കെഎസ്ആര്‍ടിസിക്ക് രണ്ടുമാസത്തേക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 28 കോടി കിട്ടിയാലും പ്രതിസന്ധി നീങ്ങില്ല. ആയിരത്തോളം സര്‍വീസുകള്‍ അപ്പോഴും കട്ടപ്പുറത്ത് തന്നെ തുടരും. ഈ ആയിരം ബസുകള്‍ക്ക് പകരം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കി ഘട്ടംഘട്ടമായി പൊതുഗതാഗത സംവിധാനത്തെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ മെനയുന്നത്.
തലസ്ഥാനത്ത് കഴിഞ്ഞ ദിവസം എട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് നീട്ടി നല്‍കി. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഈ ബസുകളുടെ സര്‍വീസ് ഗ്രാമങ്ങളിലേക്ക് നീട്ടി നല്‍കുകയായിരുന്നു. നഗരത്തില്‍നിന്ന് പേരൂര്‍ക്കട വരെ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ക്ക് നെടുമങ്ങാട്ടേക്കും മറ്റുമാണ് റൂട്ട് നീട്ടിനല്‍കിയത്. ദേശസാല്‍ക്കൃ ത റൂട്ടായ കാസര്‍കോട്- മംഗലാപുരം റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതിന്റെ തുടര്‍ച്ചയാണിത്. പ്രതിമാസം 64 കോടി രൂപയോളം ബാധ്യത വരുന്ന കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 14 കോടി രൂപ കൊണ്ട് പ്രതിസന്ധിയുടെ ചെറിയ അംശം പോലും മറികടക്കാനാകില്ല. പുതിയ വിലവര്‍ധനയനുസരിച്ച് ഡീസല്‍ വാങ്ങി മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെങ്കില്‍ത്തന്നെ പ്രതിമാസം 16 കോടി രൂപ അധികം ചെലവ് വരും. 14 കോടിയെന്ന കണക്ക് കഴിഞ്ഞ ഏതാനും നാളുകളായി റദ്ദാക്കുന്ന ആയിരത്തോളം സര്‍വീസുകള്‍ക്കുള്ള ഇന്ധനം ഒഴിവാക്കിയുള്ളതാണ്.
കോര്‍പറേഷന് പ്രതിസന്ധി തരണംചെയ്യാന്‍ രണ്ടുമാസത്തേക്ക് 28 കോടി രൂപ അനുവദിച്ചെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കാണ് ഈ തുക അനുവദിച്ചത്. എന്നാല്‍, ജനുവരി 17 മുതല്‍ ശരാശരി ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണുള്ളത്. ചൊവ്വാഴ്ച വരെ 13 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 31വരെയുള്ള നഷ്ടം 15 കോടി രൂപ കവിയും. ഇങ്ങനെയായാല്‍ സ്പെയര്‍പാര്‍ട്സ് വാങ്ങല്‍ പൂര്‍ണമായും നിലയ്ക്കും. പ്രതിമാസം ആറു കോടിയിലധികം രൂപ സ്പെയര്‍പാര്‍ട്സ് വാങ്ങാന്‍ വേണം. ഇപ്പോള്‍, സ്പെയര്‍പാര്‍ട്സ് വില വര്‍ധിച്ച സാഹചര്യത്തില്‍ ചെലവ് കൂടും. നിലവില്‍ വര്‍ക്ഷോപ്പുകളില്‍ കയറ്റിയിട്ടിട്ടുള്ള ബസുകളുടെ എണ്ണം ആയിരത്തിലേറെയാണ്. അതായത് ദിവസം അറ്റകുറ്റപ്പണിക്ക് എത്തുന്ന ബസുകള്‍ക്ക്, വര്‍ക്ഷോപ്പില്‍ കിടക്കുന്ന ബസുകളില്‍നിന്ന് സ്പെയര്‍പാര്‍ട്സ് മാറ്റിയിടും. ഇതോടെ കട്ടപ്പുറത്തുള്ള ബസുകള്‍ ഇനി നിരത്തിലിറക്കാന്‍ കഴിയാത്തതാകും. നിലവില്‍ 5560 ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ആറായിരം ബസുണ്ടെങ്കില്‍ ഈ ഷെഡ്യൂളുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാനാകും. 6110 ബസും ആവശ്യത്തിന് ജീവനക്കാരുമുണ്ടായിട്ടും മുഴുവന്‍ ഷെഡ്യൂളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കോര്‍പറേഷന്‍. സര്‍ക്കാര്‍ സഹായമുണ്ടെങ്കിലേ ഷെഡ്യൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാനാകൂ.
deshabhimani 300113
No comments:
Post a Comment