ചട്ടവിരുദ്ധമായി സമാഹരിച്ചുവെന്ന് തെളിഞ്ഞ പണം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പത്രപരസ്യങ്ങളിലൂടെ സഹാറ ഗ്രൂപ്പിന്റെ പ്രചാരണം. 15 ശതമാനം പലിശയടക്കം 24,400 കോടിരൂപ നിക്ഷേപകര്‍ക്ക് മടക്കിനല്‍കണമെന്ന വിധിക്കെതിരെയാണ് പ്രചാരണം. കോടതിവിധി സഹാറയെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയൊരു തുക കണ്ടെത്തണമെന്നതിന് പുറമെ ഓഹരി ഉടമകളുടെയും നിക്ഷേപകരുടെയും വിശ്വാസം ഇടിയുമെന്ന പ്രശ്നവുമുണ്ട്. കമ്പനിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് നിക്ഷേപകരുടെയും മറ്റും വിശ്വാസം നിലനിര്‍ത്താന്‍, കമ്പനിക്ക് പ്രതിസന്ധിയൊന്നുമില്ലെന്ന് വിശദീകരിച്ച് ദേശീയമാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. വിവിധ ദേശീയ മാധ്യമങ്ങളില്‍ സഹാറയുടേതായി പ്രത്യക്ഷപ്പെട്ട മുഴുവന്‍ പേജ് പരസ്യത്തില്‍ സെബി, റിസര്‍വ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സുപ്രീംകോടതിയെ നേരിട്ട് കുറ്റപ്പെടുത്തുന്നില്ലെങ്കിലും തെറ്റിദ്ധരിപ്പിക്കലില്‍ ആദരണീയരായ ജഡ്ജിമാര്‍ പെട്ടുപോയെന്ന പരാമര്‍ശമുണ്ട്.
സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളായ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷന്‍ എന്നിവയോടാണ് പലിശയടക്കം 24,400 കോടിരൂപ തിരിച്ചടയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. മൂന്നുമാസത്തിനകം പണം തിരിച്ചുനല്‍കണമെന്ന് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ജെ എസ് കീഹാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിയില്‍ നിര്‍ദേശിച്ചു. 2008 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കമ്പനി നിയമവ്യവസ്ഥകള്‍ ലംഘിച്ച് 2.96 കോടി നിക്ഷേപകരില്‍നിന്ന് സഹാറ കമ്പനികള്‍ 24,029 കോടിരൂപ സമാഹരിക്കുകയായിരുന്നു. വ്യവസ്ഥ ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് 15 ശതമാനം പലിശയടക്കം പണം തിരിച്ചുനല്‍കാനുള്ള നിര്‍ദേശം. സഹാറ കമ്പനികളിലേക്ക് ഒഴുകിയ നിക്ഷേപത്തില്‍ ബിനാമി പണമുണ്ടെന്ന സംശയവും കോടതി പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ നിക്ഷേപങ്ങളുടെയും സ്രോതസ്സ് വെളിപ്പെടുത്താനും കോടതി നിര്‍ദേശിച്ചു. പത്തുദിവസത്തിനകം സെബിക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കണം.
എന്നാല്‍, നിയമപ്രകാരമുള്ള എല്ലാ അനുമതിയും ലഭിച്ച ശേഷമാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പണസമാഹരണം നടത്തിയതെന്ന് കമ്പനി വിശദീകരിക്കുന്നു. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല. സഹാറ ഏറ്റവും വിശ്വസനീയ സ്ഥാപനമാണ്. തിരിച്ചടവില്‍ 33 വര്‍ഷമായി ഒരു പരാതിയും വന്നിട്ടില്ല. സഹാറയുടെ അഭൂതപൂര്‍വമായ വളര്‍ച്ച ചിലര്‍ക്ക് സഹിക്കാനാകുന്നില്ല. വിവിധ അധികാരകേന്ദ്രങ്ങളില്‍നിന്ന് പലവട്ടം തിരിച്ചടി നേരിട്ടിട്ടുണ്ട്. ആദായനികുതി വകുപ്പും റിസര്‍വ് ബാങ്കുമൊക്കെ പല വിധത്തില്‍ ബുദ്ധിമുട്ടിച്ചു. സുപ്രീംകോടതി ജഡ്ജിമാരെ കുറ്റപ്പെടുത്താന്‍ തങ്ങള്‍ മുതിരുന്നില്ല. എന്നാല്‍, വസ്തുതകള്‍ കോടതി മുമ്പാകെ എത്തിച്ചതില്‍ പിശക് സംഭവിച്ചിട്ടുണ്ട്. വസ്തുതകള്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കപ്പെട്ടതിനാലാണ് ഇത്തരം തീര്‍പ്പിലേക്ക് എത്തിച്ചേര്‍ന്നത്. ഒരു തരത്തിലുള്ള ബിനാമി പണവും കമ്പനിയിലില്ല. 18 ലക്ഷം കുടുംബങ്ങള്‍ക്ക് ജീവനോപാധി നല്‍കുന്ന സ്ഥാപനമാണിത്-സഹാറ പരസ്യത്തില്‍ പറഞ്ഞു.
deshabhimani 020912
No comments:
Post a Comment