Wednesday, September 12, 2012

പലസ്തീന് ഇന്ത്യന്‍ പിന്തുണ തുടരും


പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണരാഷ്ട്ര പദവി കിട്ടുന്നതിന് ഇന്ത്യ നല്‍കുന്ന പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പലസ്തീനുമായി മൂന്ന് സുപ്രധാന കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. പലസ്തീന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 55 കോടി രൂപയുടെ സഹായം നല്‍കുന്നതാണ് ഒരു കരാര്‍. പലസ്തീന്‍ പ്രശ്നത്തിന് സമഗ്രവും ശാശ്വതവുമായ പരിഹാരം കാണാന്‍ ഇസ്രയേലുമായി സമാധാനചര്‍ച്ച എത്രയും വേഗം തുടങ്ങണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മന്‍മോഹന്‍സിങ് പറഞ്ഞു. പരമാധികാര സ്വതന്ത്ര പലസ്തീന്‍ എന്ന ലക്ഷ്യത്തിനുവേണ്ടി നടത്തുന്ന പോരാട്ടത്തിന് ഇന്ത്യ ശക്തമായ പിന്തുണ നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-കമ്യൂണിക്കേഷന്‍ ടെക്നോളജി, വിദ്യാഭ്യാസം, തൊഴില്‍പരിശീലനം എന്നീ മേഖലകളില്‍ സഹകരിക്കാനാണ് കരാറായത്. ഇന്ത്യയില്‍ പലസ്തീന്‍ സ്ഥാനപതി കാര്യാലയത്തിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു. ഇന്ത്യയുടെ സഹായത്തോടെയാണ് നിര്‍മ്മാണപ്രവര്‍ത്തനം.

രാഷ്ട്രപതിഭവനിലെത്തിയ മുഹമ്മദ് അബ്ബാസിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും ചേര്‍ന്ന് സ്വീകരിച്ചു. ഗാസയില്‍ പലസ്തീന്‍ ജനതയ്ക്കുനേരെ ഇസ്രയേല്‍ നടത്തുന്ന മനുഷ്യക്കുരുതിയെക്കുറിച്ച് മുഹമ്മദ് അബ്ബാസ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ധരിപ്പിച്ചു. വിദേശമന്ത്രി എസ് എം കൃഷ്ണയുമായും അബ്ബാസ് ചര്‍ച്ച നടത്തി. നിലവില്‍ നിരീക്ഷകസ്ഥാനം മാത്രമാണ് ഐക്യരാഷ്ട്രസഭയില്‍ പലസ്തീനുള്ളത്. പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനെ അമേരിക്ക വീറ്റോ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരത്തെ അറിയിച്ചിട്ടുണ്ട്. പലസ്തീനെ അംഗീകരിക്കാത്ത ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വിട്ടുനില്‍ക്കാനാണ് സാധ്യത. നിലവില്‍ ഐക്യരാഷ്ട്ര സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളില്‍ റഷ്യയും ചൈനയും മാത്രമാണ് പലസ്തീനെ പിന്തുണയ്ക്കുന്നത്. താല്‍ക്കാലിക അംഗങ്ങളില്‍ ഇന്ത്യയടക്കം ഏഴ് രാജ്യത്തിന്റെ പിന്തുണയുണ്ട്. ഏതെങ്കിലും രാജ്യം പലസ്തീന്റെ പൂര്‍ണ അംഗത്വത്തെ എതിര്‍ത്താല്‍ പൊതുസഭയ്ക്ക് പ്രമേയംമൂലം വീണ്ടും പലസ്തീന്റെ പൂര്‍ണ അംഗത്വത്തിനായി ആവശ്യപ്പെടാം.
(വി ജയിന്‍)

deshabhimani 120912

1 comment:

  1. പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണരാഷ്ട്ര പദവി കിട്ടുന്നതിന് ഇന്ത്യ നല്‍കുന്ന പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

    ReplyDelete