Thursday, January 24, 2013

വൈദ്യുതി നിരക്ക് മൂന്നിരട്ടിയാവും


കേന്ദ്രത്തിന്റെ വായ്പാ പുനഃസംഘടനാ പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയാകും. വിതരണ ചെലവിനു തുല്യമായ നിലയിലേക്ക് നിരക്ക് ഉയര്‍ത്തണമെന്നതാണ് പാക്കേജിലെ വ്യവസ്ഥ.

കേരളത്തില്‍ ഇപ്പോഴത്തെ ശരാശരി നിരക്ക് 4.38 രൂപയാണ്. കഴിഞ്ഞ വര്‍ഷം നിരക്ക് വര്‍ധന നിലവില്‍ വരുന്നതുവരെ ഇത് 3.32 മാത്രമായിരുന്നു. നിലവിലുള്ള അവസ്ഥയില്‍ തന്നെ ചെലവിന് ആനുപാതികമാക്കണമെങ്കില്‍ ഇത് 5.60 രൂപയാകും. 30 ശതമാനം മാത്രമാണ് ഇപ്പോള്‍ ജലവൈദ്യുതി പദ്ധതിയില്‍നിന്ന് ലഭിക്കുന്നത്. പുതിയ പദ്ധതികള്‍ കേരളത്തിന് ഇല്ലാത്തതിനാലും കേന്ദ്രവിഹിതം വര്‍ധിക്കില്ലെന്ന് ഉറപ്പായതിനാലും വരുംവര്‍ഷങ്ങളില്‍ കമ്പോള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ടിവരും. അതിന് ആനുപാതികമായി നിരക്കും വര്‍ധിക്കും.

വൈദ്യുതിരംഗത്തെ ക്രോസ് സബ്സിഡി ഒഴിവാക്കണമെന്ന് 2003ലെ കേന്ദ്രനിയമം വ്യവസ്ഥചെയ്യുന്നുണ്ട്. വന്‍കിട ഉപഭോക്താക്കളില്‍നിന്ന് ഉയര്‍ന്നനിരക്കും ചെറുകിടക്കാരില്‍നിന്ന് കുറഞ്ഞനിരക്കും ഈടാക്കുന്നതാണ് ക്രോസ് സബസിഡി. ഇതൊഴിവാക്കാനുള്ള കേന്ദ്ര-സംസ്ഥാന വൈദ്യുതി റെഗുലേറ്റി കമീഷന്റെ ഉത്തരവുകള്‍ ഇറങ്ങിക്കഴിഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കളുടെ നിലവിലുള്ള ശരാശരി നിരക്ക് 2.20 പൈസ മാത്രമാണ്. സബ്സിഡി ഒഴിവാകുന്നതോടെ മൂന്നു വര്‍ഷത്തിനുള്ളില്‍ ഗാര്‍ഹിക വൈദ്യുതിക്കുള്ള നിരക്കും മൂന്നിരട്ടിയാകും.

രാജ്യത്തെ വൈദ്യുതിരംഗം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ല കേന്ദ്രത്തിന്റെ പാക്കേജ് എന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കമ്പോളത്തില്‍നിന്ന് വൈദ്യുതി വാങ്ങല്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയമാണ് യഥാര്‍ഥത്തില്‍ കെഎസ്ഇബി അടക്കമുള്ള വൈദ്യുതി വിതരണ കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. കേന്ദ്രനിര്‍ദേശം സ്വകാര്യ ഉല്‍പ്പാദകര്‍ക്ക് കൊള്ളലാഭമൊരുക്കി. മൂന്നു മുതല്‍ മൂന്നര രൂപവരെ ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് കമ്പോളത്തില്‍ 18 രൂപ വരെ നിരക്കില്‍ വിറ്റഴിച്ചത്. മറ്റുമാര്‍ഗമില്ലാതെ ഇതു വാങ്ങിയ കമ്പനികള്‍ പ്രതിസന്ധിയലേക്ക് കൂപ്പുകുത്തി. ഈ നയം തിരുത്താതെ, ഉപഭോക്താക്കള്‍ക്കും സംസ്ഥാന സര്‍ക്കാരിനും വന്‍ ഭാരം അടിച്ചേല്‍പ്പിക്കുന്ന പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുകയായിരുന്നു. വായ്പ പുനഃക്രമീകരിക്കുന്ന പാക്കേജിന്റെ ഭാഗമായി എല്ലാ വിതരണ കമ്പനികളുടെയും കടത്തിന്റെ പകുതി സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നതാണ് വ്യവസ്ഥകളിലൊന്ന്. ബാക്കി മൂന്നു വര്‍ഷത്തിനുള്ളില്‍ നിരക്ക് വര്‍ധനയിലൂടെ കണ്ടെത്തണം.

2012 മാര്‍ച്ച് 31 ലെ കണക്കു പ്രകാരം കെഎസ്ഇബിയുടെ കടം 1300 കോടി രൂപയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട പകുതി 650 കോടി. ഇതിന്റെ നാലിലൊന്നായ 162.5 കോടിയുടെ കേന്ദ്ര സബ്സിഡിക്കു വേണ്ടിയാണ് സ്വകാര്യവല്‍ക്കരണം അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. കേന്ദ്ര സബ്സിഡി ലഭിക്കണമെങ്കില്‍ അതിനൊപ്പമുള്ള വായ്പാ പുനഃസംഘടനാ പാക്കേജ് അംഗീകരിക്കണമെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. വൈദ്യുതി വിതരണരംഗത്ത് സ്വകാര്യ പങ്കാളിത്തം വേണമെന്നതാണ് ഈ പദ്ധതിയിലെ പ്രധാന വ്യവസ്ഥ. അത് ഫ്രാഞ്ചൈസി രൂപത്തിലോ, പൊതു-സ്വകാര്യ പങ്കാളിത്ത രൂപത്തിലോ ആകാം. ഇനിമുതല്‍ എല്ലാ വര്‍ഷവും നിരക്ക് വര്‍ധന നടപ്പാക്കണം, വൈദ്യുതി കമ്പനികളുടെ റവന്യൂകമ്മി നിരക്കുവര്‍ധനയിലൂടെ അടുത്ത മൂന്നുവര്‍ഷംകൊണ്ട് പൂര്‍ണമായി ഇല്ലാതാക്കണം എന്നിവയാണ് മറ്റു പ്രധാന വ്യവസ്ഥകള്‍. ഇതെല്ലാം അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് കേരളം ഇപ്പോള്‍ കേന്ദ്രത്തെ അറിയിച്ചത്.
(ആര്‍ സാംബന്‍)

deshabhimani 250113

No comments:

Post a Comment