Thursday, September 20, 2012

അധിക സിലിന്‍ഡര്‍ തീരുമാനം കേരളത്തില്‍ നടപ്പാവില്ല


സബ്സിഡിയോടെ 9 സിലിണ്ടറിന് നിര്‍ദേശം

ന്യൂഡല്‍ഹി: സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍നിന്ന് ഒന്‍പതാക്കി വര്‍ധിപ്പിക്കുന്നതിനും മൂന്ന് സിലിണ്ടറുകളുടെ സബ്സിഡി ബാധ്യത സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചു. പാര്‍ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് നിര്‍ദേശം നല്‍കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനവിരുദ്ധനയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ്, ജനകീയപ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടാനാണ് 9 സിലിണ്ടര്‍ നിര്‍ദേശം നല്‍കി സംസ്ഥാനങ്ങളുടെമേല്‍ അധിക സാമ്പത്തികബാധ്യത കയറ്റിവയ്ക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ മൂലം അനുദിനം തകരുന്ന സമ്പദ്വ്യവസ്ഥയാണ് സംസ്ഥാനങ്ങളിലുള്ളത്. കേന്ദ്രം സൃഷ്ടിക്കുന്ന അധികബാധ്യതകള്‍ സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിലപാട് ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനയുടെ അന്തഃസത്തയ്ക്കും എതിരാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ബുധനാഴ്ച രാവിലെ സോണിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പിലെ അംഗങ്ങളായ എ കെ ആന്റണി, പി ചിദംബരം എന്നിവരും പങ്കെടുത്തു. ഈ യോഗത്തിലാണ് സാമ്പത്തികപരിഷ്കരണ നടപടികള്‍ ശക്തിയായി മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനമെടുത്തത്. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപമടക്കമുള്ള തീരുമാനങ്ങള്‍ എടുക്കാനിടയാക്കിയ സാഹചര്യങ്ങള്‍ തൃണമൂല്‍ മന്ത്രിമാരോട് വിശദീകരിക്കാമെന്നും യോഗം തീരുമാനിച്ചു. മമതയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി രണ്ടുതവണ ശ്രമിച്ചെന്നും എന്നാല്‍, മമത പ്രതികരിച്ചില്ലെന്നുമാണ് കേന്ദ്ര ധനമന്ത്രി പി ചിദംബരം ആക്ഷേപിച്ചത്. ഇനിയും ആശയവിനിമയത്തിന് ശ്രമം നടത്തും. കേന്ദ്ര മന്ത്രിസഭ എടുത്ത തീരുമാനങ്ങളില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് തന്നോട് സംസാരിക്കാന്‍ ഒരു ശ്രമവുമുണ്ടായിട്ടില്ലെന്ന് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. പിന്തുണ പിന്‍വലിക്കാന്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച മമത തെറ്റിദ്ധാരണ പരത്തുന്നതില്‍നിന്ന് പിന്തിരിയണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.
(വി ജയിന്‍)

അധിക സിലിന്‍ഡര്‍ തീരുമാനം കേരളത്തില്‍ നടപ്പാവില്ല

സബ്സിഡി നിരക്കില്‍ നല്‍കുന്ന ഗ്യാസ് സിലിന്‍ഡറുകളുടെ എണ്ണം വെട്ടിക്കുറച്ചതിനെതിരായ ജനരോഷം ശമിപ്പിക്കാന്‍ കോണ്‍ഗ്രസ് കോര്‍കമ്മിറ്റി നല്‍കിയ നിര്‍ദേശം കേരളത്തില്‍ നടപ്പാവില്ല. കേന്ദ്രം സബ്സിഡി നല്‍കുന്ന ആറ് സിലിണ്ടറുകള്‍ക്ക് പുറമെ മൂന്ന് സിലിണ്ടറുകള്‍ക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സബ്സിഡി നല്‍കണമെന്നാണ് കോര്‍ കമ്മിറ്റി നിര്‍ദേശം. എന്നാല്‍, കേരളത്തില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കു മാത്രമേ ഈ സബ്സിഡി നല്‍കൂ എന്ന് ധനമന്ത്രി കെ എം മാണിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ഗ്യാസ് കണക്ഷനുള്ളവര്‍ ആരും കേന്ദ്ര മാനദണ്ഡമനുസരിച്ച് ബിപിഎല്‍ പട്ടികയില്‍ വരില്ല. ഇതോടെ കേരളത്തില്‍ ആര്‍ക്കും അധിക സബ്സിഡി ലഭിക്കില്ലെന്ന് വ്യക്തം. അതേസമയം, ഈ മാനദണ്ഡം കേരളത്തില്‍ ബാധകമല്ലെന്നും പരമാവധി പേര്‍ക്ക് സൗജന്യം നല്‍കുമെന്നുമാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ബിപിഎല്‍ പരിധിയില്‍ പെടുന്ന എത്രപേര്‍ക്ക് സൗജന്യം നല്‍കേണ്ടിവരുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗ്യാസ് കണക്ഷന്‍, രണ്ട് പോയിന്റില്‍ കൂടുതല്‍ വൈദ്യുതി കണക്ഷന്‍, ഇരുചക്രവാഹനം, ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കുന്നവര്‍ എന്നിവയുള്ളവര്‍ ബിപിഎല്‍ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാര്‍ ചട്ടം. ഈ സാഹചര്യത്തില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ മൂന്ന് സിലിണ്ടര്‍ അധികം നല്‍കുന്നതെങ്ങനെയെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തതയില്ല. സംസ്ഥാനത്ത് 70 ലക്ഷത്തിലേറെ ഗ്യാസ് ഉപഭോക്താക്കളുണ്ട്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി തീരുമാനം അംഗീകരിക്കുകയാണെങ്കില്‍ ഈ 70 ലക്ഷം പേരും മൂന്ന് സിലിണ്ടര്‍ കൂടി സബ്സിഡി നിരക്കില്‍ ലഭിക്കാന്‍ അര്‍ഹരാണ്. ഇതാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിട്ട് കൂടി കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നത്.

deshabhimani 200912

1 comment:

  1. യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനവിരുദ്ധനയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ്, ജനകീയപ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടാനാണ് 9 സിലിണ്ടര്‍ നിര്‍ദേശം നല്‍കി സംസ്ഥാനങ്ങളുടെമേല്‍ അധിക സാമ്പത്തികബാധ്യത കയറ്റിവയ്ക്കുന്നത്.

    ReplyDelete