ലഭിച്ച പദ്ധതികളെല്ലാം ഉള്‍പ്പെടുത്തിയതുകൊണ്ടാണ് എമര്‍ജിങ് കേരളയിലെ ചില പദ്ധതികള്‍ വിവാദമായതെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. എഐസിസിയുടെയും കെപിസിസിയുടെയും സാമ്പത്തിക-ആസൂത്രണ വിദഗ്ധരും സംസ്ഥാന ആസൂത്രണ ബോര്‍ഡും കാലേക്കൂട്ടി ചര്‍ച്ചചെയ്ത് അനുമതി നല്‍കിയ പദ്ധതികളാണ് എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിച്ചതെന്ന് പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ വ്യക്തമാക്കുന്നു.
ഭൂമിയും സമ്പത്തും സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്ന പദ്ധതികളാണ് എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന പരാതി ശക്തമായതിനെത്തുടര്‍ന്നാണ് പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ മന്ത്രിസഭ നിര്‍ബന്ധിതമായത്. പരിശോധന കൂടാതെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായതെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ചു പറഞ്ഞത്. ഈ പ്രസ്താവനയിലൂടെ 26 ശതമാനം മാത്രം സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഇന്‍കലും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമാണ് പ്രതിസ്ഥാനത്തുവരിക. എമര്‍ജിങ് കേരളയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്ന വന്‍കിട വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യും ഐടി കണ്‍സള്‍ട്ടന്റുമാരുടെ സംഘടനയായ നാസ്കോമും രംഗത്തുനിന്ന് അപ്രത്യക്ഷമാകുന്നു. എന്നാല്‍ ഈ രണ്ട് ഏജന്‍സികളുടെകൂടി ഇടപെടലോടെയാണ് 26 വ്യത്യസ്ത മേഖലകളിലായി അര ലക്ഷം ഹെക്ടറോളം സര്‍ക്കാര്‍ഭൂമി വിറ്റഴിച്ചുള്ള നിക്ഷേപ പദ്ധതികള്‍ തയ്യാറാക്കിയതെന്ന് മുന്നൊരുക്കങ്ങള്‍ തെളിയിക്കുന്നു.
മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും എഐസിസിയുടെ സാമ്പത്തിക, ആസൂത്രണ കമ്മിറ്റിയുടെ ഭാഗവുമായ സാം പിത്രോഡ മേയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതിന്റെ ഭാഗമായി 10 വ്യത്യസ്ത നിക്ഷേപമേഖലകള്‍ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. അതിലൊന്നാണ് എമര്‍ജിങ് കേരളയിലെ പാണക്കാട് എഡ്യു-ഹെല്‍ത്ത് സിറ്റി. ബിസിനസ്-നോളജ്സിറ്റി തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നാണ് സാം പിത്രോഡയുമായുള്ള ചര്‍ച്ചയ്ക്കുശേഷം അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എമര്‍ജിങ് കേരളയില്‍ അത് ലീഗ് ആസ്ഥാനമായ പാണക്കാട്ടേക്കു മാറി എന്നുമാത്രം. പിത്രോഡ ചൂണ്ടിക്കാട്ടിയ വേസ്റ്റ് മാനേജ്മെന്റ്, കോസ്റ്റല്‍ നാവിഗേഷന്‍, ആയുര്‍വേദം എന്നീ നിക്ഷേപ മേഖലകളും ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിയുംവരെ വിവിധ സ്വകാര്യ നിക്ഷേപസാധ്യതയുള്ള പദ്ധതികളായി എമര്‍ജിങ് കേരളയിലെത്തിയിട്ടുണ്ട്. പദ്ധതികള്‍ 2012-14ല്‍ നടപ്പാക്കാനുള്ളതാണെന്നും പിത്രോഡ വ്യക്തമാക്കിയിരുന്നു.
ചീഫ് സെക്രട്ടറി കെ ജയകുമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍, പ്ലാനിങ് സെക്രട്ടറി സുബ്രത ബിശ്വാസ്, ഫിനാന്‍സ് സെക്രട്ടറി വി പി ജോയി എന്നിവരും സാം പിത്രോഡയുടെ വന്‍ സംഘവും അന്ന് ചര്‍ച്ചയ്ക്കെത്തിയിരുന്നു. പിത്രോഡയുമായുള്ള കൂടിക്കാഴ്ച ഒരുക്കിയത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഷാഫി മേത്തറാണ്. കെഎസ്ഐഡിസിയും ഇന്‍കലും തയ്യാറാക്കിയ വന്‍കിട പദ്ധതികള്‍ ഉള്‍പ്പെടെ ഷാഫി മേത്തറുടെ കൃത്യമായ മേല്‍നോട്ടവും പരിശോധനയും കഴിഞ്ഞാണ് എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
(എം എസ് അശോകന്‍)
ഉദ്ഘാടനച്ചടങ്ങില്‍ അമേരിക്കന്‍ സ്ഥാനപതിയും
എമര്‍ജിങ് കേരളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലും പങ്കെടുക്കുന്നു. നാന്‍സി ജെ പൗവ്വല്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത് കേരളത്തിന്റെ സുസ്ഥിര വികസനത്തെക്കുറിച്ച് പ്രഭാഷണം നടത്തുമെന്നാണ് സര്‍ക്കാരിന്റെ ക്ഷണക്കത്തിലുള്ളത്. സാമ്പത്തിക പരിഷ്കരണ നടപടികള്‍ മന്ദഗതിയിലായതിന് കേന്ദ്രസര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കുന്ന അമേരിക്ക സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപ സമാഹരണ പരിപാടിക്ക് സ്ഥാനപതിയെ പങ്കെടുപ്പിക്കുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണ്. ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പാകുമെങ്കില്‍ കേരളവും അതിലുണ്ടാകണമെന്നതാണ് അമേരിക്കയുടെ താല്‍പ്പര്യം. ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗികപരിപാടിയില്‍ അമേരിക്കന്‍ അംബാസഡറെ മുഖ്യാതിഥിയാക്കുന്നത്. നാന്‍സി പവല്‍ മട്ടാഞ്ചേരിയില്‍ അമേരിക്കന്‍ ബിസിനസ് കോര്‍ണര്‍ ഉദ്ഘാടനംചെയ്യുന്നുമുണ്ട്. തിരുവനന്തപുരത്തും അമേരിക്കന്‍ ബിസിനസ് കോര്‍ണര്‍ തുടങ്ങും.
മുഖ്യമന്ത്രിയുടെ പ്രസ്താവന ജാള്യം മറയ്ക്കാന്‍: വി എസ്
സുതാര്യത കൂടിപ്പോയതാണ് എമര്‍ജിങ് കേരളയെ വിവാദത്തിലാക്കിയതെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജാള്യം മറച്ചുവയ്ക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എമര്‍ജിങ് കേരള പദ്ധതി വേണ്ടന്നുവയ്ക്കണമെന്നും പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് ഉമ്മന്‍ചാണ്ടി ജനങ്ങളോട് മാപ്പു പറയണമെന്നും വി എസ് ആവശ്യപ്പെട്ടു. കേസരി സ്മാരകത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്.
എമര്‍ജിങ് കേരളയില്‍ ആകെ അരാജകത്വമാണ്. പദ്ധതി മാറ്റിവയ്ക്കാത്ത സര്‍ക്കാര്‍ നടപടി ആശ്ചര്യകരമാണ്. വന്‍കിട കമ്പനികളുമായി ഇതിനകം കൊടുക്കല്‍ വാങ്ങല്‍ നടപടി നടന്നിട്ടുണ്ടോയെന്നും സംശയിക്കണം. എമര്‍ജിങ് കേരളയെ പ്രതിപക്ഷം എതിര്‍ക്കുന്നില്ല. എന്നാല്‍, ഇതിന്റെ മറവില്‍ കപട വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള നീക്കമാണ് എതിര്‍ക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പദ്ധതികളാണ് എമര്‍ജിങ് കേരളയില്‍ നടപ്പാക്കുന്നതെന്ന ആരോപണം ശരിയല്ലെന്നും വി എസ് പറഞ്ഞു.
deshabhimani 070912
ലഭിച്ച പദ്ധതികളെല്ലാം ഉള്‍പ്പെടുത്തിയതുകൊണ്ടാണ് എമര്‍ജിങ് കേരളയിലെ ചില പദ്ധതികള്‍ വിവാദമായതെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. എഐസിസിയുടെയും കെപിസിസിയുടെയും സാമ്പത്തിക-ആസൂത്രണ വിദഗ്ധരും സംസ്ഥാന ആസൂത്രണ ബോര്‍ഡും കാലേക്കൂട്ടി ചര്‍ച്ചചെയ്ത് അനുമതി നല്‍കിയ പദ്ധതികളാണ് എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിച്ചതെന്ന് പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ വ്യക്തമാക്കുന്നു.
ReplyDelete