Friday, January 25, 2013

അമേരിക്കയില്‍നിന്ന് വിമാന എന്‍ജിന്‍ വാങ്ങാന്‍ ധാരണ


ഭാരം കുറഞ്ഞ ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനമായ തേജസ് എംകെ-2ല്‍ ഘടിപ്പിക്കാനുള്ള 99 എന്‍ജിനുകള്‍ അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍നിന്ന് വാങ്ങാന്‍ ധാരണയായി. 3000 കോടി രൂപയുടേതാണ് കരാര്‍. കരാര്‍ വ്യവസ്ഥകളെക്കുറിച്ച് ധാരണയായെന്നും ഉടന്‍ ഒപ്പുവയ്ക്കുമെന്നും പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആര്‍ഡിഒ) ഡയറക്ടര്‍ ജനറലും പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ വി കെ സാരസ്വത് അറിയിച്ചു. അമേരിക്കയുമായി വര്‍ധിച്ചുവരുന്ന സൈനിക സഹകരണത്തിന്റെ ഭാഗമായാണ് ഈ കരാര്‍.

ഡിആര്‍ഡിഒ നിര്‍മിച്ചതാണ് തേജസ് യുദ്ധ വിമാനം. യൂറോപ്യന്‍ കമ്പനിയായ യൂറോ ജെറ്റിനെ തഴഞ്ഞാണ് അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനിയായ ജനറല്‍ ഇലക്ട്രിക്കല്‍സിന് കരാര്‍ നല്‍കുന്നത്. തേജസ് വിമാനങ്ങളില്‍ നിലവിലുള്ള ജിഇഎഫ് 404 എന്‍ജിനുകളുടെ ശേഷിക്കുറവാണ് പുതിയ എന്‍ജിന്‍ വാങ്ങാന്‍ വായുസേനയെ നിര്‍ബന്ധിക്കുന്നത്. ജിഇഎഫ് 414 എന്‍ജിനാണ് അമേരിക്കന്‍ കമ്പനിയില്‍നിന്ന് വാങ്ങുന്നത്. 2014-15 വര്‍ഷത്തില്‍ ഈ എന്‍ജിനുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് 100 എന്‍ജിനുകള്‍ കൂടി വാങ്ങാനും ഇന്ത്യക്ക് പരിപാടിയുണ്ട്. അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. 2005ല്‍ ഇന്ത്യ-അമേരിക്ക പ്രതിരോധ ചട്ടക്കൂട് കരാര്‍ ഒപ്പിട്ടതോടെയാണ് അമേരിക്കയുമായുള്ള സൈനികബന്ധം ശക്തമായത്. അമേരിക്കയില്‍നിന്ന് 2008ന് ശേഷം മാത്രം 45,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പു വച്ചിട്ടുണ്ട്.
(വി ബി പരമേശ്വരന്‍)

deshabhimani 250113

No comments:

Post a Comment