Friday, September 7, 2012
കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കി
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കി. കരാര്‍ ലഭിച്ച സ്റ്റൂപ്പ് കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് കരാര്‍ നിബന്ധന ലംഘിച്ചെന്നും ഈ കമ്പനി കരിമ്പട്ടികയില്‍പ്പെട്ടെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇക്കാര്യം വിമാനത്താവള കമ്പനി ഹൈക്കോടതിയെ അറിയിച്ചു. പുതിയ കരാറിനായി വീണ്ടും ടെന്‍ഡര്‍ വിളിക്കും. സ്റ്റൂപ്പ് കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കിയത് ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനികളെ ഒഴിവാക്കിയാണ് സ്റ്റൂപ്പിന് കരാര്‍ നല്‍കിയത്. ഈ നടപടിക്കെതിരെ കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചു. പഞ്ചാബ് ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്മെന്റ് ബോര്‍ഡാണ് സ്റ്റൂപ്പിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനു പുറമെ ബിബിഎംപി (ബൃഹത് ബംഗളൂരു മഹാനഗര പാലികെ), രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവയും സ്റ്റൂപ്പിനെ അയോഗ്യരാക്കിയിരുന്നു. അയോഗ്യമാക്കപ്പെട്ട കമ്പനിക്ക് വിമാനത്താവള കണ്‍സള്‍ട്ടന്‍സി കരാര്‍ ലഭിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സ്റ്റൂപ്പിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിനുള്ള മറുപടിയില്‍ തങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി സ്റ്റൂപ്പ് അധികൃതര്‍ സമ്മതിച്ചു. എന്നാല്‍, ഈ നടപടി നിലവിലില്ലെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു. കമ്പനി അധികൃതര്‍തന്നെ നടപടിക്ക് വിധേയമായ കാര്യം സമ്മതിച്ചതിനാലാണ് കരാര്‍ റദ്ദാക്കിയതെന്ന് മന്ത്രി കെ ബാബുവിന്റെ ഓഫീസ് അറിയിച്ചു.
സ്റ്റൂപ്പിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ ആഗസ്തില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയില്‍ തങ്ങളെ ഒരിടത്തും കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടില്ലെന്ന് സ്റ്റൂപ്പ് വ്യക്തമാക്കിയിരുന്നു. കമ്പനി അധികൃതരുടെ വാദമുഖങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പഞ്ചാബ് ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്മെന്റ് ബോര്‍ഡ് സ്റ്റൂപ്പിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ഇതിനിടെ, കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ മുംബൈയിലെ സ്റ്റൂപ് കമ്പനിക്കു നല്‍കിയത് റദ്ദാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കണ്‍സള്‍ട്ടന്‍സി നിയമനത്തിനായി പുതിയ ടെന്‍ഡര്‍ ക്ഷണിക്കുമെന്നും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ എ ജലീല്‍ കോടതിയെ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാറില്‍ ക്രമക്കേട് ആരോപിച്ച് കൊച്ചിയിലെ മിര്‍ പ്രോജക്ട്സ് ആണ് കോടതിയെ സമീപിച്ചത്.
deshabhimani 070912
Subscribe to:
Post Comments (Atom)
No comments:
Post a Comment