Wednesday, September 12, 2012

വീണ്ടും കറണ്ടടി


വമ്പന്മാരില്‍ നിന്നും മന്ത്രിമന്ദിരങ്ങളടക്കമുള്ള സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും 1300 കോടിയില്‍പരം രൂപയുടെ കറന്റ് ചാര്‍ജ്ജ് കുടിശ്ശിക പിരിച്ചെടുക്കാതെ 1889 കോടിയുടെ കള്ളക്കണക്കുകള്‍ ചമച്ച്  വന്‍വൈദ്യുത നിരക്ക് വര്‍ധനയിലൂടെ ഉപഭോക്താക്കളെ കൊള്ളയടിച്ച വൈദ്യുതിബോര്‍ഡ് വീണ്ടുമൊരു കറണ്ടടിക്ക് കളമൊരുക്കി.

ഇതനുസരിച്ച് 500 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപഭോക്താക്കള്‍ 2500 രൂപവീതം മുടക്കി പുതിയ മീറ്റര്‍ സ്ഥാപിക്കണം. ഈ മീറ്ററിന് ഉപഭോക്താവ് കറണ്ട് ചാര്‍ജ്ജിനൊപ്പം 65 രൂപ പ്രതിമാസ വാടകയും നല്‍കണം. ഉപഭോക്താവിനുമേല്‍ ദുര്‍വഹമായ ഭാരം കയറ്റിവയ്ക്കുന്ന ഈ തീരുമാനത്തിന്റെ മറവില്‍ ഭീമമായ മീറ്റര്‍ കുംഭകോണത്തിനും പദ്ധതി തയ്യാറായി. ഗാര്‍ഹിക ഉപഭോക്താക്കളില്‍ നല്ലൊരു പങ്ക് പ്രതിമാസം 500 യൂണിറ്റില്‍ കൂടുതല്‍ കറണ്ട് ഉപയോഗിക്കുന്നവരായതിനാല്‍ ലക്ഷക്കണക്കിന് മീറ്ററുകളാണ് വേണ്ടിവരിക.

രാവിലെ 6 മുതല്‍ രാത്രി 10 മണിവരെയുള്ള വ്യത്യസ്ത ഇടവേളകളില്‍ ഉപഭോക്താക്കളില്‍ നിന്നും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാനാണ് 'ടൈം ഓഫ് ദി ഡേ' (ടി ഒ ഡി) എന്നറിയപ്പെടുന്ന പുതിയ മീറ്ററുകള്‍ സ്ഥാപിച്ച് കൊള്ള നടത്തുക. 500 യൂണിറ്റിലധികം കറണ്ടുപയോഗിക്കുന്നവര്‍ക്ക് ജൂലൈയില്‍ പുതുക്കിയ നിരക്ക് 6.50 രൂപയാണ്. എന്നാല്‍ പുതിയ ടി ഒ ഡി മീറ്ററുകള്‍ വഴി വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് യൂണിറ്റിന് 7.80 രൂപയായിരിക്കും ഈടാക്കുക. അതായത് നാലുമണിക്കൂര്‍ നേരം ഉപയോഗിക്കുന്ന വൈദ്യുതിക്ക് 1.30 രൂപ അധികമായി പിഴിഞ്ഞെടുക്കാനുള്ള 'മീറ്റര്‍ തന്ത്ര'മാണ് വൈദ്യുതി ബോര്‍ഡ് മെനഞ്ഞിരിക്കുന്നത്.

മീറ്റര്‍ പലിശക്കാരെ വെല്ലുന്ന മീറ്റര്‍ കൊള്ള മാത്രമല്ല വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ രാത്രികാല പിടിച്ചുപറികൂടിയായിരിക്കും ഇരുട്ടടിയുടെ പുത്തന്‍രൂപമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപഭോക്താക്കള്‍ക്കെതിരായ ഈ തീവെട്ടിക്കൊള്ളയ്ക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതിതേടാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 'കൊള്ളമീറ്റര്‍' സ്ഥാപിക്കുന്നതിന് ഉപഭോക്താവ് 2500 രൂപ നല്‍കണം. വേണമെങ്കില്‍ ഉപഭോക്താവിന് സ്വന്തമായി മീറ്റര്‍ വാങ്ങി സ്ഥാപിക്കാമെന്ന ഒരുപാധി കൂടിയുണ്ടെങ്കിലും അതിന് ഒരു ഉപഭോക്താവുപോലും ഇതിനുമെനക്കെട്ടില്ലെന്ന് ബോര്‍ഡിനു നന്നായറിയാം.

റഗുലേറ്ററി കമ്മിഷന്‍ പതിവുമട്ടില്‍ ഈ കൊള്ളയടിക്കു പച്ചക്കൊടികാട്ടുമെന്ന് ബോര്‍ഡിന് ഉറപ്പുണ്ട്. ബോര്‍ഡും കമ്മിഷനും തമ്മിലുള്ള ഈ ഒത്തുകളിയുടെ ഭാഗമായി കോടിക്കണക്കിനു രൂപവില വരുന്ന ലക്ഷക്കണക്കിനു 'കൊള്ളമീറ്ററുകള്‍' വാങ്ങാനും സെപ്റ്റംബര്‍ 4 ന് ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചുകഴിഞ്ഞു. മീറ്ററുകള്‍ ഒന്നിച്ചുവാങ്ങുന്നതിനുള്ള പദ്ധതിക്കു രൂപം നല്‍കാന്‍ ബോര്‍ഡിലെ സപ്ലൈ മാനേജ്‌മെന്റ് വിഭാഗം ചീഫ് എഞ്ചിനീയറെ ചുമതലപെടുത്തിയിട്ടുണ്ട്.

മീറ്റര്‍ ഇടപാടിന്റെ രൂപരേഖ അടുത്തയാഴ്ച സമര്‍പ്പിക്കത്തക്കവിധം തിരക്കിട്ട നീക്കമാണ് ബോര്‍ഡില്‍ നടന്നുവരുന്നതെന്നും അറിവായി. 2500 രൂപ വിലയുള്ള ഒരു ടി ഒ ഡി മീറ്റര്‍ ലക്ഷക്കണക്കായി ഒന്നിച്ചുവാങ്ങുമ്പോള്‍ 1800 രൂപ പോലും വിലവരില്ല. ഇവയാണ് ഉപഭോക്താവിന്റെ തലയില്‍ കെട്ടി വെച്ച് 2500 രൂപവീതം കവര്‍ച്ച ചെയ്യാന്‍ പദ്ധതി ചമച്ചിരിക്കുന്നത്. ഉപഭോക്താവ് വാങ്ങുന്ന മീറ്ററിന് ഉപഭോക്താവുതന്നെ പ്രതിമാസം 65 രൂപവീതം വാടകയും നല്‍കണമെന്ന വ്യവസ്ഥയ്ക്കും പകല്‍കൊള്ളയുടെ മറ്റൊരു മുഖമാണുള്ളത്.

2500 രൂപയുടെ ടി ഒ ഡിമീറ്ററിന് അവ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ 30 ശതമാനം വരെ കമ്മിഷന്‍ നല്‍കാറുണ്ടെന്നാണ് വൈദ്യുതി മേഖലയുമായി ബന്ധമുള്ള വിദഗ്ധര്‍ പറയുന്നത്. ലക്ഷക്കണക്കിന് മീറ്റര്‍ വാങ്ങുന്നത് വഴി കോടികളുടെ കുംഭകോണമാണ് ബോര്‍ഡില്‍ അരങ്ങേറാന്‍ പോകുന്നത്.

ലോ ടെന്‍ഷന്‍ വൈദ്യുതി ഉപഭോഗമുള്ള വ്യവസായ സ്ഥാപനങ്ങള്‍, വാണിജ്യ - വ്യാപാര സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന കാര്യം പഠിക്കാന്‍ ബോര്‍ഡിലെ കോര്‍പറേറ്റ് പ്ലാനിംഗ് വിഭാഗം ചീഫ് എഞ്ചിനീയറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് കേരളം ദര്‍ശിക്കാനിരിക്കുന്നതെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
(കെ രംഗനാഥ്)

janayugom 120912

1 comment:

  1. വമ്പന്മാരില്‍ നിന്നും മന്ത്രിമന്ദിരങ്ങളടക്കമുള്ള സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും 1300 കോടിയില്‍പരം രൂപയുടെ കറന്റ് ചാര്‍ജ്ജ് കുടിശ്ശിക പിരിച്ചെടുക്കാതെ 1889 കോടിയുടെ കള്ളക്കണക്കുകള്‍ ചമച്ച് വന്‍വൈദ്യുത നിരക്ക് വര്‍ധനയിലൂടെ ഉപഭോക്താക്കളെ കൊള്ളയടിച്ച വൈദ്യുതിബോര്‍ഡ് വീണ്ടുമൊരു കറണ്ടടിക്ക് കളമൊരുക്കി.

    ReplyDelete