Tuesday, September 25, 2012

അതിവേഗ റെയില്‍പ്പാതയ്ക്ക് റൂട്ട് മാപ്പായി


തിരുവനന്തപുരം മുതല്‍ കാസര്‍കോട്വരെ നീളുന്ന അതിവേഗ റെയില്‍പ്പാതയുടെ പ്രാഥമിക റൂട്ട്മാപ്പ് വെബ്സൈറ്റില്‍. പാതയുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് അതിവേഗ റെയില്‍ കോറിഡോര്‍ ലിമിറ്റഡിന്റെ (കെഎച്ച്എസ്ആര്‍സിഎല്‍) വെബ്സൈറ്റില്‍ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റിന്റെ ആരംഭംമുതല്‍ പ്രാഥമിക റൂട്ട്മാപ്പ് ഡൗണ്‍ലോഡ്ചെയ്യാമെന്ന അറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് ലഭിച്ചുതുടങ്ങിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ നീളുന്ന 521 കിലോമീറ്റര്‍ അതിവേഗ പാത ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്നുണ്ട്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ് (ഡിഎംആര്‍സി) സര്‍വേ നടത്തി വിശദ പദ്ധതിറിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നത്. പാതയുടെ ദിശ നിശ്ചയിക്കാനുള്ള സര്‍വേ പൂര്‍ത്തിയായി. ഉപഗ്രഹ സഹായത്തോടെയാണ് സ്ഥലം അടയാളപ്പെടുത്തിയത്. അന്തിമദിശയും വിശദ പദ്ധതിരേഖയും തയ്യാറാക്കുന്നതിനു മുന്നോടിയായുള്ള മണ്ണിന്റെ ഉറപ്പ് പരിശോധിക്കല്‍ ജില്ലകള്‍തോറും നടക്കുന്നുണ്ട്. അതിവേഗപാത കടന്നുപോകുന്ന പ്രദേശങ്ങളുടെ സൂഷ്മവിവരം പ്രാഥമിക ദിശാരേഖയിലില്ല. വിശദ പദ്ധതിരേഖ തയ്യാറാക്കുമ്പോള്‍ മാത്രമാണ് അന്തിമമായി തീരുമാനിക്കുക. ഡിസംബറോടെ ഇതു തയ്യാറാകുമെന്നാണ് കെഎസ്എച്ച്ആര്‍സി വ്യക്തമാക്കിയിട്ടുള്ളത്.

ഇപ്പോള്‍ അവരുടെ വെബ്സൈറ്റില്‍ ലഭ്യമായ രൂപരേഖപ്രകാരം തെക്ക് വടക്ക് നീളുന്ന പാതയുടെ ഏകദേശ ദിശമാത്രമാണുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനടുത്തുനിന്നാരംഭിക്കുന്ന പാത തീരദേശത്തോടുചേര്‍ന്നാണ് വടക്കോട്ടുള്ള പ്രയാണം. നിലവിലെ റെയില്‍പ്പാതയില്‍നിന്ന് കിഴക്കോട്ടുമാറി നീങ്ങി കൊട്ടിയത്ത് ആദ്യ 52 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. കൊല്ലം-പുനലൂര്‍ പാത മുറിച്ചുകടന്ന് കല്ലട, ശാസ്താംകോട്ട, കുന്നത്തൂര്‍ എന്നിവിടങ്ങളിലൂടെ പത്തനംതിട്ട ജില്ലയോടുചേര്‍ന്ന് ആലപ്പുഴ ജില്ലയിലേക്ക് കടക്കും. ചാരുംമൂടിലൂടെ ചെങ്ങന്നൂരിലെത്തി 104 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. തിരുവല്ല പാതയ്ക്ക് സമാന്തരമായി നീങ്ങി ചങ്ങനാശേരി, നാട്ടകം വഴി കോട്ടയത്തെത്തും. തുടര്‍ന്ന് നിലവിലുള്ള റെയില്‍പ്പാതയ്ക്ക് പടിഞ്ഞാറേ ഭാഗത്തേക്കുമാറും. മാന്നാനം, ഓണംതുരുത്ത്, വൈക്കംറോഡ് തുടങ്ങിയ പ്രദേശങ്ങള്‍ക്കടുത്തുകൂടി എറണാകുളം ജില്ലയിലേക്കെത്തും. ചോറ്റാനിക്കര, തൃപ്പൂണിത്തുറ ഭാഗത്തൂടെ എറണാകുളത്തെത്തും. തൃപ്പൂണിത്തുറ കഴിഞ്ഞാണ് എറണാകുളത്തെ സ്റ്റോപ്പ്. തുടര്‍ന്ന് പാത നിലവിലെ റെയില്‍പ്പാതയ്ക്ക് കിഴക്കുഭാഗത്തേക്ക് മാറും. ഇവിടെനിന്ന് ഇടപ്പള്ളി, കളമശേരി, അങ്കമാലി, കറുകുറ്റിവഴി റെയില്‍പ്പാതയ്ക്ക് ഏതാണ്ട് സമാന്തരമായി നീങ്ങി തൃശൂര്‍ ജില്ലയിലേക്കു കടക്കും. ഇവിടെനിന്ന് ഷൊര്‍ണൂര്‍പ്പാത മുറിച്ച് പെരിങ്ങനാട്, ചെമ്മനങ്ങാട്, തൃത്താലവഴി തിരൂരിലെത്തും. ഇവിടെനിന്ന് വാളാഞ്ചേരി, കോട്ടയ്ക്കല്‍വഴി കോഴിക്കോട്ടേക്കുള്ള പാതയ്ക്ക് സമാന്തരമായാണ് അതിവേഗപാത നീളുന്നത്. ബേപ്പൂരാണ് കോഴിക്കോട്ടെ സ്റ്റേഷന്‍. ചേമഞ്ചേരി, പയ്യോളി, മണിയൂര്‍, എടച്ചേരി, എന്നിവയ്ക്കടുത്തുകൂടി കണ്ണൂരിലേക്കെത്തും. ചൊക്ലി, കതിരൂര്‍, പെരളശേരിവഴി കടന്ന് ചേലോറയ്ക്കടുത്താണ് കണ്ണൂര്‍ ജില്ലയിലെ സ്റ്റോപ്പ്. പാപ്പിനിശേരി, കുറ്റിയേരി എന്നിവയ്ക്കടുത്തുകൂടി ആലപ്പടമ്പയിലൂടെ കാസര്‍കോട് ജില്ലയിലെ ചീമേനിയിലെത്തും. മധൂരിലാണ് കാസര്‍കോട് ജില്ലയിലെ സ്റ്റേഷന്‍. ഇപ്പോള്‍ പൂര്‍ത്തിയായ സര്‍വേയുടെ ഭാഗമായി ഓരോ സ്ഥലത്തും അടയാളക്കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടയാളത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ എവിടെ വേണമെങ്കിലും പാതയ്ക്ക് സ്ഥലമെടുക്കാമെന്നാണ് കെഎസ്എച്ച്ആര്‍സി അധികൃതര്‍ പറയുന്നത്. കൃത്യസ്ഥലം ഏതാകുമെന്ന് ഡിപിആര്‍ തയ്യാറാക്കിയശേഷമേ അറിയാനാകൂ. കോട്ടയത്ത് പാത നഗരത്തിലൂടെയാകുമെന്നും തിരുവനന്തപുരം കിഴക്കേകോട്ടയും ടെക്നോപാര്‍ക്ക് പ്രദേശവും പാതയില്‍ ഉള്‍പ്പെടുമെന്നും നഗരപ്രദേശങ്ങളെ പരമാവധി ഒഴിവാക്കുമെന്നും കെഎസ്എച്ച്ആര്‍സി സൂചിപ്പിച്ചിട്ടുണ്ട്.

deshabhimani 250912

No comments:

Post a Comment