Wednesday, September 12, 2012

ടെന്‍ഡര്‍ മാനദണ്ഡം വന്‍കിടക്കാരെ സഹായിക്കാനെന്ന് ആക്ഷേപം


മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ കാരുണ്യ ഫാര്‍മസികളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത് ഒരു പ്രത്യേക കമ്പനിയെ സഹായിക്കുന്ന രീതിയിലാണെന്ന് ആരോപണം. പതിമൂന്നര ലക്ഷത്തോളം രൂപ ചെലവുകണക്കാക്കുന്ന പദ്ധതി നടപ്പാക്കാന്‍ 25 കോടിയോളം രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി വേണമെന്ന ടെന്‍ഡറിലെ നിബന്ധനയാണ് വിവാദമായത്. ഈ മാനദണ്ഡപ്രകാരം കേരളത്തിലെ ആര്‍ക്കും ടെന്‍ഡറില്‍ പങ്കെടുക്കാനാകില്ല. വടക്കേ ഇന്ത്യയിലുള്ള ഒരു കമ്പനിയെ സഹായിക്കാനാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഈ മാനദണ്ഡം വച്ചതെന്നാണ് ആക്ഷേപം.

കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയം ഒരു കിലോവാട്ട് സൗരോര്‍ജ വൈദ്യുതിക്ക് 2.7 ലക്ഷം രൂപവരെയാണ് ചെലവു നിശ്ചയിച്ചിരിക്കുന്നത്്. അപ്പോള്‍ ഇതിന്റെ 30 ശതമാനം മന്ത്രാലയം സബ്സിഡി നല്‍കും. കേരളത്തില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായ അനര്‍ട്ട് ഒരു കിലോവാട്ട് സൗരോര്‍ജ വൈദ്യുതിക്ക് 2.5 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. കാരുണ്യ ഫാര്‍മസിയുടെ 36 സെന്ററാണ് സംസ്ഥാനത്തുള്ളത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുള്ളത് ഓരോ സെന്ററിലും അഞ്ചു കിലോവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനാണ്. അങ്ങനെ നോക്കുമ്പോള്‍ കേന്ദ്രത്തിന്റെ കണക്കുപ്രകാരം 4.72 കോടി പദ്ധതിക്കായി ചെലവുവരും; അനര്‍ട്ടിന്റെ കണക്കുപ്രകാരം 4.37 കോടിയും. അഞ്ചുകോടിയില്‍ താഴെമാത്രം ചെലവുവരുന്ന പദ്ധതി നടപ്പാക്കാന്‍ 25 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള ഏജന്‍സിവേണമെന്ന് ആവശ്യപ്പെടുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വാര്‍ഷികവിറ്റുവരവ് മൂന്നു കോടി രൂപവരെയുള്ള ഏജന്‍സികളെയും ഇത്തരം ടെന്‍ഡറില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കെടുക്കുപ്പിക്കുന്നുണ്ട്. ഇതു പരിഗണിക്കാതെ സംസ്ഥാനത്തെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍, വന്‍കിടക്കാരെ വേണമെന്ന നിബന്ധനവച്ചത് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഏജന്‍സിക്ക് കരാര്‍ നല്‍കാനാണെന്ന് വ്യക്തമാണ്.

വേറെയും നിരവധി മാനദണ്ഡങ്ങള്‍ ടെന്‍ഡറില്‍ പറയുന്നുണ്ട്. അവയും ഈ പ്രത്യക കമ്പനിക്കുമാത്രം യോജിക്കുന്നവയാണ്. സംസ്ഥാന ആരോഗ്യവകുപ്പ് എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും ഇത്തരം സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. കോടികളുടെ ബിസിനസാകും ഇതുമായി ബന്ധപ്പെട്ട് നടക്കുക. ഇപ്പോള്‍ ടെന്‍ഡര്‍ നല്‍കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ രഹസ്യമായി തീരുമാനിച്ച കമ്പനിക്കുതന്നെ വരാന്‍പോകുന്ന പദ്ധതികളുടെ നടത്തിപ്പും ലഭിക്കാന്‍ സാധ്യതയേറും.
(വി ഡി ശ്യാംകുമാര്‍)

deshabhimani 120912

No comments:

Post a Comment