Tuesday, January 29, 2013
റേഷന്‍ അരിക്ക് പല വില
വിലക്കയറ്റം തടയാന്‍ റേഷന്‍ കട വഴി കൂടുതല്‍ അരി വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. വിലക്കയറ്റം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം അധികമായി അനുവദിച്ച ഒന്നര ലക്ഷം ടണ്‍ ഭക്ഷ്യധാന്യം വിവിധ വില ഈടാക്കി വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എപിഎല്‍ വിഭാഗക്കാര്‍ കിലോയ്ക്ക് 8.90 രൂപതന്നെ കൊടുക്കണം. വിപണിവിലയ്ക്ക് എഫ്സിഐ അനുവദിച്ച അരി, കിലോയ്ക്ക് 19.50 രൂപ നിരക്കില്‍ വിതരണംചെയ്യും. റേഷന്‍ വിതരണത്തിനായി നല്കുന്ന അതേ അരി തന്നെയാണിത്. ബിപിഎല്‍ വിഭാഗത്തിലുള്ള 26.30 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് 6.20 രൂപ നിരക്കില്‍ അരിയും 4.70 നിരക്കില്‍ ഗോതമ്പും നല്‍കും. 14.50 ലക്ഷം ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് അഞ്ചു കിലോ അരിയും രണ്ടു കിലോ ഗോതമ്പും ബിപിഎല്‍ പട്ടികയിലുള്ള 11.8 ലക്ഷം കുടുംബങ്ങള്‍ക്ക് 19 കിലോ അരിയും ആറു കിലോ ഗോതമ്പും. നാലു മാസത്തേക്കാണിത്. 80.20 ലക്ഷം കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരില്‍ ബിപിഎല്‍ വിഭാഗക്കാര്‍ക്കുമാത്രമേ കേന്ദ്രത്തിന്റെ പ്രത്യേക അലോട്ട്മെന്റില്‍നിന്നുള്ള അരി നല്‍കൂ. ഇവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ഒരു രൂപ അരിക്ക് പുറമെയാണിത്. സപ്ലൈകോ വഴി മാസം 20 കിലോ അരി നല്‍കും. മട്ട 16 രൂപ, കുറുവ 19, ജയ 21 എന്നിങ്ങനെയാണ് വില. ഇതിന് റേഷന്‍ കാര്‍ഡ് വേണം. കണ്‍സ്യൂമര്‍ഫെഡ് വഴി സപ്ലൈകോ വിലയില്‍ ആഴ്ചയില്‍ ആറു കിലോ അരി വീതം നല്‍കും.
സപ്ലൈകോയ്ക്ക് 50ഉം കണ്‍സ്യൂമര്‍ഫെഡിന് 25ഉം കോടി രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിപണി ഇടപെടലിനെത്തുടര്‍ന്ന് സപ്ലൈകോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും ഹോര്‍ട്ടികോര്‍പ്പിനും വന്ന ബാധ്യത മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ധനം, സിവില്‍ സപ്ലൈസ്, സഹകരണം, കൃഷി, വകുപ്പ് സെക്രട്ടറിമാരും ബന്ധപ്പെട്ട കോര്പറേഷന് എംഡിമാരും ചര്‍ച്ച നടത്തി തുടര്‍നടപടി സ്വീകരിക്കും. നെല്ല് സംഭരണം കാര്യക്ഷമമാക്കും. നെല്ല് സംഭരിച്ച ഇനത്തില്‍ കൃഷിക്കാര്‍ക്കുള്ള കുടിശ്ശിക പൂര്‍ണമായും നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani 290113
Labels:
പൊതുവിതരണം,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment