Tuesday, January 29, 2013

കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ്സ്റ്റേഷന്‍ ആക്രമിച്ചു


കാലടി: കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടെത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ്സ്റ്റേഷന്‍ ആക്രമിച്ചു. എസ്ഐ അടക്കമുള്ള പൊലീസുകാരെ മര്‍ദിച്ചവശരാക്കി. അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു കാവുങ്ങയുടെ നേതൃത്വത്തതിലുള്ള സംഘമാണ് അയ്യമ്പുഴ പൊലീസ്സ്റ്റേഷന്‍ ആക്രമിച്ചത്. സബ്ഇന്‍സ്പെക്ടര്‍ സി കെ അയ്യപ്പന്‍കുട്ടിയെ ഇവര്‍ മര്‍ദിച്ച് അവശനാക്കി. തടയാന്‍ചെന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സതീശനെ അടിച്ചുവീഴ്ത്തി. സബ്ഇന്‍സ്പെക്ടറുടെ മേശയുടെ മുകളിലുള്ള ചില്ല് ഇടിച്ചുടച്ചശേഷം സംഘം സ്ഥലം വിട്ടു. പരിക്കേറ്റ പൊലീസുകാര്‍ കാലടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സതേടി. വയറ്റത്തു ചവിട്ടേറ്റ സബ്ഇന്‍സ്പെക്ടറോട് സ്കാനിങ്ങിന് വിധേയനാകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

ചുള്ളിയിലെ എംസാന്‍ഡ് നിര്‍മാണ യൂണിറ്റില്‍നിന്ന് ലോഡുമായി വന്ന ലോറികള്‍ അമിതിവേഗവും പരിസരമലിനീകരണവും ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞിരുന്നു. രാവിലെ ഏഴിന് ആരംഭിച്ച വാഹന ഉപരോധക്കാരെ ഒമ്പതരയോടെ പൊലീസ് അറസ്റ്റുചെയ്തുനീക്കാന്‍ ശ്രമിച്ചു. ഇതില്‍ ക്ഷുഭിതരായ ചിലര്‍ പൊലീസിനെതിരെ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും പൊലീസ്സ്റ്റേഷനില്‍ കയറി അതിക്രമം കാണിച്ചത്. എംസാന്‍ഡ് നിര്‍മാണ യൂണിറ്റിന്റെ മലിനീകരണമടക്കമുള്ള വിഷയങ്ങളില്‍ പാറമട, ക്രഷര്‍ പ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയും പൊലീസും ചേര്‍ന്ന് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച സന്ദര്‍ഭത്തിലാണ് പഞ്ചായത്ത് പ്രസിഡന്റും സംഘവും പൊലീസ്സ്റ്റേഷനില്‍ അതിക്രമം കാണിച്ചത്. റോഡ് ഉപരോധിച്ചതിന് അറസ്റ്റ്ചെയ്ത 10 പേരില്‍ എട്ടുപേരെ പൊലീസ് പിന്നീട് ജാമ്യംനല്‍കി വിട്ടയച്ചു. ജിന്റോ ജോണ്‍ (28), ജിനോ ജോണ്‍ (24) എന്നിവരെ കോടതിയില്‍ ഹാജരാക്കും. ഇതിനിടെ ഇവരെ പൊലീസ് ഇവരെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബിജു കാവുങ്ങ, പഞ്ചായത്ത് അംഗം സാജു മൂഞ്ഞേലി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ കേസെടുത്തുവെന്ന് കാലടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗീസ് പറഞ്ഞു.

deshabhimani 290113

No comments:

Post a Comment