Thursday, September 20, 2012

നാനൂറോളം മാവേലി സ്റ്റോര്‍ പൂട്ടുന്നു


ഒരുകാലത്തും ഉണ്ടാകാത്തവിധം നിത്യോപയോഗസാധനങ്ങളുടെ വില കുതിക്കുന്നതിനിടെ സിവില്‍ സപ്ലൈസ് കോര്‍പറേഷനു കീഴിലെ നാനൂറോളം മാവേലി സ്റ്റോര്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി. ഇതിനു മുന്നോടിയായി ജീവനക്കാരുടെ എണ്ണം നിജപ്പെടുത്താനെന്നപേരില്‍ പ്രതിമാസം അഞ്ചുലക്ഷം രൂപയില്‍താഴെ വിറ്റുവരവുള്ള വില്‍പ്പനശാലകള്‍ തരംതിരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതു നടപ്പാകുന്നതോടെ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടാനുണ്ടാക്കിയ സംവിധാനം വിപണിയില്‍നിന്ന് പിന്‍വാങ്ങുകയാണ്. ഇതുവഴി നാലായിരത്തിലേറെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് തൊഴിലും നഷ്ടമാകും.

അഞ്ചുലക്ഷത്തിനുതാഴെ പ്രതിമാസ വിറ്റുവരവുള്ള മുന്നൂറ്റിതൊണ്ണൂറോളം മാവേലി സ്റ്റോറാണുള്ളത്. നഷ്ടത്തിലാണെന്നപേരില്‍ ഇവ പതിയെ അടച്ചുപൂട്ടാനാണ് നീക്കം. അഞ്ചുലക്ഷം രൂപമുതല്‍ ഏഴരലക്ഷംവരെ വിറ്റുവരവുള്ള കടകളില്‍ സാധനങ്ങള്‍ എടുത്തുനല്‍കാനും പായ്ക്കുചെയ്യാനും പണം വാങ്ങാനും എല്ലാംകൂടി ഒരു ജീവനക്കാരനും ഏഴരലക്ഷത്തിനുമുകളില്‍ പ്രതിമാസ വിറ്റുവരവുള്ള സ്റ്റോറുകളില്‍ രണ്ടു ജീവനക്കാരും മതിയെന്നാണ് തീരുമാനം. ഏഴരലക്ഷം രൂപവരെ വിറ്റുവരവുള്ളിടത്ത് രണ്ടുപേരും ഏഴരലക്ഷംമുതല്‍ 10 ലക്ഷം രൂപവരെ വിറ്റുവരവുള്ളിടത്ത് മൂന്നുപേരുമാണ് നിലവില്‍ ജോലിചെയ്യുന്നത്. ഉത്തരവ് നടപ്പാകുന്നതോടെ 890 മാവേലി സ്റ്റോറിലെ ആയിരത്തിലേറെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. സപ്ലൈകോയില്‍ നിലവില്‍ ഒഴിവുള്ള 231 തസ്തികകളില്‍ റേഷനിങ് വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാണ് തീരുമാനം. സീനിയര്‍ അസിസ്റ്റന്റ് ഒന്നില്‍ 71 ഒഴിവും ജൂനിയര്‍ അസിസ്റ്റന്റുമാരുടെ 160 ഒഴിവുമാണുള്ളത്. ഈ തസ്തികകളിലേക്ക് പുതിയ അപേക്ഷ ക്ഷണിക്കാതെ ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ നിയമിച്ച് പൊതുവിതരണസംവിധാനംകൂടി അപകടത്തിലാക്കാനാണ് നീക്കം. സപ്ലൈകോയുടെ പായ്ക്കിങ് വിഭാഗത്തില്‍ ദിവസവേതനത്തിന് ജോലിചെയ്യുന്ന മൂവായിരത്തോളംപേരെ പിരിച്ചുവിട്ട് പുതിയവരെ നിയമിക്കാനും ശ്രമമുണ്ട്.

സപ്ലൈകോയെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെയും പൊതുമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നതിനെതിരെയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയ(സിഐടിയു)ന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് സപ്ലൈകോയുടെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.

deshabhimani 200912

2 comments:

  1. ഒരുകാലത്തും ഉണ്ടാകാത്തവിധം നിത്യോപയോഗസാധനങ്ങളുടെ വില കുതിക്കുന്നതിനിടെ സിവില്‍ സപ്ലൈസ് കോര്‍പറേഷനു കീഴിലെ നാനൂറോളം മാവേലി സ്റ്റോര്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി. ഇതിനു മുന്നോടിയായി ജീവനക്കാരുടെ എണ്ണം നിജപ്പെടുത്താനെന്നപേരില്‍ പ്രതിമാസം അഞ്ചുലക്ഷം രൂപയില്‍താഴെ വിറ്റുവരവുള്ള വില്‍പ്പനശാലകള്‍ തരംതിരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതു നടപ്പാകുന്നതോടെ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടാനുണ്ടാക്കിയ സംവിധാനം വിപണിയില്‍നിന്ന് പിന്‍വാങ്ങുകയാണ്. ഇതുവഴി നാലായിരത്തിലേറെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് തൊഴിലും നഷ്ടമാകും.

    ReplyDelete
  2. റേഷന്‍ പഞ്ചസാരയുടെ വിലയും കൂട്ടുന്നു

    ന്യൂഡല്‍ഹി: അവശ്യസാധനങ്ങള്‍ക്ക് സമാനതകളില്ലാതെ വില വര്‍ധിക്കുന്നതിനിടെ റേഷന്‍ പഞ്ചസാരയുടെ വില കൂട്ടാന്‍ നീക്കം. ഒരു കിലോയ്ക്ക് 10 രൂപ കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. വെള്ളിയാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പഞ്ചസാരയുടെ വിലകൂട്ടാനുള്ള തീരുമാനമെടുത്തേക്കും. ഇന്ധനവില വര്‍ധനവിന് ശേഷം സബ്സിഡി വെട്ടിച്ചുരുക്കാനുള്ള അടുത്ത പടിയാണ് റേഷന്‍ പഞ്ചസാരയുടെ വിലകൂട്ടാനുള്ള നീക്കം.

    ReplyDelete