്തെയും ആശ്രയിക്കുന്ന കേരളത്തില്‍ തദ്ദേശിയ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ആവശ്യമാണുള്ളത്. ഇവയുടെ ലഭ്യതമൂലമാണ് അയല്‍സംസ്ഥാന ഉല്‍പ്പന്നങ്ങള്‍ക്ക് ക്രമാതീതമായി വില ഉയരാത്തതും. എന്നാല്‍ കേരളത്തിലെ പച്ചക്കറി കയറ്റുമതി ചെയ്യുന്നതോടെ ഇവിടെ ലഭ്യത കുറയുകയും ഇത് വരവുപച്ചക്കറിയുടെ വില ഗണ്യമായി ഉയര്‍ത്തുകയും ചെയ്യും.

നിലവില്‍തന്നെ പലയിനം പച്ചക്കറിയുടെയും വില താങ്ങാനാവാത്തതാണ്. കയറ്റുമതികൂടി വരുന്നതോടെ ഇത് പലമടങ്ങ് വര്‍ധിക്കും. അയല്‍സംസ്ഥാന ഉല്‍പ്പന്നങ്ങള്‍ എന്‍ഡോസള്‍ഫാനും ഇതര മാരകകീടനാശിനികളും ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്നതാണെന്ന് കേരളത്തില്‍ പരക്കെ ആശങ്ക നിലനില്‍ക്കുമ്പോള്‍ ആശ്വാസംപകരുന്നത് ജൈവകൃഷിവഴി ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ ഇനങ്ങളാണ്. എന്നാല്‍ ഇവ ഇനി സമ്പന്നനായ വിദേശിക്കു മാത്രം പ്രാപ്യമാക്കുന്ന അവസ്ഥ സംജാതമാക്കാനാണ് വി എഫ് പി സി കെ ശ്രമിക്കുന്നത്.കേരളത്തില്‍ കൂടുതല്‍ ഉല്‍പ്പാദനം നടക്കാത്ത സാഹചര്യത്തില്‍ അനാവശ്യമായ കയറ്റുമതി ഇവിടെ രൂക്ഷമായ ക്ഷാമവും. അതുവഴി വിലക്കയറ്റവും സൃഷ്ടിക്കുമെന്ന് മുന്‍ കാര്‍ഷിക ഉല്‍പ്പാദന കമ്മീഷണര്‍ ആര്‍ ഹേലി ചൂണ്ടിക്കാട്ടി.

ഇന്‍കെല്‍ ഭൂമാഫിയയുടെ പദ്ധതി പൊളിഞ്ഞു

സൈനിക തന്ത്രപ്രധാനമായ വേളിയില്‍ എമര്‍ജിംഗ് കേരളയുടെ മറവില്‍ ചാരത്താവളവും വ്യഭിചാരകേന്ദ്രവും മദ്യശാലകളും മയക്കുമരുന്നു വിപണിയും നഗ്നനൃത്തശാലകളും സ്ഥാപിക്കാനുള്ള ഇന്‍കെല്‍ എന്ന സൂപ്പര്‍ ഭൂമാഫിയയുടെ പദ്ധതി പൊളിഞ്ഞു.

ഇത്തരം ഒരു പദ്ധതി ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് ഇന്‍കെലിന്റെ ചെയര്‍മാന്‍ കൂടിയായ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ മാനേജിംഗ് ഡയറക്ടര്‍ ടി ബാലകൃഷ്ണനെ അറിയിച്ചു. വേളിയിലെ ഐ എസ് ആര്‍ ഒയുടെ ബഹിരാകാശ ഗവേഷണ കോംപ്ലക്‌സുകള്‍ക്കും തുമ്പയിലെ റോക്കറ്റ് വിക്ഷേപണത്തറകള്‍ക്കും സമീപം ദേശീയ സുരക്ഷയ്ക്കുതന്നെ വന്‍ ഭീഷണിയാകുന്ന ഈ താവളം സ്ഥാപിക്കുന്ന ദേശവിരുദ്ധ പദ്ധതി പുറത്തുകൊണ്ടുവന്നതു 'ജനയുഗ'മായിരുന്നു.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇത്തരമൊരു കേന്ദ്രം വേളിയില്‍ ഉയരുന്നതിന്റെ ആപത്തുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വൈകിട്ട് 5 മണിമുതല്‍ പുലരും വരെ നിശാകാലവിനോദ കേന്ദ്രമെന്നപേരില്‍ തായ്‌ലണ്ട്-ലാസ്‌വേഗാസ് മാതൃകയില്‍ പെണ്‍വാണിഭ കേന്ദ്രവും ഇതിന്റെ ഭാഗമായി തുടങ്ങുമെന്ന സൂചനകള്‍ ലഭിച്ചതോടെ വലിയവേളിയടക്കമുള്ള കടലോര മേഖലകളിലെ ജനങ്ങള്‍ സാംസ്‌കാരിക ജീര്‍ണതയ്ക്ക് വഴിമരുന്നിടുന്ന ഈ പദ്ധതിക്കെതിരെ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പ് സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് വിഭാഗവും നല്‍കിയതോടെ വിഷമവൃത്തത്തിലായ വ്യവസായമന്ത്രി ഈ പദ്ധതിയ്‌ക്കെതിരെ ചുവപ്പുകൊടി കാട്ടുകയായിരുന്നു.ഇതേത്തുടര്‍ന്ന് ഇന്‍കെലിന്റെ വെബ്‌സൈറ്റില്‍ നിന്ന് വേളി ചാരത്താവള പദ്ധതിയുടെ രൂപരേഖ അപ്രത്യക്ഷമായി.

'കേരകര്‍ഷകന് നല്ല നാളെയുണ്ട്; പക്ഷേ കരിക്ക് വില്‍ക്കരുത്'

കൊച്ചി: 'നാളികേരത്തിന്റെ നാട്ടില്‍ ഓരോ കേരകര്‍ഷകനും നല്ലൊരു നാളെയുണ്ട്' പുത്തന്‍പദ്ധതികളും അവസരങ്ങളുമായി ഒരു പുതിയ കേരളം ഉണരുന്നുവെന്ന് എമര്‍ജിംഗ് കേരളയ്ക്കായി പരസ്യംവന്ന ദിവസത്തില്‍തന്നെ കൊച്ചിനഗരത്തില്‍ കരിക്ക് കച്ചവടം നിരോധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ ഉത്തരവിറക്കി. 12 മുതല്‍ 14 വരെയാണ് നിരോധനം. കരിക്ക് കുടിച്ചശേഷം ബാക്കിയാവുന്ന തൊണ്ട് നഗരത്തിന്റെ സൗന്ദര്യമില്ലാതാക്കുമെന്ന കണ്ടുപിടിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിരോധനം.

നഗരത്തിന്റെ തെരുവോരങ്ങളില്‍ കരിക്ക് കച്ചവടം നടത്തുന്നവരില്‍ ഭൂരിഭാഗത്തിനും അന്നന്നത്തെ അന്നത്തിനുള്ള വഴി കണ്ടെത്താന്‍ മറ്റുമാര്‍ഗങ്ങളില്ലെന്ന് അറിയാത്തയാളല്ല കൊച്ചി മേയര്‍. ഇന്ത്യയില്‍ ദരിദ്രരില്ലെന്ന് കണ്ടെത്തിയ, 20 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണെന്ന് വിശ്വസിക്കുന്ന പ്രധാനമന്ത്രി കൊച്ചിയിലൂടെ സഞ്ചരിക്കുമ്പോള്‍ മുഷിഞ്ഞവേഷത്തില്‍ കരിക്ക് കച്ചവടം നടത്തുന്നവരെ കാണേണ്ടതില്ലെന്ന ധാര്‍ഷ്ട്യമാണ് നിരോധനത്തിനുപിന്നിലെന്ന് കരിക്ക് കച്ചവടക്കാര്‍ പറയുന്നു.

''കരിക്ക് കച്ചവടം നടത്തുന്ന ഞങ്ങള്‍ തൊണ്ട് ചാക്കുകളിലാക്കിവയ്ക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേഷന്‍ വണ്ടികളില്‍ ഇവ സംസ്‌കരണത്തിനായി കൊണ്ടുപോകും. നാല് ദിവസങ്ങളില്‍ കരിക്ക് കച്ചവടം നടന്നില്ലെങ്കില്‍ വീട് പട്ടിണിയാവും'' കരിക്ക് കച്ചവടക്കാരനായ ആന്റണി പറയുന്നു. കരിക്ക് കച്ചവടക്കാര്‍ മാത്രമല്ല കേരളം വളരുന്നതിന് തടസംനില്‍ക്കുന്നത്. കൊച്ചിയിലെ തട്ടുകടക്കാരും ഈ ദിവസങ്ങളില്‍ കച്ചവടം നടത്തേണ്ടെന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം. എമര്‍ജിംഗ് കേരളയിലെ പദ്ധതികളിലൊന്നിലും പങ്കാളിത്തമില്ലാത്ത കൊച്ചി നഗരസഭ വന്‍മാറ്റത്തിനായി എന്തെങ്കിലും ചെയ്യേണ്ടേയെന്ന ആശങ്കയില്‍നിന്നാണ് ഇത്തരം തീരുമാനങ്ങളെന്ന് പ്രതിപക്ഷമടക്കമുള്ളവര്‍ പറയുന്നു.

janayugom 080912

1 comment:

  1. കേരളത്തിലെ പഴം പച്ചക്കറി മാര്‍ക്കറ്റിലെ വില നിയന്ത്രണത്തിനും ഗുണനിലവാരം ഉറപ്പാക്കാനും ചുമതലപ്പെട്ട വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ (വി എഫ് പി സി കെ) പഴം പച്ചക്കറി കയറ്റുമതി എന്ന പദ്ധതിയുമായി എമര്‍ജിംഗ് കേരളക്കെത്തുന്നു.

    ReplyDelete