Thursday, September 20, 2012

രാജ്യത്താകെ പ്രതിഷേധം; അലഹബാദിലും പട്നയിലും ട്രെയിന്‍ തടഞ്ഞു


ഡീസല്‍ വില വര്‍ധനവിനും സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനുമെതിരെ രാജ്യത്താടെ ശക്തമായ പ്രതിഷേധം. യുപിഎ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ഇന്ധന വില വര്‍ധനവിനെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച രാവിലെ അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. പട്നയില്‍ ബിജെപി പ്രവര്‍ത്തകരും ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തി. അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നാല് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദിപാര്‍ടി, ടിഡിപി, ജെഡിഎസ്, ബിജെഡി എന്നീ കക്ഷികളുമാണ് പ്രതിഷേധത്തിനും ഹര്‍ത്താലിനും ആഹ്വാനംചെയ്തത്. ട്രേഡ് യൂണിയനുകളും കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി-യുവജനങ്ങളും മഹിളാസംഘടനകളും പ്രതിഷേധത്തില്‍ അണിചേരുമെന്ന് പ്രഖ്യാപിച്ചു. യുപിഎ ഘടകകക്ഷിയായ ഡിഎംകെയും അവരുടെ ട്രേഡ്യൂണിയന്‍ സംഘടനകളും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനംചെയ്തത് ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുടെ പ്രക്ഷോഭത്തിന് ശക്തി പകരും. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും ഹര്‍ത്താലിന് പ്രത്യേകമായി ആഹ്വാനംചെയ്തിട്ടുണ്ട്. അഞ്ച് കോടി വരുന്ന വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കും. പതിനായിരം വ്യാപാര അസോസിയേഷനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. 75 ലക്ഷം ട്രക്കുകളും വ്യാഴാഴ്ച നിരത്തിലിറങ്ങില്ല.

ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, എസ്പി നേതാവ് രാംഗോപാല്‍ യാദവ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഈ നേതാക്കള്‍ അറസ്റ്റ് വരിക്കും. ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധദിനം ബന്ദാകും. എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളായ ബിഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം ജനജീവിതത്തെ സ്തംഭിപ്പിക്കും. ഡല്‍ഹിയില്‍ ആദ്യമായി സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടതുപക്ഷ പാര്‍ടികള്‍ എല്ലാ സംസ്ഥാനങ്ങളിലും ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്. കഴിഞ്ഞ 15ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയതിനാല്‍ ഇവിടെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തും.

deshabhimani news

1 comment:

  1. ഡീസല്‍ വില വര്‍ധനവിനും സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനുമെതിരെ രാജ്യത്താടെ ശക്തമായ പ്രതിഷേധം. യുപിഎ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ഇന്ധന വില വര്‍ധനവിനെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച രാവിലെ അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. പട്നയില്‍ ബിജെപി പ്രവര്‍ത്തകരും ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തി. അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    ReplyDelete