Thursday, September 13, 2012

തീറെഴുതാനുള്ള ലേലംവിളി തുടങ്ങി


പ്രഖ്യാപനങ്ങളില്ല: പ്രധാനമന്ത്രിയുടെ വകയായി പ്രശംസ മാത്രം

സര്‍ക്കാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച എമര്‍ജിങ് കേരളയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എത്തിയത് വെറുംകൈയോടെ. സംസ്ഥാന ഭരണനേതൃത്വമുള്‍പ്പെടെ അദ്ദേഹത്തില്‍നിന്ന് വന്‍ പ്രഖ്യാപനം പ്രതീക്ഷിച്ചുവെങ്കിലും കേരളത്തിനുള്ള ഐഐടി സജീവ പരിഗണനയിലാണെന്ന ആശ്വാസവാക്ക് മാത്രമാണ് അദ്ദേഹം സമ്മാനിച്ചത്. ഒപ്പം പഴയ പദ്ധതികളുടെ വിവരണവും നടത്തി. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ തിങ്ങിനിറഞ്ഞ ചടങ്ങില്‍ പിന്നെ കുറെ ഉപദേശങ്ങളും കേരളത്തിന് കിട്ടി. 2003 ല്‍ ആഗോള നിക്ഷേപകസംഗമം ഉദ്ഘാടനംചെയ്യാനെത്തിയ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയ് 10,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനമാണ് നടത്തിയത്. ഇക്കുറി ഒരുകോടി രൂപയുടെ പദ്ധതിപോലും പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാതിരുന്നത് കേരളത്തില്‍ നിരാശ പടര്‍ത്തി. അതേസമയം സ്വകാര്യ നിക്ഷേപത്തിന് പ്രോത്സാഹനമാകുന്നതിന് പ്രവാസിമലയാളികളെ പുകഴ്ത്താനാണ് അദ്ദേഹം തയ്യാറായത്.

രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഗണ്യമായി തകരുകയും കാര്‍ഷിക, വ്യവസായമേഖലകള്‍ ഇടിയുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഇടപെടണമെന്ന കാര്യവും പ്രധാനമന്ത്രി അവഗണിച്ചു. പൊതുമേഖലയുമായി ബന്ധപ്പെട്ട പദ്ധതികളോ അടിസ്ഥാനസൗകര്യ വികസന പദ്ധതികളോ അദ്ദേഹത്തില്‍നിന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചുവെങ്കിലും ഉണ്ടായില്ല. അതേസമയം, ഇനിയും എങ്ങുമെത്താത്ത പാലക്കാട് കോച്ച് ഫാക്ടറി കേന്ദ്രം കേരളത്തിന് അനുവദിച്ച പദ്ധതികളില്‍ അദ്ദേഹം ഉള്‍പ്പെടുത്തി. ചേര്‍ത്തലയിലെ റെയില്‍വേ കോമ്പണന്റ് ഫാക്ടറിയുടെ കാര്യം, എ കെ ആന്റണി, വയലാര്‍ രവി എന്നിവര്‍ വേദിയിലുണ്ടായിട്ടും പ്രധാനമന്ത്രി ഓര്‍ത്തില്ല.

കെല്‍ കമ്പനിയില്‍നിന്ന് റെയില്‍വേക്കുള്ള സാമഗ്രികള്‍ നല്‍കാനുള്ള പദ്ധതി, ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ടിസിസി വികസിപ്പിക്കാനുള്ള പദ്ധതി. ഫാക്ടിന്റെ യൂറിയ പ്ലാന്റ്, കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങി കേരളം കാതോര്‍ത്ത പദ്ധതികള്‍ പലതാണ്. എന്നാല്‍, പൊതുമേഖലാ വ്യവസായമേഖലയെക്കുറിച്ച് അദ്ദേഹം മിണ്ടിയതേയില്ല. മെട്രോപദ്ധതി വരുന്നതുമൂലം കൊച്ചിക്കുണ്ടാകുന്ന നേട്ടം, എല്‍എന്‍ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതുവഴിയുണ്ടാകുന്ന വികസനം, നേരത്തെ അനുവദിച്ച വല്ലാര്‍പാടം ടെര്‍മിനല്‍, ഏഴിമല നാവിക അക്കാദമി തുടങ്ങിയ പഴയ പദ്ധതികളെ ചുറ്റിപ്പറ്റിയായിരുന്നു പ്രസംഗം. ഒപ്പം എമര്‍ജിങ് കേരള പോലുള്ള മാമാങ്കങ്ങള്‍ നടത്തി കേരളം വികസനത്തിന്റെ പവര്‍ഹൗസ് ആകണമെന്നും കേന്ദ്രത്തിന്റെ സ്കില്‍ ഡെവലപ്മെന്റ് മിഷനെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മറ്റുമുള്ള ഉപദേശങ്ങളും അദ്ദേഹം വാരിക്കോരി നല്‍കി.

വെറും കൈയോടെ പ്രധാനമന്ത്രി; തീറെഴുതാനുള്ള ലേലംവിളി തുടങ്ങി

കേരളത്തിന്റെ അമൂല്യമായ സമ്പത്തും സൗകര്യങ്ങളും തീറെഴുതാനുള്ള ലേലംവിളി തുടങ്ങി. മൂന്നുദിവസത്തെ നിക്ഷേപക സംഗമത്തിന്റെ ആദ്യദിനംതന്നെ സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമായി വിദേശത്തെയും സ്വദേശത്തെയും വന്‍കിട സ്വകാര്യ സംരംഭകര്‍ക്ക് വഴിയൊരുക്കുന്ന നയപ്രഖ്യാപനമാണ് എമര്‍ജിങ് കേരളയുടെ വിവിധ വേദികളില്‍ മുഴങ്ങിയത്. കാതലായ പദ്ധതിയൊന്നും പ്രഖ്യാപിക്കാതിരുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഉദ്ഘാടനപ്രസംഗം എമര്‍ജിങ് കേരളയ്ക്ക് തണുപ്പന്‍ തുടക്കമാണ് നല്‍കിയത്. വിവാദത്തില്‍ ഉലഞ്ഞ എമര്‍ജിങ് കേരളയ്ക്ക് പുതുജീവന്‍ കൈവരിക്കാന്‍ ഉദ്ഘാടനവേദിയില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രഖ്യാപനത്തില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. "ജിമ്മി"ല്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി 10,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ജിം പരാജയമായപ്പോഴും അന്നത്തെ കേന്ദ്ര പദ്ധതികളാണ് സംസ്ഥാനത്തിന്റെ മാനം രക്ഷിച്ചത്. ഇവിടെ ആ പ്രതീക്ഷയും കെട്ടു. വര്‍ഷങ്ങളായി കേരളം പ്രതീക്ഷയോടെ ചര്‍ച്ചചെയ്യുന്ന ഐഐടിയുടെ കാര്യംപോലും ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രതിരോധമന്ത്രി എ കെ ആന്റണിയും ജിമ്മില്‍ കാണിച്ച ആവേശം എമര്‍ജിങ് കേരള വേദിയില്‍ കാട്ടിയില്ല.

വൈകിട്ടു നടന്ന പ്ലീനറി സെഷന്‍ കേരളത്തിന്റെ സമ്പത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതില്‍ ഊന്നിയപ്പോള്‍ വിവിധ രാജ്യങ്ങള്‍ പങ്കെടുത്ത കണ്‍ട്രി സെഷന്‍ അവരുടെ രാജ്യങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്ന പരിപാടി മാത്രമായി ഒതുങ്ങി. പ്ലീനറി സെഷനില്‍ വികസനമാതൃക സംബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി കെ എ നായര്‍ സംസ്ഥാനത്തെ അമൂല്യമായ ഭൂസ്വത്തും പ്രകൃതിയും നിക്ഷേപകര്‍ക്ക് കൈമാറുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. കേരളത്തിന്റെ ഭൂമിയും വിദഗ്ധ മനുഷ്യശേഷിയും ഇനിയും ഫലപ്രദമായി ഉപയോഗപ്പെടുത്താനായിട്ടില്ലെന്നും അതിനാവശ്യമായ നിക്ഷേപപദ്ധതികളാണ് വേണ്ടതെന്നും ടി കെ എ നായര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിച്ച രഹസ്യ അജന്‍ഡ വെളിപ്പെടുത്തുന്നതായി ടി കെ എ നായരുടെ നയപ്രഖ്യാപനം.

അമേരിക്കന്‍ അംബാസഡര്‍ നാന്‍സി ജെ പവല്‍ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ ആശങ്കകള്‍ ശരിവയ്ക്കുന്നതായിരുന്നു പ്ലീനറി സെഷനില്‍ അവരുടെ പ്രഭാഷണം. അമേരിക്കന്‍ താല്‍പ്പര്യം മുന്‍നിര്‍ത്തി കേരളവുമായുള്ള വ്യാപാരം വര്‍ധിപ്പിച്ച് നേട്ടമുണ്ടാക്കലാണ് അവരുടെ ലക്ഷ്യമെന്ന് നാന്‍സി പവല്‍ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരത്തില്‍ പത്തുവര്‍ഷത്തിനിടെ അഞ്ചിരട്ടി വര്‍ധനയുണ്ടായെങ്കിലും കേരളത്തിന്റെ പങ്കാളിത്തം കുറവായിരുന്നു. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കന്‍ വ്യവസായികളുടെ ഒരു സംഘം കേരളത്തിലെത്തുമെന്നും വ്യാപാരം കാര്യക്ഷമമാക്കലാണ് ലക്ഷ്യമെന്നും നാന്‍സി പവല്‍ പറഞ്ഞു. നിലവിലെ സംവിധാനം തുടര്‍ന്ന് കേരളത്തിന് സാമ്പത്തികക്കുതിപ്പു നേടാനാകില്ലെന്ന് നാഷനല്‍ ഇന്നവേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ സാം പിത്രോഡ നിരീക്ഷിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കണം. നിക്ഷേപം വരുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും പിത്രോഡ പറഞ്ഞു.
(എം എസ് അശോകന്‍)

ഐഐടി പരിഗണനയിലെന്ന് വീണ്ടും പ്രധാനമന്ത്രി

കേരളത്തിന് ഐഐടി അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആവര്‍ത്തിച്ചു. കരുത്തുറ്റ നിക്ഷേപകകേന്ദ്രമായി കേരളം മാറുമെന്നും എമര്‍ജിങ് കേരള നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യവും മാനുഷികവുമായ വികസനം വികസിതരാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. മനുഷ്യവിഭവശേഷിയും ഉയര്‍ന്ന നിലവാരമുള്ളതാണ്. പ്രകൃതിസൗന്ദര്യത്താലും സാംസ്കാരിക പൈതൃകത്താലും രുചിഭേദത്താലും സൗഹാര്‍ദജീവിതം നയിക്കുന്ന ജനത്താലും ശ്രദ്ധേയമായ കേരളം ടൂറിസത്തിലും പ്രധാന സ്ഥാനം അലങ്കരിക്കുന്നു.

കേരളത്തിലെ ജനങ്ങള്‍ സാഹസികരാണ്. തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പുതിയ അതിര്‍ത്തികള്‍ കണ്ടെത്തുന്നതിലും അവര്‍ മിടുക്കരാണ്. ആഗോളവല്‍ക്കരണം എന്ന വാക്ക് അറിയപ്പെടുന്നതിന് വളരെ മുമ്പേ സുഗന്ധദ്രവ്യ വ്യാപാരവുമായി ലോകത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധം സ്ഥാപിച്ച ഇടമാണ് കേരളം. വാസ്കോഡ ഗാമയുടെപോലും വരവിനു മുമ്പാണിത്. ഇരുപതുലക്ഷത്തിലേറെ കേരളീയരാണ് രാജ്യത്തിനു വെളിയില്‍ ഗള്‍ഫ്രാജ്യങ്ങളിലും മറ്റുമായുള്ളത്. 1100 കോടി രൂപയാണ് ഇവര്‍ സംസ്ഥാനത്തിന്റെ സമ്പത്തില്‍ നല്‍കുന്ന സംഭാവന. നാലുപതിറ്റാണ്ടായി ഈ പണമാണ് കേരളത്തിന്റെ നട്ടെല്ല്. ഹോട്ടല്‍, ആശുപത്രി, വ്യാപാരസമുച്ചയം എന്നിവയില്‍ മുതല്‍മുടക്കി പ്രവാസിമലയാളികള്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ പങ്കുവഹിക്കുകയും ഇവിടെയുള്ളവര്‍ക്ക് തൊഴില്‍ ഒരുക്കുകയും ചെയ്യുന്നു.

കൊച്ചി മെട്രോ റെയില്‍ പദ്ധതി കേരളത്തിന്റെ വാണിജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറ്റും. 5,100 കോടിരൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ ഇതിനായി അംഗീകരിച്ചിട്ടുള്ളത്. പ്രധാന നിക്ഷേപക ഹബ്ബായി വളരുന്നതിനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് സജീവ പിന്തുണയും പ്രോത്സാഹനവുമാണ് യുപിഎ സര്‍ക്കാര്‍ നല്‍കിയത്. ഇത് തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രിയുടെ ഐഐടി പ്രഖ്യാപനം വെറും ആവര്‍ത്തനമാണ്. മുമ്പും ഐഐടി കേരളത്തിനുണ്ടാകുമെന്ന് പ്രധാനമന്ത്രി തന്നെ കേരളത്തെ അറിയിച്ചിരുന്നു. സംവാദങ്ങള്‍ നല്ലതാണെങ്കിലും ഏതു പദ്ധതികള്‍ വരുമ്പോഴും അവസാനിക്കാത്ത വിവാദങ്ങള്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. 2003ല്‍ സംഘടിപ്പിച്ച ജിമ്മിനേക്കാള്‍ ഉയര്‍ന്ന ദൗത്യമാണ് എമര്‍ജിങ് കേരളയുടേത്. കേരളത്തിന്റെ മനുഷ്യവിഭവശേഷി നിലവാരം രാജ്യാന്തര നിലവാരത്തോട് കിടപിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സംരംഭകത്വ പുരോഗതിക്കായി സെന്റര്‍ ഓഫ് എക്സലന്‍സ് ആരംഭിക്കുമെന്ന് സിഐഐ പ്രസിഡന്റും ഗോദ്റെജ് ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനുമായ ആദി ഗോദ്റേജ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര കെ വി തോമസ്, മന്ത്രി കെ എം മാണി എന്നിവര്‍ സംസാരിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതവും സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാര്‍ നന്ദിയും പറഞ്ഞു. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.

കേരളത്തില്‍ നെല്‍ക്കൃഷി വേണ്ട: അലുവാലിയ

കേരളത്തിന്റെ മുന്‍ഗണനയില്‍നിന്ന് നെല്‍ക്കൃഷിയെ മാറ്റണമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ ആവശ്യപ്പെട്ടു. നെല്‍ക്കൃഷി കേരളത്തിന് മാതൃകയല്ല. കേരളത്തിലുള്ളവര്‍ക്ക് വരുമാനം കൂടുതലായതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില കൂടിയാലും പ്രശ്നമല്ല. എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന്റെ ആദ്യദിനത്തിന്റെ "കേരള വികസന മാതൃക: ത്വരിത, സുസ്ഥിര വികസനം സാധ്യമാക്കല്‍" എന്ന വിഷയത്തിലുള്ള പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ വിവാദപ്രസ്താവന നടത്തിയത്. ഇവിടെ അരിയില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യാം. കേരളം ഊന്നല്‍ നല്‍കേണ്ടത് ഐടി, ടൂറിസം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലാണ്. റബര്‍, ഏലം, പഴം എന്നീ കൃഷികള്‍ ഉയര്‍ന്ന മൂല്യമുള്ളവയായി മാറുകയാണ്. സബ്സിഡിക്ക് പ്രധാന്യമുണ്ടെങ്കിലും ദുര്‍ബലവിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള സബ്സിഡി കേരളം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിം പരാജയമെന്ന് ആന്റണിയുടെ മൗനസമ്മതം

കൊട്ടിഘോഷിച്ച് 2003ല്‍ നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റ് (ജിം) പരാജയമായിരുന്നുവെന്ന് ആന്റണിയുടെ മൗനസമ്മതം. എമര്‍ജിങ് കേരള നിക്ഷേപസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ജിമ്മിനെക്കുറിച്ച് ആന്റണി കൂടുതല്‍ പറയാതെ ഒഴിഞ്ഞുമാറിയത്. എമര്‍ജിങ് കേരള, ജിമ്മിനേക്കാള്‍ കൂടുതല്‍ വിപുലമായ ദൗത്യവും മെച്ചപ്പെട്ട ശ്രമവുമാണെന്നും പറഞ്ഞ ആന്റണി ഒമ്പത് വര്‍ഷംമുമ്പത്തെ ജിമ്മില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ അകാല ചരമമടഞ്ഞതിനെക്കുറിച്ച് മിണ്ടിയില്ല. ജിമ്മിന്റെ തുടര്‍ച്ചയാണ് എമര്‍ജിങ് കേരളയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ജിമ്മിന്റെ ശില്‍പ്പിയായ അന്നത്തെ മുഖ്യമന്ത്രി ആന്റണി മൗനം പാലിച്ചത്. ജിമ്മില്‍ ഒപ്പിട്ട ധാരണാപത്രങ്ങളെക്കുറിച്ചോ പ്രഖ്യാപിച്ച കോടികളുടെ പദ്ധതിയെക്കുറിച്ചോ ഒരു പരാര്‍ശവും ഉണ്ടായില്ല.

വിദ്യാര്‍ഥി സംരംഭകത്വ നയം നടപ്പാക്കും: മുഖ്യമന്ത്രി

കൊച്ചി: വിദ്യാര്‍ഥികളില്‍ സംരംഭകത്വഗുണം വര്‍ധിപ്പിക്കുന്നതിന് വിദ്യാര്‍ഥി സംരംഭകത്വ നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ എമര്‍ജിങ് കേരള ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അറിവ്, നവീനാശയം, തൊഴില്‍ എന്നിവ സൃഷ്ടിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ അക്കാദമിക് കോഴ്സില്‍ 20 ശതമാനം ഹാജരും നാലുശതമാനം ഗ്രേസ് മാര്‍ക്കും നല്‍കും. എമര്‍ജിങ് കേരളയിലെ ജന, പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അലുവാലിയയുടെ അഭിപ്രായം കേരളത്തെ രക്ഷിക്കില്ല: കോണ്‍ഗ്രസ് എംഎല്‍എമാര്‍

കേരളം ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയുടെ പ്രസ്താവന സംസ്ഥാന വികസനത്തെ സഹായിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍. അലുവാലിയയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് എംഎല്‍എമാരായ ടി എന്‍ പ്രതാപനും വി ടി ബല്‍റാമും "ദേശാഭിമാനി"യോടു പറഞ്ഞു.

ഭക്ഷ്യ സ്വയംപര്യാപ്തമായിരുന്ന കേരളത്തില്‍ പ്രകൃതിയുടെ മേല്‍ ലാഭക്കൊതിയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍മൂലമാണ് കൃഷിയിടങ്ങള്‍ കുറഞ്ഞത്. ഇങ്ങനെ ഭൂമി റിയല്‍ എസ്റ്റേറ്റുകാരുടെയും വ്യവസായികളുടെയും കൈയിലായി. വസ്തുത ഇതായിരിക്കെ അലുവാലിയയുടെ പ്രസ്താവന കോര്‍പറേറ്റുകള്‍ക്കു മാത്രമേ സഹായകമാകൂ എന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. നിശാക്ലബ് ഉള്‍പ്പെടെ കേരളത്തിന്റെ സംസ്കാരത്തിനു യോജിക്കാത്ത പദ്ധതികള്‍ ടൂറിസത്തിന്റെ പേരില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ നോക്കിനില്‍ക്കില്ലെന്നും പ്രതാപന്‍ പറഞ്ഞു. അലുവാലിയ പറഞ്ഞതിനോട് യോജിക്കാനാവില്ലെന്ന് വി ടി ബല്‍റാം എല്‍എല്‍എ വ്യക്തമാക്കി. നിലവിലുള്ള നെല്‍വയല്‍ വിസ്തൃതി നോക്കിയാല്‍ നെല്ലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്ത കൈവരിക്കാന്‍ ഒരുപക്ഷേ കഴിഞ്ഞേക്കില്ല. എന്നാല്‍ പച്ചക്കറി, പാല്‍, മുട്ട തുടങ്ങിയവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍കഴിയും. ഇങ്ങനെ സ്വയംപര്യാപ്തത കൈവരിക്കുന്നതിലൂടെ ഒട്ടനവധി കര്‍ഷകരാണ് സാമ്പത്തികമായി മെച്ചപ്പെടുന്നത്. ഇതു കണക്കിലെടുക്കാതെ ഇവരെക്കൂടി സാധനങ്ങള്‍ പണംകൊടുത്തു വാങ്ങുന്നവരാക്കുന്നത് സമ്പദ്ഘടനയ്ക്കു ദോഷകരമാകുമെന്ന് വി ടി ബല്‍റാം പറഞ്ഞു.

എമര്‍ജിങ് കേരളയിലെ പദ്ധതികളുടെ പേരില്‍ ടൂറിസം റിസോര്‍ട്സ് കേരള ലിമിറ്റഡ് (ടിആര്‍കെഎല്‍), ഇന്‍ഫ്രാസ്ട്രക്ചേഴ്സ് കേരള ലിമിറ്റഡ് (ഇന്‍കെല്‍) എന്നിവയ്ക്ക് ഭൂമി നല്‍കിയതിനെപ്പറ്റി സര്‍ക്കാര്‍ വിശദീകരിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഏതു വ്യവസ്ഥയിലാണ് ഭൂമി വിട്ടുനല്‍കിയതെന്ന് സര്‍ക്കാര്‍ പരസ്യപ്പെടുത്തണം. ഇത് വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കണമെന്ന് പ്രതാപന്‍ പറഞ്ഞു.
(അഞ്ജുനാഥ്)

deshabhimani 130912

1 comment:

  1. കേരളത്തിന്റെ അമൂല്യമായ സമ്പത്തും സൗകര്യങ്ങളും തീറെഴുതാനുള്ള ലേലംവിളി തുടങ്ങി. മൂന്നുദിവസത്തെ നിക്ഷേപക സംഗമത്തിന്റെ ആദ്യദിനംതന്നെ സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമായി വിദേശത്തെയും സ്വദേശത്തെയും വന്‍കിട സ്വകാര്യ സംരംഭകര്‍ക്ക് വഴിയൊരുക്കുന്ന നയപ്രഖ്യാപനമാണ് എമര്‍ജിങ് കേരളയുടെ വിവിധ വേദികളില്‍ മുഴങ്ങിയത്.

    ReplyDelete