Saturday, January 26, 2013

400 സംഘങ്ങള്‍ ഒരു വര്‍ഷത്തിലേറെ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍


ആലപ്പുഴ: ജില്ലാ സഹകരണബാങ്ക് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 400ലധികം സംഘങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍. ഭരണഘടനാ ഭേദഗതി പ്രകാരവും പുതിയ സഹകരണ നിയമപ്രകാരവും സംഘങ്ങളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം പാടില്ലെന്ന് അനുശാസിക്കുന്നു. അതിനാല്‍ ഇവയ്ക്ക് ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. അഥവാ വോട്ട് ചെയ്താല്‍ വോട്ട്ചെയ്യുന്ന പ്രതിനിധി നിയമനടപടിക്ക് വിധേയനാകും. ഈ പ്രതിനിധിയെ തീരുമാനിക്കുന്ന സഹകരണ ഉദ്യോഗസ്ഥനും നിയമനടപടിക്ക് വിധേയനാകേണ്ടിവരും. നിയമ പ്രകാരം അഡ്മിനിസ്ട്രേറ്റീവ് ഭരണം ആറുമാസം മാത്രമേ പാടുള്ളൂ. അത്യാവശ്യമാണെങ്കില്‍ മറ്റൊരു ആറുമാസം കൂടി നീട്ടാം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീട്ടണമെങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരം വേണം. ഈ 400 സംഘങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഭരണം നീട്ടുന്നതിന് സര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ഇതിനായി ജില്ലയിലെ യുഡിഎഫ് നേതൃത്വം സംഘങ്ങളുടെ പട്ടിക ജില്ലാ സഹകരണ രജിസ്ട്രാര്‍ക്ക് കൈമാറിയെങ്കിലും നിയമം എതിരായതിനാല്‍ അത് സര്‍ക്കാരിന് കൈമാറാന്‍ അദ്ദേഹം തയ്യാറായില്ല. അതിനാല്‍ നിയമവിരുദ്ധമായി അഡ്മിനിസ്ട്രേറ്റര്‍മാരെകൊണ്ട് പ്രതിനിധികളെ തീരുമാനിപ്പിച്ച് വോട്ട് ചെയ്യിക്കാനാണ് നീക്കം.

എന്നാല്‍ കോണ്‍ഗ്രസുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിയമവിരുദ്ധമായി പ്രതിനിധികളെ തീരുമാനിച്ചാല്‍ കോടതി കയറേണ്ടിവരുമെന്നും തങ്ങളുടെ ജോലിയെ അതു ബാധിക്കുമെന്നും സഹകരണ ഇന്‍സ്പെക്ടര്‍മാര്‍ ഭയക്കുന്നു. അതിനാല്‍ ജില്ലാ രജിസ്ട്രാറെ മാറ്റി പുതിയ രജിസ്ട്രാറെ നിയമിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം നീട്ടിയതിന് അംഗീകാരം നേടാനും ശ്രമം നടക്കുന്നുണ്ട്. വോട്ടവകാശമുള്ള 1131 സംഘങ്ങളില്‍ 800ലേറെ സംഘങ്ങള്‍ കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. പലതിനും ഓഫീസുപോലുമില്ല. അംഗങ്ങളാരെന്നും അറിയില്ല. ഈ സംഘങ്ങളിലെ പ്രതിനിധിയായി കോണ്‍ഗ്രസ് അനുകൂലിയായ അംഗത്തെ കണ്ടുപിടിക്കാന്‍ പോലും അഡ്മിനിട്രേറ്റര്‍മാര്‍ക്ക് നന്നെ പണിപ്പെടേണ്ടിവരും.

കൊല്ലം ജില്ലാ ബാങ്ക്: യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും കടലാസ് സംഘത്തിന്റെ പ്രതിനിധി

കൊല്ലം: സഹകരണനിയമങ്ങള്‍ കാറ്റില്‍പറത്തി കൊല്ലം ജില്ലാ സഹകരണബാങ്ക് ഭരണം പിടിക്കാന്‍ ഉദ്യോഗസ്ഥ ഒത്താശയോടെ യുഡിഎഫ് രംഗത്ത്. ഇതിന്റെ ഭാഗമായി വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ച മുന്നൂറോളം സംഘങ്ങള്‍ക്ക് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടവകാശം നല്‍കി. പ്രവര്‍ത്തനക്ഷമമായ സംഘങ്ങളുടെ ഭരണസമിതി അംഗങ്ങള്‍ മാത്രമെ മത്സരിക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയും കാറ്റില്‍പറത്തി. 19 അംഗ ഭരണസമിതിയിലേക്ക് ഫെബ്രുവരി പത്തിനാണ് തെരഞ്ഞെടുപ്പ്. ജില്ലാബാങ്കില്‍ അഫിലിയേറ്റ് ചെയ്ത 978 സഹകരണ സ്ഥാപനങ്ങളില്‍ മുന്നൂറും പ്രവര്‍ത്തിക്കാത്തവയാണ്. വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ച ഈ സംഘങ്ങള്‍ക്ക് ഓഫീസോ ഭരണസമിതികളോ നിലവിലില്ല. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ കടലാസ് സംഘത്തിന്റെ പ്രതിനിധിയായി വ്യാജരേഖ ചമച്ചാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.

പ്രസിഡന്റ് സ്ഥാനാര്‍ഥിയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ സി രാജന്‍ പ്രതിനിധീകരിക്കുന്ന കൊല്ലം ടൂറിസം ഡെവലപ്മെന്റ് സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷണലുകളുടെ മണ്ഡലത്തില്‍നിന്നു മത്സരിക്കുന്ന വിഷ്ണു സുകുമാരന്‍ പ്രതിനിധീകരിക്കുന്ന എഴുകോണ്‍ നെടുമ്പായിക്കുളം കേന്ദ്രമായി രജിസ്റ്റര്‍ചെയ്ത കൊല്ലം അസംസ്കൃത വസ്തു സംസ്കരണ സംഭരണ വിപണനസംഘത്തില്‍ ഇദ്ദേഹം സാധാരണ അംഗംപോലുമല്ല. സംഘത്തിന്റെ ഭരണസമിതി അംഗമാണെന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ചാണ് ഇദ്ദേഹം നാമനിര്‍ദേശപത്രിക നല്‍കിയത്. ജില്ലാ ബാങ്കിന്റെ മുന്‍ പ്രസിഡന്റു കൂടിയായ എം എച്ച് ഷാരിയറും സഹകരണ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് മത്സരിക്കുന്നത്. ജില്ലാ ബാങ്കിന് രണ്ടേമുക്കാല്‍ കോടിയുടെ ബാധ്യത വരുത്തി ആര്‍ബിട്രേഷന്‍ നടപടി നേരിടുന്ന കൊല്ലം സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റാണ് ഷാരിയര്‍.

ഇതേ ബാങ്കിന്റെ ഭരണസമിതി അംഗമായ ആര്‍ വിജയനും നിക്ഷേപകരുടെ മണ്ഡലത്തില്‍നിന്നു മത്സരിക്കുന്നു. വനിതാസംവരണ മണ്ഡലത്തില്‍നിന്നു മത്സരിക്കുന്ന സി സരസ്വതിയമ്മ പ്രതിനിധീകരിക്കുന്ന ശൂരനാട് സൗത്ത് സഹകരണസംഘം ഭരണസമിതിയില്‍ അംഗമാണെന്ന് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രേഖ ചമയ്ക്കുകയായിരുന്നു. വ്യാജരേഖ സമര്‍പ്പിച്ചും ജില്ലാ ബാങ്കിനു കുടിശ്ശിക വരുത്തിയ സംഘം പ്രതിനിധികളായും മത്സരിക്കുന്നവരുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ക്കു നല്‍കിയ പരാതികളിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല. ഭരണകക്ഷിയുടെ ചട്ടുകമായി റിട്ടേണിങ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്നതില്‍ സഹകാരികളില്‍ പ്രതിഷേധം വ്യാപകമാണ്.

deshabhimani 260113

No comments:

Post a Comment