Thursday, September 20, 2012

എണ്ണക്കമ്പനിയും ടാങ്കര്‍ ഉടമകളും ഒത്തുകളിക്കുന്നു


പാചകവാതക ക്ഷാമം തുടരുന്നു

കൊച്ചി: ഐഒസിയുടെ ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും ബുള്ളറ്റ് ടാങ്കറുകളുടെ നിസ്സഹകരണം അവസാനിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പാചകവാതകക്ഷാമം വരുംദിവസങ്ങളിലും രൂക്ഷമായി തുടരും. എല്‍പിജി ചോര്‍ന്നതിനെത്തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ട ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം പൂര്‍വസ്ഥിതിയിലാകാന്‍ ആഴ്ചകള്‍ വേണ്ടിവരും. ബുള്ളറ്റ്ടാങ്കര്‍ സമരം തുടര്‍ന്നാല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം അപ്പാടെ നിര്‍ത്തേണ്ട അവസ്ഥയിലാണ് കൊച്ചി റിഫൈനറി. ബുള്ളറ്റ് ടാങ്കറുകളുടെ ഓട്ടം നിലച്ചത് ഐഒസിയെയും എച്ച്പിസിയെയുമാണ് കാര്യമായി ബാധിച്ചത്. ചാലാ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടാങ്കര്‍പരിശോധന കര്‍ശനമാക്കിയതോടെയാണ് ടാങ്കറുകള്‍ സര്‍വീസ് നിര്‍ത്തിയത്.

സംസ്ഥാനത്തെ എല്‍പിജി വിതരണത്തിന്റെ വലിയ ഭാഗം കൈകാര്യം ചെയ്യുന്നത് ഐഒസിയാണ്. 35 ലക്ഷത്തോളം കണക്ഷനാണുള്ളത്. മൊത്തം എല്‍പിജി കണക്ഷന്റെ 58 ശതമാനത്തോളം വരും. ഉദയംപേരൂര്‍ പ്ലാന്റ് കഴിഞ്ഞ 14 മുതല്‍ അടച്ചിട്ടപ്പോള്‍തന്നെ എറണാകുളം, കോട്ടയം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിതരണം താറുമാറായി. ഐഒസിയുടെ കോഴിക്കോട്, കൊല്ലം, ഉദയംപേരൂര്‍ പ്ലാന്റുകളിലേക്ക് ടാങ്കറിലാണ് എല്‍പിജി എത്തുന്നത്. ഇവിടേക്ക് അമ്പലമുകളില്‍നിന്ന് എല്‍പിജി എത്തിക്കാന്‍കഴിഞ്ഞാലും മംഗളൂരുവില്‍ നിന്നും എത്തേണ്ട ലോഡുകള്‍ ഡ്രൈവര്‍മാരുടെ നിസ്സഹകരണംമൂലം എത്തിക്കാനാവില്ല. ഐഒസിയുടെ ആകെ ആവശ്യത്തിന്റെ 40 ശതമാനം എല്‍പിജി മാത്രമാണ് കൊച്ചി റിഫൈനറി നല്‍കുന്നത്. ബാക്കി മംഗളൂരുവില്‍നിന്നാണെത്തുന്നത്. ബുധനാഴ്ച വീണ്ടും പ്രവര്‍ത്തനമാരംഭിച്ച ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം സാധാരണ നിലയിലാക്കാന്‍ അവധിദിവസവും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള ആലോചനയിലാണ് മാനേജ്മെന്റ്. 140 ലോഡ് സിലിന്‍ഡറാണ് പ്രതിദിനം ഇവിടെനിന്ന് വിവിധ ജില്ലകളിലേക്കു പോയിരുന്നത്. എന്നാല്‍ ബുള്ളറ്റ് ടാങ്കര്‍ നിസ്സഹകരണം തുടര്‍ന്നാല്‍ ക്ഷാമം രൂക്ഷമായി തുടരും.

എച്ച്പിസിയുടെ പാലക്കാട്, ഇരുമ്പനം പ്ലാന്റുകളില്‍ ഇരുമ്പനത്തു മാത്രമാണ് സാധാരണ നിലയില്‍ പ്രവര്‍ത്തനം നടക്കുന്നത്. റിഫൈനറിയില്‍നിന്ന് പൈപ്പ്മാര്‍ഗം എല്‍പിജി എത്തുന്നതുകൊണ്ടാണ് ബുള്ളറ്റ് ടാങ്കര്‍ സമരം ഇരുമ്പനം പ്ലാന്റിനെ ബാധിക്കാതിരുന്നത്. എന്നാല്‍ കൊച്ചിയില്‍നിന്നും മംഗളൂരുവില്‍നിന്നും ടാങ്കറില്‍ എല്‍പിജി എത്തിക്കേണ്ട പാലക്കാട് പ്ലാന്റില്‍ പ്രവര്‍ത്തനം നാമമാത്രമാണ്. ടാങ്കര്‍സമരം തുടര്‍ന്നാല്‍ വൈകാതെ അടച്ചിടേണ്ട സ്ഥിതിയാണ്. ഇരുമ്പനത്ത് അധികസമയ ബോട്ടിലിങ് നടക്കുന്നുണ്ടെങ്കിലും വടക്കന്‍ജില്ലകളിലെ എച്ച്പിസി ഉപയോക്താക്കള്‍ വലയും. ടാങ്കറുകളുടെ നിസ്സഹകരണംമൂലം എല്‍പിജി സ്റ്റോക് നീക്കാത്തതാണ് കൊച്ചി റിഫൈനറിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിലവില്‍ പൈപ്പ്വഴിയുള്ള നീക്കം മാത്രമാണ് നടക്കുന്നത്. 1500 ടണ്ണോളം പ്രതിദിനം നീക്കേണ്ട സ്ഥാനത്ത് 900 ടണ്ണോളമാണ് കഴിഞ്ഞദിവസങ്ങളില്‍ നീക്കാനായത്. 10,000 ടണ്‍ എല്‍പിജി സംഭരിക്കാനുള്ള ശേഷിയാണുള്ളത്. അത് കഴിഞ്ഞു. ഐഒസിയുടെയും എച്ച്പിസിയുടെയും പ്ലാന്റുകളിലേക്കുള്ള നീക്കം സുഗമമായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പ്ലാന്റുകളാകെ അടച്ചിടേണ്ടിവരും.

എണ്ണക്കമ്പനിയും ടാങ്കര്‍ ഉടമകളും ഒത്തുകളിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായതിനു പിന്നില്‍ എണ്ണക്കമ്പനികളും ബുള്ളറ്റ് ടാങ്കര്‍ ഉടമകളും ചേര്‍ന്നുള്ള ഒത്തുകളി. ടാങ്കറുകള്‍ എല്‍പിജി നീക്കത്തില്‍നിന്ന് പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, അന്തര്‍സംസ്ഥാന എല്‍പിജി നീക്കത്തിന്റെ മറവില്‍ ടാങ്കര്‍ലോറി ഉടമാസംഘവും എണ്ണക്കമ്പനികളും നടത്തുന്ന കൊള്ളയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നില്‍.

അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന എല്‍പിജിയെക്കൂടി ആശ്രയിച്ചാണ് സംസ്ഥാനത്തെ എല്‍പിജി ബോട്ടിലിങ്ങും വിതരണവും. കേരളത്തില്‍ സിലിന്‍ഡര്‍ വിതരണംചെയ്യുന്ന എണ്ണക്കമ്പനികള്‍ക്കാവശ്യമായ മുഴുവന്‍ എല്‍പിജിയും അമ്പലമുകളിലെ ബിപിസിഎല്‍-കൊച്ചി റിഫൈനറിയില്‍നിന്ന് നല്‍കാത്തതിനാലാണിത്. പോരായ്മ നികത്താന്‍ കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും റിഫൈനറികളെയാണ് ഐഒസിയും എച്ച്പിസിയും ആശ്രയിക്കുന്നത്. അതേസമയം, തമിഴ്നാട്ടിലേക്ക് കൊച്ചി റിഫൈനറിയില്‍നിന്ന് ടാങ്കര്‍മാര്‍ഗം എല്‍പിജി പോകുന്നുണ്ട്. എണ്ണക്കമ്പനികള്‍ തമ്മില്‍ ധാരണയിലെത്തിയാല്‍ അതത് സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്‍പിജി അവിടുത്തെ ആവശ്യത്തിന് ഉപയോഗിക്കാവുന്നതേയുള്ളു. എന്നാല്‍, എണ്ണക്കമ്പനി മാനേജ്മെന്റും ടാങ്കര്‍ ഉടമകളുമായുള്ള അവിശുദ്ധ ബന്ധംമൂലം ആ ധാരണയുണ്ടാകുന്നില്ല.

തമിഴ്നാട് കേന്ദ്രമായി അഞ്ഞൂറോളം ബുള്ളറ്റ് ടാങ്കറുകളുള്ള സതേണ്‍ റീജിയന്‍ ടാങ്കര്‍ ഉടമാസംഘമാണ് കേരളത്തിലേക്കുള്ള എല്‍പിജിനീക്കം നിയന്ത്രിക്കുന്നത്. വമ്പന്‍ വാടകയാണ് അവര്‍ ഈടാക്കുന്നത്. എണ്ണക്കമ്പനികള്‍ തമ്മില്‍ ധാരണയുണ്ടാക്കിയാല്‍ എല്‍പിജി നീക്കത്തില്‍നിന്ന് ടാങ്കറുകളെ ഒഴിവാക്കി വന്‍ സാമ്പത്തികനേട്ടവുമുണ്ടാക്കാം.

സംസ്ഥാനത്ത് ആവശ്യമുള്ള പാചകവാതകത്തിന്റെ 58 ശതമാനം വിതരണംചെയ്യുന്ന ഐഒസിയിലേക്ക് 18 ടണ്‍ ശേഷിയുള്ള 40-50 എല്‍പിജി ലോഡ് ദിവസവും മംഗലാപുരത്തുനിന്ന് എത്തുന്നുണ്ട്. ഐഒസിയുടെ മൊത്തം ആവശ്യത്തിന്റെ 60 ശതമാനം വരുമിത്. ബാക്കിയുള്ള 40 ശതമാനം മാത്രമാണ് കൊച്ചി റിഫൈനറി നല്‍കുന്നത്. 35 ലക്ഷത്തോളം കണക്ഷനാണ് സംസ്ഥാനത്ത് ഐഒസിക്കുള്ളത്. എച്ച്പിസിയുടെ പാലക്കാട്ടെയും ഇരുമ്പനത്തെയും പ്ലാന്റുകളിലേക്ക് പ്രതിദിനം 20-25 ലോഡ് എല്‍പിജി മംഗലാപുരത്തുനിന്നെത്തുന്നു. സംസ്ഥാനത്തെ പാചകവാതക വിതരണത്തിന്റെ 16 ശതമാനം കൈകാര്യംചെയ്യുന്ന എച്ച്പിസിക്ക് ആവശ്യമുള്ളതിന്റെ പകുതി മാത്രമാണ് കൊച്ചി റിഫൈനറി നല്‍കുന്നത്. പ്രതിമാസം 5500 ടണ്ണോളം എല്‍പിജി മംഗലാപുരത്തുനിന്ന് ടാങ്കര്‍മാര്‍ഗത്തില്‍ പാലക്കാട് പ്ലാന്റില്‍ എത്തിക്കുന്നു. കൊച്ചി റിഫൈനറിയില്‍നിന്ന് പ്രതിദിനം കയറിപ്പോകുന്ന എല്‍പിജിയുടെ 60 ശതമാനവും തമിഴ്നാട്ടിലേക്കാണ്. ഇതു മുഴുവന്‍ ടാങ്കറിലാണ് പോകുന്നത്. ചൊവ്വാഴ്ച 20 ലോഡ് കയറ്റിപ്പോയതില്‍ പത്തും തമിഴ്നാട്ടിലേക്കായിരുന്നു. സ്റ്റോക്ക് ട്രാന്‍സ്ഫര്‍ എന്ന പേരിലാണ് ഇത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്. അതുമൂലം വന്‍ നികുതിനഷ്ടവും സംസ്ഥാനത്തിനുണ്ടാകുന്നു. തമിഴ്നാട് കേന്ദ്രമായ മുതലാളിമാരുടെ കുത്തക നിലനില്‍ക്കുന്നതാണ് എല്‍പിജിനീക്കം നിലയ്ക്കാന്‍ കാരണം. ഇവരുടെ സമ്മര്‍ദത്തിന് എണ്ണക്കമ്പനികള്‍ വഴങ്ങുകയാണ്.
(എം എസ് അശോകന്‍)

deshabhimani 200912

1 comment:

  1. സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായതിനു പിന്നില്‍ എണ്ണക്കമ്പനികളും ബുള്ളറ്റ് ടാങ്കര്‍ ഉടമകളും ചേര്‍ന്നുള്ള ഒത്തുകളി. ടാങ്കറുകള്‍ എല്‍പിജി നീക്കത്തില്‍നിന്ന് പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, അന്തര്‍സംസ്ഥാന എല്‍പിജി നീക്കത്തിന്റെ മറവില്‍ ടാങ്കര്‍ലോറി ഉടമാസംഘവും എണ്ണക്കമ്പനികളും നടത്തുന്ന കൊള്ളയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നില്‍.

    ReplyDelete