Thursday, September 13, 2012

ശിലാസ്ഥാപന ക്ഷണക്കത്തിനൊപ്പം യാത്രാപാസ് സമ്മാനം


സംസ്ഥാനം 2005ല്‍ സമര്‍പ്പിച്ച കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്രാംഗീകാരം കിട്ടാന്‍ കാത്തിരിക്കേണ്ടിവന്നത് നീണ്ട ഏഴുവര്‍ഷം. ജൂലൈ മൂന്നിന് കേന്ദ്രാനുമതി കിട്ടിയിട്ടും കെഎംആര്‍എല്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ വേണ്ടിവന്നത് ഒരുമാസം. അതും കഴിഞ്ഞ് രണ്ടര മാസത്തിനുശേഷം പ്രധാനമന്ത്രി പദ്ധതിക്ക് ശിലയിടുന്നതിന്റെ ക്ഷണക്കത്തിനൊപ്പം കെഎംആര്‍എലിന്റെ വക സമ്മാനം- എന്നോ നടക്കാനിരിക്കുന്ന മെട്രോയുടെ ഉദ്ഘാടനദിവസം സൗജന്യയാത്രയ്ക്കുള്ള പാസ്!

ഇപ്പോഴും പാളത്തില്‍ കയറാത്ത മെട്രോപദ്ധതിക്ക് നാളിതുവരെ വൈകിയോടലിന്റെ ചരിത്രമാണുള്ളത്. 13ന് പ്രധാനമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുമെങ്കിലും നിര്‍മാണജോലികള്‍ ഉടനെ തുടങ്ങാനാകില്ല. നിര്‍മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ഡിഎംആര്‍സി സമര്‍പ്പിച്ച കരട് ധാരണപത്രത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ധാരണപത്രം ഒപ്പിട്ടാല്‍ ഒരാഴ്ചയ്ക്കകം നിര്‍മാണം തുടങ്ങുമെന്നും മൂന്നരവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കി കൈമാറുമെന്നും ഇ ശ്രീധരന്‍ പ്രഖ്യാപിച്ചിരുന്നു. നടപടികളുടെ ഭാഗമായി അല്‍പ്പം വൈകിയാലും കുഴപ്പമില്ലെന്നാണ് ചൊവ്വാഴ്ച ചേര്‍ന്ന ആദ്യ ബോര്‍ഡ് യോഗത്തിനുശേഷം കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞത്. മെട്രോ വൈകുന്ന ഓരോ ദിവസവും 30 ലക്ഷം രൂപ അധിക ച്ചെലവുണ്ടാകുന്നതായി ഒരുവര്‍ഷംമുമ്പാണ് ഇ ശ്രീധരന്‍ ഓര്‍മിപ്പിച്ചത്. 2005ല്‍ ഡിപിആര്‍ സമര്‍പ്പിക്കുമ്പോള്‍ മെട്രോയുടെ നിര്‍മാണച്ചെലവ് 2000 കോടിയോളമായിരുന്നു. ഏഴുവര്‍ഷത്തെ കാലതാമസംമൂലം ഉയര്‍ന്നത് 5146 കോടിയിലേക്ക്. ഈ അവസ്ഥയില്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയ്ക്കുള്ള സൗജന്യ പാസ് എത്രവര്‍ഷം സൂക്ഷിച്ചുവയ്ക്കേണ്ടിവരുമെന്നതാണ് ക്ഷണക്കത്ത് കൈപ്പറ്റിയവരുടെ ആശങ്ക.

deshabhimani 130912

1 comment:

  1. സംസ്ഥാനം 2005ല്‍ സമര്‍പ്പിച്ച കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്രാംഗീകാരം കിട്ടാന്‍ കാത്തിരിക്കേണ്ടിവന്നത് നീണ്ട ഏഴുവര്‍ഷം. ജൂലൈ മൂന്നിന് കേന്ദ്രാനുമതി കിട്ടിയിട്ടും കെഎംആര്‍എല്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ വേണ്ടിവന്നത് ഒരുമാസം. അതും കഴിഞ്ഞ് രണ്ടര മാസത്തിനുശേഷം പ്രധാനമന്ത്രി പദ്ധതിക്ക് ശിലയിടുന്നതിന്റെ ക്ഷണക്കത്തിനൊപ്പം കെഎംആര്‍എലിന്റെ വക സമ്മാനം- എന്നോ നടക്കാനിരിക്കുന്ന മെട്രോയുടെ ഉദ്ഘാടനദിവസം സൗജന്യയാത്രയ്ക്കുള്ള പാസ്!

    ReplyDelete