Monday, September 3, 2012

ലാന്‍ഡ് ബാങ്ക് തകര്‍ക്കാന്‍ നീക്കം


എമര്‍ജിംഗ് കേരള എന്ന വ്യവസായവകുപ്പിന്റെ കാര്‍മ്മികത്വത്തിലുള്ള ഭൂമാഫിയ തട്ടിപ്പിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാരിന്റെ കൈവശഭൂമികള്‍ സംബന്ധിച്ച ലാന്‍ഡ്ബാങ്ക് രേഖകള്‍ നശിപ്പിക്കാന്‍ ഗൂഢാലോചന. സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ചുവിഭാഗം ഇതുസംബന്ധിച്ച ചില സൂചനകള്‍ റവന്യൂ വകുപ്പിന് നല്‍കിയതായും അറിയുന്നു.

എല്‍ ഡി എഫ് സര്‍ക്കാരില്‍ കെ പി രാജേന്ദ്രന്‍ റവന്യൂമന്ത്രിയായിരുന്നപ്പോഴാണ് റവന്യൂവകുപ്പിന്റെ കീഴിലുള്ള കായല്‍പുറമ്പോക്ക്, റോഡ് പുറമ്പോക്ക്, പുറമ്പോക്ക് കരഭൂമികള്‍, റവന്യൂ പതിവ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമികള്‍, അന്യം നില്‍പ്പ് ഭൂമികള്‍, റവന്യുതുരുത്തുകള്‍, മിച്ചഭൂമി, സര്‍ക്കാര്‍ തരിശ്, മൂന്നാര്‍ മേഖലയില്‍ കയ്യേറ്റക്കാരില്‍ നിന്നു പിടിച്ചെടുത്ത ഭൂമികള്‍, റവന്യൂചതുപ്പുകള്‍, റവന്യൂ രേഖകളിലുള്ള കുളങ്ങള്‍, ചിറകള്‍ എന്നിവയുടെ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള കേരള സ്റ്റേറ്റ് ലാന്‍ഡ് ബാങ്ക് രൂപീകരിച്ചത്. സര്‍ക്കാര്‍ ഭൂമിയെ സംബന്ധിച്ച് 14 ജില്ലാ കലക്ടറേറ്റുകളില്‍ നിന്നും സമഗ്രമായ രേഖകളാണ് ലാന്‍ഡ് ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ളത്.

ഇതനുസരിച്ച് ഇപ്പോള്‍ ലാന്‍ഡ് ബാങ്കിലുള്ളത് 25793 സ്ഥലങ്ങളിലായി 70988.75 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാരിന്റെ കൈവശഭൂമികളെ സംബന്ധിച്ച ഈ നിര്‍ണായകരേഖകള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിച്ചാല്‍ ലാന്‍ഡ് ബാങ്കിലുള്ള ഭൂമികള്‍ എമര്‍ജിംഗ് കേരള എന്നപേരില്‍ എളുപ്പത്തില്‍ തട്ടിയെടുക്കാനാവും.

വാഗമണിലും ഇടുക്കിയിലും ലാന്‍ഡ് ബാങ്കിന്റെ കൈവശമുള്ള ഭൂമികളില്‍ നടന്നുവരുന്ന സംഘടിതമായ കയ്യേറ്റങ്ങള്‍ ഈ രേഖകള്‍ നശിപ്പിക്കപ്പെടുകയോ അവയില്‍ തിരിമറി നടത്തുകയോ ചെയ്തതിന്റെ സൂചനയാകാമെന്ന് റവന്യൂവകുപ്പ് വൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. നെല്ലിയാമ്പതിയില്‍ തോട്ടം മാഫിയ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ വനഭൂമിയെക്കുറിച്ച് ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നു. പക്ഷേ വാഗമണിലെ വന്‍കയ്യേറ്റങ്ങളെക്കുറിച്ച് ഇതുവരെ ഒരന്വേഷണമോ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളോ ഉണ്ടാകാത്തത് ദുരൂഹമാകുന്നു. വാഗമണില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ച് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച 740 ഏക്കര്‍ ഭൂമിയില്‍ 117 ഏക്കര്‍ ഇതിനകം കയ്യേറിക്കഴിഞ്ഞു. സര്‍ക്കാര്‍ സ്ഥാപിച്ച 43 ബോര്‍ഡുകള്‍ പിഴുതുമാറ്റിയാണ് സര്‍ക്കാര്‍ ഭൂമി മാഫിയാസംഘങ്ങള്‍ കയ്യേറിയിരിക്കുന്നത്. പൈന്‍വാലി, മൂണ്‍മല, കണ്ണംകുളം, അറപ്പുകാട്ടുമല, കോലാഹലമേട്, കൊച്ചു കുരുന്തരുവി എന്നീ വാഗമണ്‍ മേഖകളിലാണ് ഇപ്പോഴും കയ്യേറ്റം നടക്കുന്നതെന്ന് സ്‌പെഷല്‍ ബ്രാഞ്ച് അധികൃതരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മില്‍മ, കാര്‍ഷിക സര്‍വകലാശാല, കെ ടി ഡി സി എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്കടുത്താണ് കയ്യേറ്റങ്ങള്‍ ഏറെയും. ഇവയെല്ലാം ലാന്‍ഡ്ബാങ്കിലെ ഭൂമികളാണ്. ഒരു പ്രമുഖ ബാര്‍ ഉടമ പൈന്‍വാലിയില്‍ കയ്യേറിയത് മില്‍മയുടെയും കാര്‍ഷിക സര്‍വകലാശാലയുടെയും ഭൂമിയാണ്.

വാഗമണില്‍ പീരുമേട് തഹസീല്‍ദാരും വാഗമണ്‍ വില്ലേജ് ഓഫീസറും രണ്ട് ഓഫീസുകളിലെയും ജീവനക്കാരും ചേര്‍ന്നാണ് കയ്യേറ്റതന്ത്രങ്ങള്‍ മെനയുന്നത്. കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട റവന്യൂമന്ത്രി അടൂര്‍പ്രകാശ് കയ്യേറ്റക്കാരുടെ ഭൂമിക്കു പട്ടയം നല്‍കുകയോ അവരുടെ കരം സ്വീകരിക്കുകയോ ചെയ്യരുതെന്ന് ഇടുക്കി ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കിയിലെ കയ്യേറ്റഭൂമികളും ലാന്‍ഡ്ബാങ്കില്‍ നിക്ഷേപിച്ചവയാണ്.

ലാന്‍ഡ് ബാങ്കിലെ സര്‍ക്കാര്‍ ഭൂമികള്‍ സംരക്ഷിക്കുന്നതിന് ഹോംഗാര്‍ഡുകളെ നിയമിക്കാന്‍ റവന്യൂമന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്‍ പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പിഴുതുമാറ്റി ലാന്‍ഡ് ബാങ്ക് ഭൂമികള്‍ കയ്യേറിയത് ഇത് സംബന്ധിച്ച രേഖകള്‍ നശിപ്പിക്കുകയോ അവയില്‍ കൃത്രിമം കാട്ടുകയോ ചെയ്തിട്ടുണ്ടാവാമെന്ന സംശയം ബലപ്പെടുത്തുന്നു. വാഗമണിനുപുറമെ വാഗമണിന്റെ വിവിധഭാഗങ്ങളിലായി 353.7 ഹെക്ടര്‍ ഭൂമി അടുത്തദിവസങ്ങളില്‍ കയ്യേറിയതായി ഇന്റലിജന്‍സ് ഡി ജി പി ടി പി സെന്‍കുമാര്‍ ആഭ്യന്തരവകുപ്പിനയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കയ്യേറ്റത്തിനു വ്യാജപട്ടയങ്ങള്‍ സമ്പാദിച്ചശേഷം മറിച്ചുവില്‍ക്കുന്ന ഏര്‍പ്പാടും തിരക്കിട്ടുനടക്കുന്നുണ്ട്. എമര്‍ജിംഗ് കേരള തട്ടിപ്പിനു മുന്നോടിയായി നടക്കുന്ന വ്യാപകമായ ഭൂമികയ്യേറ്റങ്ങളും ലാന്‍ഡ് ബാങ്ക് രേഖകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണവിഭാഗം പ്രകടിപ്പിക്കുന്ന ആശങ്കയും കൂട്ടിവായിക്കേണ്ടതാണ്.
ലാന്‍ഡ് ബാങ്ക് രേഖകള്‍ നശിപ്പിക്കാനുള്ള കൊടിയ ഗൂഢാലോചന പരിഗണിച്ച് എല്ലാ രേഖകളും ലാന്‍ഡ് റവന്യൂ കമ്മിഷണറുടെയും ബാങ്കിന്റെ സ്‌പെഷല്‍ ഓഫീസറുടെയും പക്കല്‍ നിന്നും ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ ലോക്കറില്‍ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കസ്റ്റോഡിയനായി സൂക്ഷിക്കുന്നതിനെക്കുറിച്ച് അടിയന്തരമായി ആലോചിക്കുമെന്ന് റവന്യൂമന്ത്രാലയ വൃത്തങ്ങളില്‍ നിന്ന് അറിവായിട്ടുണ്ട്.

എമര്‍ജിങ് കേരള: സ്വകാര്യകമ്പനിക്ക് ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ നീക്കം

പീരുമേട്: വനംവകുപ്പിന്റെ കൈയ്യില്‍ നിന്നും ടൂറിസം വകുപ്പിനു കൈമാറിയ കോലാഹലമേട്ടിലെ 480 ഏക്കര്‍ഭൂമി എമര്‍ജിങ് കേരള പദ്ധതിയില്‍പ്പെടുത്തി സ്വകാര്യകമ്പനിക്ക് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം.

മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കോട്ടയം ഇടുക്കി ജില്ലകളിലായി 480 ഏക്കര്‍ ഭൂമി പൂഞ്ഞാര്‍ കോവിലകത്തെ ഒരു അവകാശിയുടെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി കൈവശപ്പെടുത്തുവാനുള്ള നീക്കം നടന്നിരുന്നു. ഇതിനെ എതിര്‍ത്ത ജനകീയ സമരങ്ങളുടെയും കോടതി ഇടപെടലുകളുടെയും ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും നിഷിപ്ത വനമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് കൊടുക്കുവാന്‍ കഴിയില്ലെന്ന എല്‍ ഡി എഫ് മന്ത്രിസഭയിലെ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെയും, മുഖ്യമന്ത്രിയായിരുന്ന വി എസിന്റെയും നിലപാടുകള്‍ കൈയ്യേറ്റലോബിക്ക് തിരിച്ചടിയായി നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീണ്ടും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് വീണ്ടും കൈമാറ്റ നടപടികള്‍ ആരംഭിക്കുകയായിരുന്നു. നിരവധി പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പും വനം വകുപ്പിന്റെ വിയോജന കുറിപ്പും ഉണ്ടായിട്ടും ടൂറിസം വകുപ്പിനു ഭൂമി വിട്ടുകൊടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ ഭൂമിയാണ് എമര്‍ജിങ് കേരളയിലൂടെ ഇപ്പോള്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിലൂടെ വാഗമണ്‍ മലനിരകളില്‍ സ്ഥാപിക്കാന്‍ പോകുന്ന കോട്ടേജുകളും റോഡുകളുടെ നിര്‍മ്മാണവും മൂലം മേഖലയിലെ ജൈവ സമ്പത്തിനു നാശം സംഭവിക്കുകയും കാലാവസ്ഥ തകിടം മറിയുകയും ചെയ്യും.

 നിലവില്‍ വാഗമണ്ണിലെ മലനിരകള്‍ ഇടിച്ച് പാറമടകളുടെ പ്രവര്‍ത്തനവും കാലാവസ്ഥയില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്, ശബരിമലയോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലയായ കോലാഹലമേട് മലനിരകളുടെയും, ചോലവനങ്ങളുടെയും, നാശം കേരളത്തിലെ രണ്ട് പ്രധാന നദികളായ മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും നീരൊഴുക്കിനെ ബാധിക്കും ഇവയുടെ ഉല്‍ഭവസ്ഥാനം ഈ മലനിരകളും ചോലവനങ്ങളും, പുല്‍മേടുകള്‍ ഉള്‍പ്പെടുന്ന മൊട്ടക്കുന്നുകളുമാണ്. 120 കോടി മുടക്കി അടിസ്ഥാനസൗകര്യങ്ങളൊരുക്കി സ്വകാര്യമേഖലക്ക് ഭൂമി കൊടുക്കുമ്പാള്‍ കെ ടി ഡി സിയുടെ നേരിട്ടുള്ള പാരാഗ്‌ളൈഡിംഗ്, ഗോകര്‍ട്ടിങ്, സൈകഌങ്, ട്രക്കിങ് എന്നിവയുള്‍പ്പെടെയുള്ള സ്‌ളോര്‍ട്ട് കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനും അനുവദിച്ചത് 5 കോടി മാത്രമാണ്.

എമര്‍ജിംഗ് കേരള ജിമ്മിനെക്കാള്‍ ആപത്ക്കരം: വി എസ് അച്യുതാനന്ദന്‍

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ജിമ്മിനെക്കാള്‍ ആപത്ക്കരമാണ് എമര്‍ജിംഗ് കേരള എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.എമര്‍ജിംഗ് കേരളയെക്കുറിച്ച് ആലോചിക്കാന്‍ രണ്ടാഴ്ച മുമ്പ് മാത്രമാണ് സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വിളിച്ചുകൂട്ടിയത്.കേരള പരിസ്ഥിതി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 എന്തെതിര്‍പ്പുണ്ടായാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വെല്ലുവിളി മട്ടില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  ജനങ്ങളാകെ എതിര്‍ത്താലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന വെല്ലുവിളിയാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നതെന്ന് വി എസ് പറഞ്ഞു. വികസനമെന്നാല്‍ പരിസ്ഥിതിയെ നശിപ്പിക്കലല്ലെന്ന് മുന്‍മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.പരിസ്ഥിതി വിരുദ്ധ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. ഇതിനെ എതിര്‍ത്ത് തോല്‍പ്പിക്കുകതന്നെ ചെയ്യും. ജിമ്മിനെക്കാള്‍ ഗുരുതരമായിരിക്കും എമര്‍ജിംഗ് കേരള.
കേരളത്തിന് അനുയോജ്യമല്ലാത്ത പദ്ധതികളാണ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ബിനോയ് പറഞ്ഞു. .സംസ്ഥാനത്തെ ഭൂമിയുടെ ഡേറ്റാബാങ്ക് നടപ്പിലാക്കണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച മുന്‍മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. വ്യവസായത്തിന് നല്‍കുന്ന ഭൂമി വ്യവസായേതര റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വികസനമാകില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭൂപരിഷ്‌ക്കരണ നിയമത്തെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ എമര്‍ജിംഗ് കേരള പദ്ധതി നടപ്പാക്കാവൂ: പന്ന്യന്‍

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളേയും പരിസ്ഥിതി സംഘടനകളേയും ജനപ്രതിനിധികളേയും ബോധ്യപ്പെടുത്തി മാത്രമേ എമര്‍ജിംഗ് കേരള പദ്ധതി നടപ്പാക്കാവൂ എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.

എമര്‍ജിംഗ് കേരളയുടെ പേരില്‍ വാചാലനാവുകയും വാശിപിടിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി വിശദാംശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തയ്യാറാകാത്തത് ദുരൂഹമാണ്. സുതാര്യത ഉറപ്പാക്കി മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരെതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിക്ക്, സ്വന്തം പാര്‍ട്ടിക്കാരേയും എം എല്‍ എ മാരേയുംപോലും ബോധ്യപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

കേരളത്തിന്റെ പ്രകൃതിസമ്പത്തും ഭൂമിയും തട്ടിയെടുക്കുവാന്‍ തക്കംപാര്‍ത്തിരിക്കുന്ന വനം, റിയല്‍ എസ്റ്റേറ്റ്, മണല്‍ മാഫിയകളുടെ അത്യാര്‍ത്തിക്കുമുന്നില്‍ മുഖ്യമന്ത്രി കീഴടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളെ വികസന വിരുദ്ധ മുദ്രകുത്തി രക്ഷപെടാമെന്നാണ് മുഖ്യമന്ത്രി ധരിക്കുന്നത്. നാടിന്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷ പാര്‍ട്ടികളെന്ന് ജനങ്ങള്‍ക്കറിയാം.

എമര്‍ജിംഗ് കേരളയുടെ പേരില്‍ റവന്യൂ ഭൂമികള്‍ പണച്ചാക്കുകള്‍ക്ക് പാട്ടത്തിനു നല്‍കി വന്‍തട്ടിപ്പ് നടത്തുവാനുള്ള നീക്കങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ ഒഴിവാക്കേണ്ട പദ്ധതികളും പേരു മാറ്റി എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരണകക്ഷിയില്‍പെട്ട എം എല്‍ എമാരും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. പഴയ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തും വികസന വാദഗതി ഉയര്‍ത്തിയാണ് ''ജിം'' എന്ന മാമാങ്കം നടത്തിയത്. അന്നത്തെ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറി. കേരളത്തിലെ മണ്ണും, ജലവും, പ്രകൃതി സമ്പത്തും വില്‍പ്പന നടത്തുവാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ടൂറിസത്തിന്റെ പേരില്‍ അഞ്ചു ശതമാനം ഭൂമി നല്‍കാനുള്ള അനുവാദവും, നെല്‍വയല്‍ നികത്താനുള്ള മുന്‍കാല പ്രാബല്യ നിയമവും അപകടകരമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.

ഹരിതരാഷ്ട്രീയക്കാര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാത്തതെന്തെന്ന് അവരോട് ചോദിക്കണം:  മുഖ്യമന്ത്രി 

 ഹരിത രാഷ്ട്രീയം പറയുന്നവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാത്തത് എന്തു കൊണ്ടെന്ന് അവരോടു തന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ എംഎല്‍എമാരും വി എം സുധീരനും പ്രതിപക്ഷത്തോടൊപ്പം നില്‍ക്കില്ല. ആത്മാര്‍ഥത കൊണ്ടാണ് അവര്‍  ചിലതൊക്കെ പറയുന്നതെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹരിത രാഷ്ട്രീയം പറയുന്നവര്‍ക്കു പുറമേ ധാരാളം എംഎല്‍എമാരും എം പി മാരും സംസാരിക്കുന്നുണ്ട്. എമേര്‍ജിങ്ങ് കേരളയെക്കുറിച്ച്  സംശയങ്ങള്‍ അവര്‍ ചോദിക്കുകയും അതിന് അവര്‍ക്ക് വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്നുണ്ട്.വരുന്ന പദ്ധതികള്‍ സംസ്ഥാനത്തിന് പ്രയോജനമെന്ന് കണ്ടാല്‍ മാത്രം പാട്ടത്തിന് കൊടുക്കും.

പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന യാതൊരു പദ്ധതിയും നടപ്പാക്കില്ല. പരിസ്ഥിതി ആഘാത പഠനം നടത്താതെ ഇത്തരത്തിലുള്ള യാതൊരു പദ്ധതിയും നടപ്പാക്കാന്‍ കഴിയില്ല. അതല്ലാതെ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. എമര്‍ജിങ്ങ് കേരള പദ്ധതി വളരെ സുതാര്യമായിട്ടാണ് നടക്കുന്നത്. അതിന് ഉദാഹരണമാണ് എല്ലാ കാര്യങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

janayugom 03-040912

1 comment:

  1. എമര്‍ജിംഗ് കേരള എന്ന വ്യവസായവകുപ്പിന്റെ കാര്‍മ്മികത്വത്തിലുള്ള ഭൂമാഫിയ തട്ടിപ്പിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാരിന്റെ കൈവശഭൂമികള്‍ സംബന്ധിച്ച ലാന്‍ഡ്ബാങ്ക് രേഖകള്‍ നശിപ്പിക്കാന്‍ ഗൂഢാലോചന. സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ചുവിഭാഗം ഇതുസംബന്ധിച്ച ചില സൂചനകള്‍ റവന്യൂ വകുപ്പിന് നല്‍കിയതായും അറിയുന്നു.

    ReplyDelete