Monday, September 3, 2012
കല്‍ക്കരി: കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകി
കല്‍ക്കരി കുംഭകോണ വിവാദത്തില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാരിനെ എന്തു വില കൊടുത്തും പ്രതിരോധിക്കണമെന്ന സോണിയ ഗാന്ധിയുടെ ആഹ്വാനം നിറവേറ്റാനാവാതെ കോണ്‍ഗ്രസ് പതറുന്നു. അഴിമതിയില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഭരണപക്ഷ എംപിമാരും ഉന്നയിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം ദുര്‍ബലമായത്. കല്‍ക്കരി ഇടപാടില്‍ അഴിമതി ഇല്ലെന്ന് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് എംപിമാരുടെ യോഗം രൂക്ഷമായ അഭിപ്രായഭിന്നതയ്ക്ക് വേദിയായി.
കല്‍ക്കരിമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിനായിരുന്നു എംപിമാര്‍ക്ക് ക്ലാസ് നല്‍കാനുള്ള ചുമതല. ജയ്സ്വാള്‍ സംസാരിക്കാന്‍ എഴുന്നേറ്റയുടന്‍ രാജസ്ഥാനില്‍നിന്നുള്ള എംപി ബഹളം തുടങ്ങി. കല്‍ക്കരി ഇടപാടില്‍ നേട്ടം ലഭിച്ചത് ആര്‍ക്കെന്ന് വ്യക്തമാക്കാന്‍ ജയ്സ്വാളിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. പിന്തുണയുമായി ചില യുവ എംപിമാരും നിരന്നതോടെ മന്ത്രിക്ക് സംസാരിക്കാന്‍ കഴിയാതെയായി. ജയ്സ്വാളിന്റെ ബന്ധുക്കള്‍ അനധികൃത നേട്ടമുണ്ടാക്കിയെന്ന വിവരം പുറത്തുവന്നതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നത്. പ്രതിപക്ഷത്തെപ്പോലെ പെരുമാറാനല്ല യോഗം വിളിച്ചതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ എംപിമാരെ ഓര്‍മിപ്പിച്ചു. സര്‍ക്കാരിനെ സംരക്ഷിക്കുകയാണ് എംപിമാരുടെ ചുമതല. ടെലിവിഷന്‍ അവതാരകരെയും പ്രതിപക്ഷ നേതാക്കളെയും പോലെ കോണ്‍ഗ്രസ് എംപിമാര്‍ പെരുമാറരുതെന്നും ബന്‍സല്‍ ആവശ്യപ്പെട്ടു.
2005-2009 ല്‍ ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ഖനത്തിനായി അനധികൃതമായി അനുവദിച്ച കല്‍ക്കരി ബ്ലോക്കുകളില്‍ എട്ടെണ്ണം ലഭിച്ചത് ശ്രീപ്രകാശ് ജയ്സ്വാളിന്റെ ബന്ധു മനോജ് ജയ്സ്വാളിന്റെ കമ്പനികള്‍ക്കാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനായിരുന്നു ഈ സമയം കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല. കോണ്‍ഗ്രസ് രാജ്യസഭാംഗം വിജയ് ദര്‍ദയും ജയ്സ്വാള്‍ കുടുംബത്തിന്റെ അഴിമതിയുടെ പങ്ക് പറ്റി. ഖനാനുമതി ലഭിച്ച കമ്പനികളില്‍ ഒന്നില്‍ ദര്‍ദയ്ക്കും ഓഹരിയുണ്ട്. കല്‍ക്കരി അഴിമതിയില്‍ കേന്ദ്രമന്ത്രി സുബോധ്കാന്ത് സഹായിയുടെ പങ്കും പുറത്തായിരുന്നു. സഹോദരനുമായി ബന്ധപ്പെട്ട കമ്പനിക്ക് ഖനാനുമതി കിട്ടാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്ന് കഴിഞ്ഞ ദിവസം സഹായ് സമ്മതിച്ചു. ലേലമില്ലാതെ കല്‍ക്കരിപ്പാടം അനുവദിച്ചതിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് വ്യക്തമാക്കുന്നതാണ് ഇടപാടില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കുമുള്ള പങ്കാളിത്തം. പ്രധാനമന്ത്രി ഇതിനു കൂട്ടുനിന്നെന്നും വ്യക്തമായി. ഒരു വിഭാഗം കോണ്‍ഗ്രസ് എംപിമാരടക്കം ഇതേ അഭിപ്രായമാണ് പുലര്‍ത്തുന്നതെന്ന് ജയ്സ്വാളിനെതിരായ പ്രതിഷേധം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ന്യായവാദങ്ങള്‍ സ്വന്തം എംപിമാര്‍പോലും വിശ്വസിക്കുന്നില്ലെന്ന്തെളിഞ്ഞിരിക്കുകയാണ്.
deshabhimani 030912
Subscribe to:
Post Comments (Atom)
No comments:
Post a Comment