Sunday, September 2, 2012

ആര്‍എസ്എസുകാര്‍ ഗുരുമന്ദിരം ആക്രമിച്ചു


ഹരിപ്പാട്: ഗുരുമന്ദിരത്തിന് നേരെ ആര്‍എസ്എസ് ആക്രമണം. ഗാനമേള സംഘത്തെ മര്‍ദിച്ചു. താമല്ലാക്കല്‍ ഗുരുമന്ദിരത്തിലാണ് സംഭവം. ഗുരുമന്ദിരത്തിന്റെ മുന്‍വശം ഗ്ലാസ് അടിച്ചുതകര്‍ത്തു. വ്യാഴാഴ്ച രാത്രി 12ന് ചതയദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് ആര്‍എസ്എസിന്റെ ഗണഗീതം പാടിയില്ലെന്നാരോപിച്ച് വടിവാളും ഇരുമ്പുവടിയുമായി എത്തിയ ആറംഗസംഘം അക്രമം നടത്തിയത്. തിരുവനന്തപുരം വെള്ളറട സ്വരധാര ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഗിത്താറിസ്റ്റ് ജോര്‍ജ് (41)നെ ഹരിപ്പാട് താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ സജയന്‍ (42), ശ്രുതി (22), അരവിന്ദ് (32) എന്നിവരും താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

ഗണഗീതം പാടണമെന്ന് ആര്‍എസ്എസ് സംഘം ആവശ്യപ്പെട്ടു. കമ്മിറ്റിക്കാരുടെ അനുവാദമില്ലാതെ പാടാന്‍ കഴിയില്ലെന്ന് ഗാനമേളട്രൂപ്പിലെ അംഗങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് തിരികെപോയ സംഘം മാരകായുധങ്ങളുമായി എത്തി സ്റ്റേജില്‍ ചാടിക്കയറി ട്രൂപ്പിലെ അംഗങ്ങളെ ആക്രമിക്കുകയായിരുന്നു. വിരണ്ടോടിയ സ്ത്രീകളടക്കമുള്ളവരെ പിന്നാലെയെത്തി മര്‍ദിച്ചു. തുടര്‍ന്ന് സ്റ്റേജില്‍ കയറിയ സംഘം ഗാനമേള ട്രൂപ്പിന്റെ സൗണ്ട് സിസ്റ്റം, മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് അടക്കം അടിച്ചുതകര്‍ത്തു. സ്റ്റേജില്‍ ഉണ്ടായിരുന്ന നിരവധി കസേരകളും തകര്‍ത്തു. ഗുരുമന്ദിരത്തിന് മുന്‍വശം നിലവിളക്ക് കത്തിക്കുന്നതിനായി സ്ഥാപിച്ചിരുന്ന കണ്ണാടിക്കൂട് അക്രമികള്‍ അടിച്ചുതകര്‍ത്തു. ഗാനമേള ട്രൂപ്പിന് ആറുലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഹരിപ്പാട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ താമല്ലാക്കല്‍ വെട്ടുത്തറ തെക്കതില്‍ സുരാജ് (28), കുന്നേല്‍ പ്രദീപ് (25), സംഗീതാലയത്തില്‍ സന്ദീപ് (28), സഹോദരന്‍ വിഷ്ണു (22) എന്നിവരെ അറസ്റ്റുചെയ്തു. ഗുരുമന്ദിരത്തിനെതിരെയും പരിപാടി അലങ്കോലപ്പെടുത്താനും നടന്ന ആര്‍എസ്എസ് ക്വട്ടേഷന്‍ ആക്രമണത്തിനെതിരെ എസ്എന്‍ഡിപി താമല്ലാക്കല്‍ ശാഖായോഗം കമ്മിറ്റി പ്രതിഷേധിച്ചു.

ഓണാഘോഷം അലങ്കോലമാക്കിയ അക്രമികള്‍ക്ക് പൊലീസ് ഒത്താശ

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മാവേലി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ഓണാഘോഷപരിപാടികള്‍ അലങ്കോലമാക്കുകയും ഭാരവാഹികളെയും നാട്ടുകാരെയും ആക്രമിക്കുകയും ചെയ്ത കേസില്‍ പൊലീസ് പ്രതികള്‍ക്ക് ഒത്താശചെയ്യുന്നു. തിരുവോണദിവസം രാത്രിയിലാണ് ആര്‍എസ്എസ്-ബിജെപി അക്രമിസംഘം ക്ലബിന്റെ പരിപാടിസ്ഥലത്ത് അഴിഞ്ഞാടിയത്. പന്തലിലെ ട്യൂബ്ലൈറ്റുകളും നൂറോളം കസേരകളും അടിച്ചുതകര്‍ത്ത സംഘം പരിപാടി കാണാനെത്തിയവരെ മാരാകായുധങ്ങള്‍കാട്ടി വിരട്ടിയോടിക്കുകയും ചെയ്തു. ഓട്ടത്തിനിടയില്‍ വീണ് പലര്‍ക്കും പരിക്കുപറ്റി. 40,000ലേറെ രൂപയുടെ നഷ്ടം ക്ലബിന് സംഭവിച്ചു. ക്ലബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവദിവസം പൊലീസ് എത്തിയെങ്കിലും പിന്നീട് അന്വേഷണം കാര്യക്ഷമമാക്കിയില്ല. പ്രദേശത്ത് സൈ്വരവിഹാരം നടത്തുന്ന പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. പ്രശ്നം ഒത്തുതീര്‍പ്പാക്കണമെന്നാണ് പൊലീസ് ആവശ്യം. ഇതേസമയം ആക്രമണത്തിനു നേതൃത്വം നല്‍കിയ ഒരാളുടെ വീട് ആക്രമിച്ചെന്ന പേരില്‍ കള്ളക്കേസുണ്ടാക്കി ക്ലബ് ഭാരവാഹികളുടെ വീടുകള്‍ കയറിയിറങ്ങുകയാണ് പൊലീസ്.

ഓണാഘോഷപരിപാടി അലങ്കോലമാക്കുകയും ആക്രമണം നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് വിവിധ രാഷ്ട്രീയപാര്‍ടികളുടെയും ക്ലബിന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വെള്ളിയാഴ്ച ആര്‍എസ്എസ്-ബിജെപി പ്രതിഷേധയോഗത്തിനുശേഷം വൈകിട്ട് പ്രദേശത്ത് വ്യാപകമായി സിപിഐ എം, ഡിവൈഎഫ്ഐ കൊടിയും കൊടിമരങ്ങളും നശിപ്പിച്ചു. റാണി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന കൊടിയും കൊടിമരവും തകര്‍ത്തു. വളവനാട് ലോക്കല്‍ കമ്മിറ്റി പ്രദേശത്ത് ലെപ്രസി ജങ്ഷനില്‍ ബെന്നി സ്മാരക കൊടിമരം തകര്‍ത്തു. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികള്‍ നശിപ്പിക്കുകയും ചെയ്തു. ക്ലബിന്റെ ഓണാഘോഷപരിപാടികള്‍ അലങ്കോലമാക്കുകയും സിപിഐ എം-ഡിവൈഎഫ്ഐ കൊടിയും കൊടിമരവും നശിപ്പിക്കുകയും ചെയ്തതില്‍ സിപിഐ എം കലവൂര്‍, വളവനാട് ലോക്കല്‍ കമ്മിറ്റികള്‍ പ്രതിഷേധിച്ചു.

ഉന്നതതല അന്വേഷണം വേണം: സിപിഐ എം

മാവേലിക്കര: ഡിവൈഎഫ്ഐ ചെട്ടികുളങ്ങര ഈരേഴ വടക്ക് യൂണിറ്റ് പ്രസിഡന്റ് ഈരേഴ വടക്ക് നടുവിലേത്ത് പടീറ്റതില്‍ ബിന്‍സ് ജേക്കബ് കുര്യന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സിപിഐ എം ഭരണിക്കാവ് ഏരിയസെക്രട്ടറി കെ എച്ച് ബാബുജാന്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച കാണാതായ ബിന്‍സിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഈരേഴ വടക്ക് കാട്ടുവള്ളില്‍ ക്ഷേത്രക്കുളത്തില്‍ പൊങ്ങുകയായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന ഈ സ്ഥലം ആര്‍എസ്എസ് താവളവുമാണ്. ഇവിടെ കുളിക്കുന്നതിനോ മറ്റോ പോകാന്‍ ഒരു സാധ്യതയുമില്ല. മൃതശരീരത്തില്‍ മുഖത്തും കണ്ണിനുമുകളിലൂം പരുക്കുകള്‍ കാണാനുണ്ട്. നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ബിന്‍സ് ഡിവൈഎഫ്ഐയില്‍ ചേര്‍ന്നതിനുശേഷം പലതവണ ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മരണത്തിലുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ശരിയായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. അതിനായി പൊലീസ് ഉന്നതതല അന്വേഷണം നടത്താന്‍ തയാറാവണം. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ ഭരണിക്കാവ് ഏരിയപ്രസിഡന്റ് അനീഷ് കെ ബാബു സെക്രട്ടറി വി സുകു എന്നിവരും ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ആക്രമണം: തടിയൂരില്‍ വന്‍പ്രതിഷേധം

ഇരവിപേരൂര്‍: സിപിഐ എം തെള്ളിയൂര്‍ ലോക്കല്‍ സെക്രട്ടറി ദീപു എം ടോമിന്റെ വീടാക്രമിച്ചതിലും തെള്ളിയൂര്‍ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ്- ബിജെപി ക്രിമിനലുകള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചും സിപിഐ എം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ തടിയൂരില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി. യോഗം ജില്ലാസെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. ഏരിയസെക്രട്ടറി ജി അജയകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ രാജു എബ്രഹാം എംഎല്‍എ, അഡ്വ. ആര്‍ സനല്‍കുമാര്‍, സിഐടിയു മല്ലപ്പളളി ഏരിയസെക്രട്ടറി കെ കെ സുകുമാരന്‍, കെ ജെ ഹരികുമാര്‍, എം ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. നാളുകളായി പ്രദേശത്ത്ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുന്ന ആര്‍എസ്എസ്-ബിജെപി നടപടിയില്‍ യോഗം പ്രതിഷേധിച്ചു. യോഗത്തിന് മുന്നോടിയായി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനവും നടത്തി.


മതഗ്രന്ഥപ്രചാരണം നടത്തിയ സംഘാംഗത്തെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചു

ചേര്‍ത്തല: മതഗ്രന്ഥ പ്രചാരണത്തിനെത്തിയ അധ്യാപകര്‍ ഉള്‍പെട്ട സംഘത്തിലെ ഒരാളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് മര്‍ദിച്ചു. മലപ്പുറം സ്വദേശി മുഹമ്മദുകുട്ടി (52)ക്കാണ് മര്‍ദനമേറ്റത്. ശനിയാഴ്ച ഉച്ചയോടെ അരീപ്പറമ്പിലാണ് സംഭവം. മഞ്ചേരി സ്ട്രെയ്റ്റ് വാത്ത് ഖുറാന്‍ എഡ്യൂക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന ഖുറാന്‍ വ്യാഖ്യാനം പ്രചരിപ്പിക്കുന്നതിനിടെയാണ് ആക്രമണം.

മുഹമ്മദുകുട്ടിയും സംഘവും അരീപ്പറമ്പിലെ ബേക്കറിയില്‍ ചായ കുടിക്കുന്നതിനിടെ സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ ബേക്കറിയില്‍ കയറി വളഞ്ഞിട്ട് പൊതിരെ തല്ലി. നിലത്തുവീണപ്പോള്‍ ചവിട്ടി. വായില്‍ നിന്ന് ചോര വാര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപെട്ടു. ലഘുലേഖയും മറ്റും സൂക്ഷിച്ച ഇയാളുടെ ബാഗ് അക്രമികള്‍ കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയ അര്‍ത്തുങ്കല്‍ പൊലീസ് കണ്ടാല്‍ അറിയുന്ന നാലുപേരെ പ്രതികളാക്കികേസെടുത്തു. മലപ്പുറം ആനക്കയം ഡബ്ല്യുഎംഎല്‍പി സ്കൂള്‍ പ്രഥമാധ്യാപകന്‍ റഷീദ് അലി (45), മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ് അധ്യാപകര്‍ അബ്ദുള്‍ ലത്തീഫ് (51), മുഹമ്മദ് അഷറഫ് (39), അര്‍ഷാദ് (35) എന്നിവരും ഗ്രന്ഥപ്രചാരക സംഘത്തിലുണ്ടായിരുന്നു. ഓണാവധി പ്രമാണിച്ചാണ് ആലപ്പുഴ ജില്ലയില്‍ എത്തിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.


deshabhimani 020912

1 comment:

  1. ഗുരുമന്ദിരത്തിന് നേരെ ആര്‍എസ്എസ് ആക്രമണം. ഗാനമേള സംഘത്തെ മര്‍ദിച്ചു. താമല്ലാക്കല്‍ ഗുരുമന്ദിരത്തിലാണ് സംഭവം. ഗുരുമന്ദിരത്തിന്റെ മുന്‍വശം ഗ്ലാസ് അടിച്ചുതകര്‍ത്തു. വ്യാഴാഴ്ച രാത്രി 12ന് ചതയദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് ആര്‍എസ്എസിന്റെ ഗണഗീതം പാടിയില്ലെന്നാരോപിച്ച് വടിവാളും ഇരുമ്പുവടിയുമായി എത്തിയ ആറംഗസംഘം അക്രമം നടത്തിയത്.

    ReplyDelete