Thursday, January 3, 2013
കോട്ടയം വിസി പദവിയും സാമുദായിക വീതംവയ്പിന്
കലിക്കറ്റ് സര്‍വകലാശാല മാതൃകയില്‍ എം ജി, കേരള സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍ പദവിയും സാമുദായിക വീതംവയ്പിനു നീക്കിവച്ചതോടെ തമ്മിലടിയും മൂര്‍ച്ഛിച്ചു. ഘടകകക്ഷികള്‍ തമ്മിലും ഓരോ പാര്‍ടിക്കകത്തും വീതംവയ്പിന്റെ പേരില്‍ അടി തുടങ്ങി. മത-സാമുദായിക സംഘടനകളും സംഘടിതമായ വിലപേശലും സമ്മര്‍ദ തന്ത്രവും പയറ്റുന്നു. കത്തോലിക്കാ സമുദായം ഒരു പക്ഷത്തും എന്‍എസ്എസ് മറുപക്ഷത്തുമായാണ് അടി. എം ജിയില്‍ കത്തോലിക്കാ വിഭാഗത്തില്‍പെട്ടയാളെത്തന്നെ വിസിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ശഠിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും ഇതിനുണ്ട്. ഇതനുസരിച്ച് വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതി തയ്യാറാക്കിയ ലിസ്റ്റില്‍ സര്‍ക്കാര്‍ നോമിനിയായി ഒന്നാമത് ഉള്‍പ്പെടുത്തിയത് ക്രൈസ്റ്റ് കോളേജ് ജിയോളജി വിഭാഗം പ്രൊഫസറും കേന്ദ്ര സര്‍വകലാശാല ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡയറക്ടറുമായ എ വി ജോര്‍ജിനെയാണ്. കേരള സര്‍വകലാശാല പൊളിറ്റിക്സ് വിഭാഗം മേധാവിയായി വിരമിച്ച ജി ഗോപകുമാറാണ് സര്‍ക്കാരിന്റെ രണ്ടാം നോമിനി. മൂന്നാമന്‍ കേരള സര്‍വകലാശാല അധ്യാപകന്‍ ഡോ. വി പ്രസന്നകുമാറാണ്. നായര്‍സമുദായത്തില്‍പെട്ട അവസാന രണ്ടു പേരില്‍ ഒരാളെ വിസിയാക്കിയേ പറ്റൂ എന്നാണ് എന്‍എസ്എസ് നിലപാട്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പിന്തുണയും ഇവര്‍ക്കുണ്ട്. രണ്ടുപേരും എന്‍എസ്എസ് ആസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നതായാണ് വിവരം.
ജോര്‍ജിനെ നിയമിക്കാനുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാനിരിക്കെ എതിര്‍വിഭാഗം വിവാദത്തിനു തിരികൊളുത്തി. സര്‍വകലാശാലയില്‍ 10 വര്‍ഷത്തെ പ്രൊഫസര്‍ഷിപ് ജോര്‍ജിനില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ജോര്‍ജിനെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് യോജിപ്പില്ലെന്ന പ്രചാരണം മാധ്യമങ്ങളിലൂടെ നടത്തുകയുമാണ്. മുസ്ലിംലീഗിനും ജോര്‍ജിനെയാണ് താല്‍പ്പര്യം. പത്തുവര്‍ഷത്തെ പ്രൊഫസര്‍ഷിപ് വേണമെന്ന യുജിസി മാനദണ്ഡത്തിന്റെ പേരിലാണ് ജോര്‍ജിനെ ഒഴിവാക്കാന്‍ മറുവിഭാഗം ശ്രമിക്കുന്നത്. എന്നാല്‍, യുജിസി ഈ മാനദണ്ഡം നീക്കിയതായി ജോര്‍ജിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. മൂവരും ഒരേ കാലയളവിലുള്ളവരാണ്. യോഗ്യതയിലും ഒരേ നിലവാരത്തിലുള്ളവരാണെന്നും അവകാശപ്പെടുന്നു. എന്നാല്‍, മുന്‍കാലങ്ങളില്‍ മാനദണ്ഡമാക്കിയിരുന്ന ഉന്നത അക്കാദമിക് യോഗ്യതയും പ്രവര്‍ത്തനപരിചയവും യുഡിഎഫ് സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി. ജാതിയും മതവും സമുദായവുംമാത്രമാണ് ഇപ്പോഴത്തെ മാനദണ്ഡം. കോട്ടയത്ത് ക്രിസ്ത്യാനിയെയും തിരുവനന്തപുരത്ത് നായരെയും നിയമിച്ച് സാമുദായിക പ്രീണനം സന്തുലിതമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. എന്നാല്‍, കേരളയിലെ നിയമനം അനിശ്ചിതമായി നീളും. കേരളയില്‍ തങ്ങളുടെ ഇംഗിതം നടപ്പാക്കാന്‍ നിര്‍ണയസമിതിയിലെ യൂണിവേഴ്സിറ്റി പ്രതിനിധിയെ സെനറ്റില്‍ നിന്നുതന്നെ നീക്കി. പകരം നിയമനം നടത്തിയെന്ന് പറയുന്നതല്ലാതെ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ലീഗല്‍ അഡൈ്വസര്‍ രാജിവച്ചു
കേരള സര്‍വകലാശാലയിലെ നോമിനേറ്റഡ് സിന്‍ഡിക്കറ്റ് അംഗങ്ങളായ കോണ്‍ഗ്രസുകാരുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ലീഗ് നോമിനിയായ ലീഗല്‍ അഡൈ്വസര്‍ രാജിവച്ചു. സംവരണവിഷയത്തില്‍ വ്യാഴാഴ്ച ലോകായുക്തമുമ്പാകെ പരിഗണനയ്ക്കെടുക്കുന്ന കേസില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയതാണ് ലീഗല്‍ അഡൈ്വസര്‍ അഡ്വ. എ അബ്ദുള്‍ ഹക്കീമിന്റെ പൊടുന്നനെയുള്ള രാജിക്ക് കാരണം. വ്യാഴാഴ്ച പരിഗണിക്കുന്ന കേസില്‍ ലീഗല്‍ അഡൈ്വസര്‍ക്ക് പകരം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഹാജരാകുമെന്നു കാണിച്ച് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന്റെ കത്ത് ചൊവ്വാഴ്ചയാണ് അബ്ദുള്‍ ഹക്കീമിന് ലഭിച്ചത്. ബുധനാഴ്ചതന്നെ രാജിക്കത്ത് നല്‍കി.വിവാദമായ സംവരണവിഷയത്തില്‍ നോമിനേറ്റഡ് സിന്‍ഡിക്കറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളും ലീഗും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. വിഷയത്തില്‍ ലീഗല്‍ അഡൈ്വസര്‍ ലീഗ് പക്ഷം പിടിക്കുമെന്നു കരുതിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സമ്മര്‍ദം ചെലുത്തി ഇയാളെ മാറ്റിയത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലും ലീഗ് നോമിനിയായി ഇയാള്‍ ലീഗല്‍ അഡൈ്വസര്‍ ആയിരുന്നു. ഇത്തവണ ചുമതലയേറ്റതുമുതല്‍ സിന്‍ഡിക്കറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളുമായി ഭിന്നിപ്പിലായിരുന്നു. ഇതാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചത്.
deshabhimani 030113
Subscribe to:
Post Comments (Atom)
No comments:
Post a Comment