Sunday, September 2, 2012

വേങ്ങരയിലെ സര്‍ക്കാര്‍ കോളേജ് ലീഗ് ട്രസ്റ്റിന് തന്നെ


സര്‍ക്കാര്‍ മലപ്പുറം ജില്ലയില്‍ വേങ്ങര മണ്ഡലത്തില്‍ അനുവദിച്ച കോളേജ് ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന് കൈമാറാന്‍ ധാരണയായി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കോളേജാണ് സ്വകാര്യ ട്രസ്റ്റുകളുണ്ടാക്കി എയ്ഡഡ് സ്ഥാപനങ്ങളാക്കി മാറ്റുന്നത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രത്യേക താല്‍പ്പര്യമെടുത്താണ് കോളേജ് എയ്ഡഡ് മേഖലയിലേക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകും. മണ്ഡലത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ കോളേജ് തുടങ്ങാന്‍ ഭൂമിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തടിയൂരുന്നത്. എന്നാല്‍, ലീഗിന്റെ സമ്മര്‍ദമാണ് ഇതിനുപിന്നിലെന്ന് വ്യക്തം.

കോളേജ് സര്‍ക്കാര്‍ മേഖലയില്‍ സാധ്യമാകില്ലെന്ന് തീരുമാനമെടുക്കുന്നതിന് മുമ്പുതന്നെ കോളേജ് നടത്തിപ്പിനായി വേങ്ങരയില്‍ ലീഗ് പ്രാദേശിക നേതാക്കള്‍ ഭാരവാഹികളായി മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചുകഴിഞ്ഞു. ലീഗ് ഊരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മന്‍സൂര്‍കോയ തങ്ങള്‍, വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം എം കുട്ടിമൗലവി എന്നിവരാണ് ട്രസ്റ്റിന്റെ തലപ്പത്ത്. 15 അംഗ കമ്മിറ്റിയില്‍ ലീഗ് യൂത്ത് ലീഗ് നേതാക്കളുമുണ്ട്. ലീഗ് വേങ്ങര മണ്ഡലം സെക്രട്ടറി പുല്ലാണി സെയ്ദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി ബീരാവുണ്ണി എന്നിവരാണ് ട്രസ്റ്റിലെ മറ്റ് പ്രമുഖര്‍. ജ്വല്ലറി ഉടമയും ലീഗ് അനുഭാവിയുമായ വ്യവസായിയും ട്രസ്റ്റ് അംഗമാണ്. ഊരകം പുള്ളിക്കല്ലില്‍ കോളേജ് പണിയാന്‍ ട്രസ്റ്റ് 13 ഏക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കോളേജ് ലീഗ് ട്രസ്റ്റിന് കൈമാറാന്‍ നേരത്തെ ധാരണയായിരുന്നു. എയ്ഡഡ് സ്കൂള്‍ വിവാദം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. കോളേജ് എയ്ഡഡ് മേഖലയില്‍ തുടങ്ങാനുള്ള അണിയറനീക്കം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്നതായാണ് അറിവ്. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാകും. സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങേണ്ട കോളേജ് എയ്ഡഡ് മേഖലയിലേക്ക് മാറ്റുന്നത് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. കുറഞ്ഞ ചെലവില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരമാണ് ലീഗ് ഇടപെടല്‍ മൂലം ഇല്ലാതാകുന്നത്.

ചേരിപ്പോരില്‍ തകര്‍ന്നത് മലപ്പുറത്തിന്റെ സ്വപ്നപദ്ധതി

മലപ്പുറം: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണത്തിന് തുരങ്കംവച്ചത് യുഡിഎഫിലെ പടലപ്പിണക്കം. വകുപ്പ് മന്ത്രിയും ലീഗ് നേതാക്കളും തമ്മിലുള്ള പോര് മൂലം ടെന്‍ഡര്‍ ക്ഷണിക്കല്‍ വരെയെത്തിയ ടെര്‍മിനല്‍ ഇല്ലാതായതോടെ കെഎസ്ആര്‍ടിസിക്കും ലക്ഷങ്ങളുടെ നഷ്ടമാണ് വന്നിരിക്കുന്നത്. 11 നിലയില്‍ ആരംഭിക്കാനിരുന്ന സ്വപ്നപദ്ധതി ആറ് നിലയുള്ള ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാന്‍ഡായി ചുരുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആര്യാടന്‍ മുഹമ്മദ് ഗതാഗത വകുപ്പിന്റെ ചുമതലയേറ്റതോടെയാണ് ടെര്‍മിനല്‍ നിര്‍മാണം മന്ദഗതിയിലായത് എന്നാണ് ലീഗ് നേതാക്കളുടെ വാദം. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നും കഴിഞ്ഞ സര്‍ക്കാര്‍ വിഭാവനംചെയ്ത ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ലീഗ് എംഎല്‍എയടക്കമുള്ളവര്‍ ഒന്നും ചെയ്തില്ലെന്ന് കോണ്‍ഗ്രസുകാരും കുറ്റപ്പെടുത്തുന്നു. സ്വപ്നപദ്ധതി അവതാളത്തിലാക്കിയതിനെതിരെ ഉയരുന്ന ജനരോഷത്തില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് ലീഗും കോണ്‍ഗ്രസും നടത്തുന്നത്. ജില്ലാ ആസ്ഥാനത്തിനുപോലും നല്‍കാത്ത സൗകര്യങ്ങള്‍ നിലമ്പൂരിലേക്ക് കൊണ്ടുപോകുന്നുവെന്ന ആരോപണവും മുന്നണിയില്‍ പടരുന്നുണ്ട്. ഗതാഗത മന്ത്രിയുടെ ഈ നടപടിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കും അമര്‍ഷമുണ്ട്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ജില്ലയിലുള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് ടെര്‍മിനലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിരവധി ഉന്നതതല യോഗങ്ങളും മറ്റും ഇതിനായി ചേര്‍ന്നിരുന്നു. ടെന്‍ഡര്‍ ക്ഷണിക്കലും രൂപരേഖ തയ്യാറാക്കലുമടക്കം ലക്ഷക്കണക്കിന് രൂപയാണ് പ്രാരംഭഘട്ടത്തില്‍തന്നെ ചെലവഴിച്ചത്. പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ ഈ നടപടികളെല്ലാം വിണ്ടും ആസൂത്രണം ചെയ്യേണ്ടതായി വരും. വന്‍ സാമ്പത്തിക നഷ്ടമാണ് ഇത് സര്‍ക്കാരിന് വരുത്തിവയ്ക്കുക. കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് പുതിയ രൂപരേഖ തയ്യാറാക്കിയത്. മന്ത്രിയുടെ ഉപദേശ പ്രകാരമാണ് ആറു നിലയുണ്ടാകുമെന്ന് ഉറപ്പുനല്‍കിയ ബസ് സ്റ്റാന്‍ഡ് മൂന്നുനിലയായി ചുരുക്കാന്‍ നിര്‍ദേശിച്ചതെന്നാണ് വിവരം. മൂന്ന് നിലയുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാനാണ് ശ്രമമെങ്കില്‍ അംഗീകരിക്കില്ലെന്നാണ് ജനപ്രതിനിധികളടക്കമുള്ളവരുടെ നിലപാട്.
 
ആഭ്യന്തര വകുപ്പിന്റെ അനാസ്ഥ കോടികളുടെ വാഹനങ്ങളും യന്ത്രസാമഗ്രികളും തുരുമ്പെടുക്കുന്നു

കട്ടപ്പന: ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളും യന്ത്രസാമഗ്രികളും നശിക്കുന്നു. പൊലീസ് പരിശോധനയില്‍ പിടിച്ചെടുത്ത് സ്റ്റേഷന്‍ വളപ്പില്‍ കുട്ടിയിട്ടിരിക്കുന്ന സാധനങ്ങളാണ് നശിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് പിടിച്ചെടുത്ത വാഹനങ്ങളും നടപടികള്‍ പൂര്‍ത്തിയാക്കാതെ തുരുമ്പെടുക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്നതാണ് വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ കഴിയാത്തതിന്റെ ന്യായീകരണമായി പറയുന്നത്.

കോടതിയില്‍ കേസിന്റെ ചാര്‍ജ് ഷീറ്റ് നല്‍കിയാല്‍ ബോണ്ട് കെട്ടി വാഹനം ഇറക്കാം എന്ന ഉത്തരവ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം അട്ടിമറിക്കുകയാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ്.

വണ്ടന്‍മേട് പൊലീസ് സ്റ്റേഷനില്‍ മാത്രം കോടിക്കണക്കിന് വിലയുള്ള വാഹനങ്ങളും യന്ത്രസാമഗ്രികളുമാണ് കുട്ടിയിട്ടിരിക്കുന്നത്. അനധികൃത മണല്‍കടത്തിയ ടിപ്പര്‍ ലോറിയടക്കമുള്ള വാഹനങ്ങളും മണല്‍ വാരാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങളുമാണ് ഇവിടെക്കിടന്ന് തുരുമ്പെടുക്കുന്നത്. യഥാസമയം ചാര്‍ജ് ഷീറ്റ് കോടതിയില്‍ നല്‍കി ഉടമസ്ഥര്‍ക്ക് വാഹനം ബോണ്ട് കെട്ടിയിറക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കാന്‍ പൊലീസിനും സാധിക്കുന്നില്ല. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതും കാത്ത് ഇരിക്കുകയാണ് പൊലീസ് . എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കും. കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്ന വണ്ടികള്‍ ലേലത്തില്‍ വയ്ക്കാനും അധികൃതര്‍ അനാസ്ഥ കാണിക്കുന്നുണ്ട്. എന്നാല്‍ എക്സൈസ് വകുപ്പിലും വനംവകുപ്പിലും പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ബോണ്ട് കെട്ടിയിറക്കാനും ലേലത്തില്‍ പിടിക്കാനും സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട.് ആഭ്യന്തര വകുപ്പില്‍ മാത്രമാണ് ഇത് നടപ്പിലാക്കാത്തത്.

deshabhimani 020912

1 comment:


  1. സര്‍ക്കാര്‍ മലപ്പുറം ജില്ലയില്‍ വേങ്ങര മണ്ഡലത്തില്‍ അനുവദിച്ച കോളേജ് ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന് കൈമാറാന്‍ ധാരണയായി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കോളേജാണ് സ്വകാര്യ ട്രസ്റ്റുകളുണ്ടാക്കി എയ്ഡഡ് സ്ഥാപനങ്ങളാക്കി മാറ്റുന്നത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രത്യേക താല്‍പ്പര്യമെടുത്താണ് കോളേജ് എയ്ഡഡ് മേഖലയിലേക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകും. മണ്ഡലത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ കോളേജ് തുടങ്ങാന്‍ ഭൂമിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തടിയൂരുന്നത്. എന്നാല്‍, ലീഗിന്റെ സമ്മര്‍ദമാണ് ഇതിനുപിന്നിലെന്ന് വ്യക്തം.

    ReplyDelete