Friday, September 7, 2012

ശിവദാസന്‍ എസ് എഫ് ഐ പ്രസിഡന്റ് ഋതബ്രത സെക്രട്ടറി


സോമസുന്ദരം-ചെമ്പുലിംഗം നഗര്‍(മധുര): സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ഡോ. വി ശിവദാസനെയും ജനറല്‍ സെക്രട്ടറിയായി റിത്തബ്രത ബാനര്‍ജിയെയും തെരഞ്ഞെടുത്തു. സമ്മേളനം തെരഞ്ഞെടുത്ത 78 അംഗം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഥമയോഗം ചേര്‍ന്നാണ് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡണ്ടുമാരായി കെ എസ് കനകരാജ്(തമിഴ്നാട്), ആബിദ് ഹുസൈന്‍(രാജസ്ഥാന്‍), നീലാഞ്ജന റോയ്(ത്രിപുര), മധുജസെന്‍റോയ്(പശ്ചിമ ബംഗാള്‍), ഷിജു ഖാന്‍(കേരളം), നൂര്‍ മുഹമ്മദ്(ആന്ധ്രാപ്രദേശ്) എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി വിക്രംസിങ്(ഹിമാചല്‍ പ്രദേശ്), ദേബ്ജ്യോതി ദാസ്(പശ്ചിമ ബംഗാള്‍), ടി പി ബിനീഷ്(കേരളം), ലക്ഷ്മയ്യ(ആന്ധ്രാപ്രദേശ്), ശതരൂപ് ഘോഷ്(പശ്ചിമ ബംഗാള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

എസ്എഫ്ഐ: രാജസ്ഥാനിലും പോരാട്ടത്തിന്റെ വിജയം

സോമസുന്ദരം-ചെമ്പുലിംഗം നഗര്‍: ഇടതുപക്ഷ ശക്തികള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത രാജസ്ഥാനില്‍ ജോധ്പുരിലെ ജയ്നാരായണ്‍വ്യാസ് സര്‍വകലാശാലാ തെരഞ്ഞെടുപ്പിലെ വിജയം മറ്റിടങ്ങളിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തെ എസ്എഫ്ഐ നേതാക്കള്‍ക്ക്. തെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം എസ്എഫ്ഐക്ക് സ്വാധീനമറിയിക്കാനാകുന്നുണ്ട്. തെരഞ്ഞെടുപ്പ് നടത്താന്‍ പല സര്‍വകലാശാലകളും തയ്യാറാകാത്തത് എസ്എഫ്ഐ ചുവടുറപ്പിക്കുമെന്ന് ഭയന്നാണെന്ന് സംസ്ഥാന നേതാക്കളായ സത്യജിത് ബിഥഡും മംഗേജ് ചൗധുരിയും പറയുന്നു.

ജയ്നാരായണ്‍ വ്യാസ് സര്‍വകലാശാലയിലെ 48 കോളേജില്‍ എസ്എഫ്ഐ പാനലിലെ എല്ലാ സ്ഥാനാര്‍ഥികളും വിജയിച്ചു. സര്‍വകലാശാലാ യൂണിയന്‍ പ്രസിഡന്റായി എസ്എഫ്ഐ നേതാവ് രവീന്ദ്രസിങ് റാണാവത്ത് തെരഞ്ഞെടുക്കപ്പെട്ടു. എന്‍എസ്യുവും എബിവിപിയുമാണ് പ്രധാന എതിരാളികള്‍. വിദ്യാഭ്യാസമേഖലയില്‍ എസ്എഫ്ഐ നടത്തിയ ഇടപെടലുകളാണ് ഈ വിജയത്തിന് ആധാരം. ഫീസ് വര്‍ധനയ്ക്കെതിരെയും ക്യാമ്പസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും ദീര്‍ഘമായ സമരങ്ങളാണ് സംഘടന നടത്തുന്നത്. അതുകൊണ്ടുതന്നെ എസ്എഫ്ഐയുടെ ശക്തി ഗണ്യമായി വര്‍ധിച്ചു. നിലവില്‍ 67,296 അംഗങ്ങളുണ്ട്. എസ്എഫ്ഐയുടെ സമരങ്ങള്‍ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതികരണം ആവേശകരമാണ്- നേതാക്കള്‍ പറഞ്ഞു.

മധുരയില്‍ പെയ്തിറങ്ങി ജ്വലിക്കുന്ന ഓര്‍മകള്‍

സോമസുന്ദരം-ചെമ്പുലിംഗം നഗര്‍ (മധുര): എസ്എഫ്ഐ രൂപംകൊണ്ട 1970 മുതല്‍ സംഘടനയ്ക്ക് നേതൃത്വം നല്‍കിയവരുടെ ഓര്‍മകള്‍ പ്രഥമ പ്രസിഡന്റ് സി ഭാസ്കരന്റെയും മുന്‍ ജനറല്‍ സെക്രട്ടറി സുഭാഷ് ചക്രവര്‍ത്തിയുടെയും പേരിലുള്ള വേദിയില്‍ പെയ്തിറങ്ങിയപ്പോള്‍ മധുര അവിചാരിതമായി പെയ്ത മഴയില്‍ നയുകയായിരുന്നു. പഴയ നേതാക്കളും ഇപ്പോഴത്തെ നേതാക്കളും ഓര്‍മകള്‍ പങ്കുവച്ചപ്പോള്‍ സദസ്സില്‍ നിലയ്ക്കാത്ത കൈയടിയുയര്‍ന്നു. തിരുപ്പറംക്കുണ്‍ഡ്രത്തെ രക്തസാക്ഷികള്‍ സോമസുന്ദരത്തിന്റെയും ചെമ്പുലിംഗത്തിന്റെയും ബന്ധുക്കള്‍ വേദിയിലെത്തിയപ്പോള്‍ വികാരഭരിതമായ രംഗങ്ങള്‍ക്കും സദസ്സ് സാക്ഷ്യം വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ ബിമന്‍ബസു, പ്രകാശ് കാരാട്ട്, എം എ ബേബി, എ വിജയരാഘവന്‍, വൈ വെങ്കടേശ്വര റാവു, പി കൃഷ്ണപ്രസാദ് എന്നിവരും ജനറല്‍ സെക്രട്ടറിമാരായ നേപാള്‍ ദേവ് ഭട്ടാചാര്യ, സീതാറാം യെച്ചൂരി, നീലോല്‍പ്പല്‍ ബസു, ഡോ. സുജന്‍ ചക്രവര്‍ത്തി, മുന്‍ വൈസ്പ്രസി ഡന്റും "ദ ഹിന്ദു" മുന്‍ എഡിറ്ററുമായ എന്‍ റാം എന്നിവരാണ് സംഗമത്തില്‍ പങ്കെടുത്തത്. പഴയ നേതാക്കളെ പ്രസിഡന്റ് പി ബിജുവും ജനറല്‍ സെക്രട്ടറി റിത്തബ്രത ബാനര്‍ജിയും ചേര്‍ന്ന് സ്വീകരിച്ചു. ചടങ്ങില്‍ പി ബിജു അധ്യക്ഷനായി.

1970ല്‍ തിരുവനന്തപുരത്ത് രൂപീകരണസമ്മേളനം ചേരുമ്പോള്‍ ഒമ്പതു സംസ്ഥാന ഘടകങ്ങളും ഒന്നേകാല്‍ ലക്ഷം അംഗങ്ങളുമുണ്ടായിരുന്നിടത്ത് ഇന്ന് 23 ഘടകങ്ങളിലായി 40 ലക്ഷം അംഗങ്ങളുണ്ടായത് ശക്തമായ പോരാട്ടങ്ങളുടെ ഫലമാണെന്ന് ബിമന്‍ ബസു പറഞ്ഞു. ഈ സംഗമം മുടിനരച്ച തന്നെപ്പോലുള്ളവര്‍ക്ക് പുനരുജ്ജീവനമേകുന്നതായി പ്രകാശ് കാരാട്ട് പറഞ്ഞു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ഥിപ്രസ്ഥാനത്തിന് കൂടുതല്‍ ശക്തമായ സമരങ്ങളാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയുടെ പാരമ്പര്യം ത്യാഗത്തിനൊപ്പം സംഘടന മുറുകെപ്പിടിക്കുന്ന ആശയങ്ങള്‍കൂടിയാണെന്ന് യെച്ചൂരി പറഞ്ഞു. വീട്ടിലേക്കുള്ള തിരിച്ചുവരവായാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് നേപാള്‍ ദേവ് ഭട്ടാചാര്യ പറഞ്ഞു. സോമസുന്ദരം, ചെമ്പുലിംഗം, സോഹന്‍സിങ് ദേശി, ഗുര്‍ണാംസിങ് ഉപ്പല്‍, നിരഞ്ജന്‍ താലൂക്ദാര്‍ തുടങ്ങി അനേകം സഖാക്കളെ കൊലപ്പെടുത്തിയിട്ടും എതിരാളികള്‍ക്ക് എസ്എഫ്ഐയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന് എം എ ബേബി പറഞ്ഞു. കേരളത്തില്‍ നൂറു പൊലീസുകാരുടെ ലാത്തിയടിക്ക് ഇരയാവുന്ന വിദ്യാര്‍ഥിയുടെ ചിത്രമാണ് ഇനിയുള്ള എസ്എഫ്ഐയുടെ പേരാട്ടത്തിന്റെ പ്രതീകമെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

deshabhimani news

1 comment:

  1. സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ഡോ. വി ശിവദാസനെയും ജനറല്‍ സെക്രട്ടറിയായി റിത്തബ്രത ബാനര്‍ജിയെയും തെരഞ്ഞെടുത്തു. സമ്മേളനം തെരഞ്ഞെടുത്ത 78 അംഗം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഥമയോഗം ചേര്‍ന്നാണ് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തത്.

    ReplyDelete