Sunday, September 2, 2012

രണ്ടാം മാറാട് കലാപം: ഗൂഢാലോചന സിബിഐ അന്വേഷിക്കണം- ഡിവൈഎഫ്ഐ


ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കേസ് സിബിഐ അന്വേഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സ്പെഷ്യല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

കൂട്ടക്കൊലക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നത് ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ്. കൂട്ടക്കൊലയ്ക്ക് പിന്നിലെ ധനസ്രോതസ്, ഗൂഢാലോചന എന്നിവ സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നുള്ള തോമസ് പി ജോസഫ് കമ്മീഷന്റെ നിര്‍ദേശം 2006ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മൂന്നുതവണ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയില്ല. തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ പി നിഖില്‍ രാജേഷിനെ ഹാരമണിയിച്ചു. ജില്ലാ സെക്രട്ടറി എം ഗിരീഷ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി. കെ കെ ഹനീഫ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, പി നിഖില്‍ എന്നിവര്‍ സംസാരിച്ചു. കെ ബൈജു സ്വാഗതവും പി എം ആതിര നന്ദിയും പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യുവജനങ്ങളെ ദ്രോഹിക്കുന്നു: ടി വി രാജേഷ്

കോഴിക്കോട്: പെന്‍ഷന്‍പ്രായം ഉയര്‍ത്തിയും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയും യുവജനങ്ങളെ ദ്രോഹിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. ജില്ലാ സ്പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെല്ലിയാമ്പതിയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ഹോട്ടല്‍ പണിയാന്‍ എഴുതിക്കൊടുക്കാനാണ് എമര്‍ജിങ് കേരള പോലുള്ള ഗുണ്ടുപ്രഖ്യാപനം ഉമ്മന്‍ചാണ്ടി നടത്തുന്നത്.വര്‍ഷത്തില്‍ ഒരുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ തൊഴില്‍സംരംഭകത്വ മിഷന്‍കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. ജനവിരുദ്ധ നയങ്ങള്‍ തടരുന്ന സര്‍ക്കാര്‍ കമ്യൂണിസ്റ്റ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കുകയാണ്. ഏറെക്കാലം ആരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാവില്ല. അധികാരത്തിന്റെ തിണ്ണബലത്തില്‍ കെട്ടിപ്പൊക്കിയ കള്ളക്കേസുകള്‍ അധികകാലം നിലനില്‍ക്കില്ല. നിയമം നീതിയുടെ വഴിക്കല്ല ലീഗിന്റെ വഴിക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 020912

1 comment:

  1. ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കേസ് സിബിഐ അന്വേഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സ്പെഷ്യല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

    ReplyDelete