Saturday, September 8, 2012
പണവും പദ്ധതിയുമില്ല; തദ്ദേശ ഭരണം നിലച്ചു
പണവും പദ്ധതികളുമില്ലാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശസ്ഥാപന ഭരണം പൂര്‍ണസ്തംഭനത്തില്‍. സാമ്പത്തികവര്‍ഷം അഞ്ചുമാസം പിന്നിട്ടിട്ടും തദ്ദേശസ്ഥാനങ്ങളുടെ പദ്ധതിപണത്തില്‍ ആദ്യഗഡുപോലും പൂര്‍ണമായി വിതരണംചെയ്തിട്ടില്ല. സര്‍ക്കാരിന്റെ പരിഷ്കാരങ്ങള്‍മൂലം പദ്ധതികള്‍ അനിശ്ചിതമായി വൈകുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന്, കാര്‍ഷികമേഖലയിലടക്കം വികസനപ്രവര്‍ത്തനങ്ങളും മുടങ്ങി. ട്രഷറിയില്‍ പണമില്ലാത്തതിനാലാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി പണം കൈമാറത്തതെന്ന് അറിയുന്നു.
പത്തു ഗഡുവായാണ് പ്ലാന്‍ഫണ്ട് നല്‍കേണ്ടത്. ഇതില്‍ ആദ്യഗഡു മെയില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍, ഇത്തവണ ആഗസ്ത് 15നു ശേഷമാണ് ആദ്യഗഡു അനുവദിച്ചത്. ഇതിന്റെ വിതരണംപോലും വിവിധ ജില്ലകളില്‍ പൂര്‍ത്തിയായിട്ടില്ല. അതില്‍ത്തന്നെ, പത്തിലൊന്നു തുക പിടിച്ചുവച്ചാണ് അനുവദിക്കുന്നത്. കിട്ടിയ പണം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍മൂലം പദ്ധതിക്ക് അംഗീകാരം നേടാന്‍ കഴിയാത്തതാണ് കാരണം. എന്നാല്‍, മുന്‍ വര്‍ഷം ഫണ്ട് വിനിയോഗം പൂര്‍ണമായി വിനിയോഗിക്കുകയും പണത്തിന്റെ കുറവുകൊണ്ട് പ്രവൃത്തികള്‍ മാറ്റിവയ്ക്കയുംചെയ്ത പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കാന്‍ കഴിയും. അങ്കണവാടികള്‍ക്ക് പോഷകാഹാര വിതരണം അടക്കമുള്ള അത്യാവശ്യകാര്യങ്ങള്‍ക്കും ഈ ഫണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞേനെ.
തദ്ദേശസ്ഥാപനങ്ങള്‍ക്കും പഞ്ചവത്സരപദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ കൊണ്ടുവന്ന നിബന്ധനകളാണ് വിനയായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കൃത്യമായ പ്രോജക്ടുകളും അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതിനിര്‍ദേശങ്ങളും സമര്‍പ്പിച്ചാലേ പദ്ധതിക്ക് അംഗീകാരം ലഭിക്കൂ. ഇത് തയ്യാറാക്കുന്നതിലെ കാലതാമസം ഭരണം സ്തംഭിക്കാന്‍ ഇടയാക്കി. സബ്സിഡി സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വൈകിയതും ഭരണം അനിശ്ചിതത്വത്തിലാക്കി. കാര്‍ഷിക പ്രവൃത്തികളും ഭവനിര്‍മാണവും അങ്കണവാടികളിലെ പോഷകാഹാര വിതരണവും അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. വിളപ്രയോഗത്തിലും ഇടവിള കൃഷിയിലും തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുണ്ടാകാത്തത് സംസ്ഥാനത്തെ കാര്‍ഷികമേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം സംബന്ധിച്ച് ജൂണ്‍ 15നാണ് സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചത്. എന്നാല്‍, സബ്സിഡി മാര്‍ഗനിര്‍ദേശങ്ങള്‍ ഇറങ്ങാത്തതും കൂടുതല്‍ അനിശ്ചിതത്വത്തിനിടയാക്കി. തദ്ദേശസ്ഥാപനങ്ങളെ വെട്ടിമുറിച്ച സര്‍ക്കാര്‍ നടപടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനിശ്ചിതമായി വൈകാന്‍ കാരണമായത്. അനിശ്ചിതത്വങ്ങള്‍മൂലം പഞ്ചായത്തുകളില്‍ വികസന സെമിനാറുകള്‍പോലും ഇപ്പോഴാണ് തുടങ്ങുന്നത്. പദ്ധതി സമര്‍പ്പണത്തിനൊപ്പം നല്‍കേണ്ട ഫോറങ്ങള്‍ സര്‍ക്കാര്‍ അച്ചടിച്ചു നല്‍കിയിട്ടില്ല. പദ്ധതികളുടെ കോഡുകളും തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന്, പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍മസമിതികള്‍. സാങ്കേതിക ഉപദേശകസമിതികളുടെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
(ആര്‍ സാംബന്‍)
ഫോറം നല്‍കാതെ സര്‍ക്കാര്‍ പഞ്ചായത്തുകളെ വലയ്ക്കുന്നു
ആലപ്പുഴ: വെള്ളിയാഴ്ച സമര്‍പ്പിക്കേണ്ട "തദ്ദേശസ്ഥാപന പദ്ധതി"കളോടൊപ്പം പൂരിപ്പിച്ചു നല്‍കേണ്ട ഫോമുകള്‍ സര്‍ക്കാര്‍ വ്യാഴാഴ്ചയും വിതരണം ചെയ്തില്ല. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനിച്ച തീയതിയില്‍ സംസ്ഥാനത്ത് ഒരു പഞ്ചായത്തിനും പദ്ധതി സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി. പദ്ധതി തയ്യാറാക്കാനായി കഴിഞ്ഞ രണ്ടു ദിവസം പഞ്ചായത്തുകളിലെത്തിയ കര്‍മസമിതി ഭാരവാഹികള്‍ ഫോം കിട്ടാതെ മടങ്ങി.സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍, പുതിയ പ്രോജക്ടുകള്‍, ബഹുവര്‍ഷ പ്രോജക്ടുകള്‍ എന്നിവ പൂരിപ്പിക്കേണ്ട ഫോമുകളാണ് വിതരണം ചെയ്യാത്തത്. ഇവ എന്നു നല്‍കാനാകുമെന്ന് ആസൂത്രണ സമിതി അധികൃതര്‍ക്കു പോലും തിട്ടവുമില്ല.
വിവിധ പദ്ധതികള്‍ക്ക് അനുവദിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വൈകിയതും പദ്ധതി രൂപീകരണത്തെ താളംതെറ്റിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചുള്ള തീയതികളില്‍ വികസന സെമിനാറും പഞ്ചായത്ത് സമിതിയും ചേര്‍ന്ന് പദ്ധതി നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിച്ചശേഷമാണ് ഇളവുകളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി തദ്ദേശവകുപ്പ് വിജ്ഞാപനം ഇറക്കിയത്. പദ്ധതികളും ഇനി ഇതനുസരിച്ച് മാറ്റേണ്ടി വരും. പദ്ധതികള്‍ കമ്പ്യൂട്ടറില്‍ ചേര്‍ക്കേണ്ട സോഫ്റ്റ്വെയറും ഇതുവരെ തയ്യാറായിട്ടില്ല. തദ്ദേശഭരണ വകുപ്പിന്റെ ഈ അനാസ്ഥ പദ്ധതികളുടെ അംഗീകാരവും നടത്തിപ്പും വൈകിപ്പിക്കും. ജൂണ്‍ 23ന് സര്‍ക്കാര്‍ നല്‍കിയ പദ്ധതി മാര്‍ഗനിര്‍ദേശത്തില്‍ സെപ്തംബര്‍ ഏഴിനകം രണ്ട് വര്‍ഷ പദ്ധതിരേഖ പൂര്‍ണ പ്രോജക്ടുകള്‍ അടക്കം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ സമയപരിധി കഴിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. പഞ്ചായത്തുകള്‍ ബഹുഭൂരിപക്ഷവും ഗ്രാമസഭകളും വികസന സെമിനാറും പൂര്‍ത്തീകരിച്ചു. പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പദ്ധതി തയ്യാറാക്കാനുള്ള ഒരുക്കങ്ങളിലാണ്. ഫോം ലഭിക്കാത്തതിനാല്‍ പദ്ധതി രൂപീകരണം ഇനിയും വൈകും.
പദ്ധതികളുടെ പ്രായോഗികതയും സാങ്കേതികതയും പരിശോധിക്കാനുള്ള ബ്ലോക്കുതല സാങ്കേതിക സമിതികളെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിനാല്‍ ഇനി ആ ചുമതല നിര്‍വഹിക്കേണ്ടത് ബ്ലോക്കിലെ ഉദ്യോഗസ്ഥരാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികള്‍ തയ്യാറാക്കേണ്ടതും ഈ ഉദ്യോഗസ്ഥര്‍ തന്നെയാണ്. വിവിധ പഞ്ചായത്തുകളുടെ പദ്ധതികളെല്ലാം കൂടി ഒരുമിച്ച് എത്തുന്നതും പരിശോധനയ്ക്കും അംഗീകാരത്തിനും കാലതാമസം ഉണ്ടാക്കും. നൂലാമാലകള്‍ എല്ലാം കടന്ന് പദ്ധതിക്ക് അംഗീകാരം വാങ്ങി കഴിഞ്ഞാല്‍ അവ നടപ്പാക്കാന്‍ അഞ്ചുമാസം പോലും കിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍ പി സ്നേഹജന്‍ പറഞ്ഞു.
(ഡി ദിലീപ്)
deshabhimani 080912
Subscribe to:
Post Comments (Atom)
പണവും പദ്ധതികളുമില്ലാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശസ്ഥാപന ഭരണം പൂര്‍ണസ്തംഭനത്തില്‍. സാമ്പത്തികവര്‍ഷം അഞ്ചുമാസം പിന്നിട്ടിട്ടും തദ്ദേശസ്ഥാനങ്ങളുടെ പദ്ധതിപണത്തില്‍ ആദ്യഗഡുപോലും പൂര്‍ണമായി വിതരണംചെയ്തിട്ടില്ല. സര്‍ക്കാരിന്റെ പരിഷ്കാരങ്ങള്‍മൂലം പദ്ധതികള്‍ അനിശ്ചിതമായി വൈകുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന്, കാര്‍ഷികമേഖലയിലടക്കം വികസനപ്രവര്‍ത്തനങ്ങളും മുടങ്ങി. ട്രഷറിയില്‍ പണമില്ലാത്തതിനാലാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി പണം കൈമാറത്തതെന്ന് അറിയുന്നു.
ReplyDelete