Tuesday, January 29, 2013
നിയമസഭയുടെ ചരിത്രത്തിലേക്ക് കണ്‍തുറന്ന് ...
കോഴിക്കോട്: 1888ല്‍ രൂപീകരിച്ച ആദ്യ നിയമസഭയായ ട്രാവന്‍കൂര്‍ നിയമസഭയുടെ വിശേഷങ്ങളില്‍നിന്ന് തുടങ്ങി 13-ാം നിയമസഭയിലെത്തി നില്‍ക്കുന്ന ചരിത്രത്തിന്റെ കൈയൊപ്പുകള്‍. മലബാര്‍ കലാപത്തെക്കുറിച്ചുള്ള സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, ക്ഷേത്രപ്രവേശന വിളംബര ഉത്തരവ്, ഇ എം എസിനെ കണ്ടുപിടിക്കുന്നവര്‍ക്ക് 1000രൂപ വാഗ്ദാനം ചെയ്തുള്ള പൊലീസ് അറിയിപ്പ്... കാലത്തിന്റെ അടയാളപ്പെടുത്തലുകള്‍ വിസ്മയമുണര്‍ത്തി വെളിച്ചം പരത്തുമ്പോള്‍ തെളിയുന്നത് മായ്ക്കാനാവാത്ത ചരിത്രസാക്ഷ്യങ്ങള്‍. നിയമനിര്‍മാണ സഭകളുടെ 125-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ നടക്കുന്ന പ്രദര്‍ശനം കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലേക്കുള്ള സുവര്‍ണവഴികള്‍ തുറക്കുകയാണ്. ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാരേഖ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദര്‍ശനം.
സംസ്ഥാനത്ത് ആദ്യം രൂപീകരിച്ച ട്രാവന്‍കൂര്‍ നിയമസഭയുടെയും സഭാംഗങ്ങളുടെയും ചിത്രങ്ങളുമായാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. തുടര്‍ന്ന് കൊച്ചി നിയമസഭയുടെയും അംഗങ്ങളുടെയും വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരു-കൊച്ചി സംയോജന റിപ്പോര്‍ട്ട് എന്‍ എം ബുച്ച് ഒപ്പുവയ്ക്കുന്ന ചരിത്രപ്രാധാന്യമുള്ള ഫോട്ടോയും പ്രദര്‍ശനത്തിലുണ്ട്. 1941ല്‍ ഇ എം എസിനെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 1000 രൂപ വാഗ്ദാനം ചെയ്തുള്ള ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അറിയിപ്പും പ്രദര്‍ശനത്തില്‍ ശ്രദ്ധേയമാണ്. മലബാറുമായി ബന്ധപ്പെട്ടുള്ള സുപ്രധാന രേഖകളുടെയും ഉത്തരവുകളുടെയും കോപ്പികളുമുണ്ട്. കേരള നിയമസഭയുടെ സുവര്‍ണ ജൂബിലി- സില്‍വര്‍ ജൂബിലി -വെബ്സൈറ്റ് ഉദ്ഘാടനവേള ഫോട്ടോകള്‍, മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങുകള്‍, 1957 ലെ ആദ്യ മന്ത്രിസഭയെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അഭിസംബോധന ചെയ്യുന്നത്, നിയമസഭാ സംബന്ധമായ പഴയ പത്രവാര്‍ത്തകള്‍, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരുടെ പടങ്ങള്‍ എന്നിങ്ങനെ സംസ്ഥാനവും നിയമസഭയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനം 30ന് സമാപിക്കും.
നിയമനിര്‍മാണ സഭകളുടെ 125-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ചരിത്രപ്രദര്‍ശനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം കെ മുനീര്‍ നിര്‍വഹിച്ചു. ആറ് ജില്ലകളിലാണ് പ്രദര്‍ശനം നടക്കുക. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ എ കെ പ്രേമജം, എംഎല്‍എമാരായ സി കെ നാണു, കെ കുഞ്ഞമ്മദ് , പുരുഷന്‍ കടലുണ്ടി, വി എം ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ കെ വി മോഹന്‍കുമാര്‍ സ്വാഗതവും പി ജി നിര്‍മല്‍ കുമാര്‍ രാജു നന്ദിയും പറഞ്ഞു. നിയമസഭാംഗങ്ങളായിരുന്ന സിറിയക് ജോണ്‍, കുഞ്ഞുമുഹമ്മദ് പണാറത്ത്, എന്‍ പി മൊയ്തീന്‍, കെ മൂസ്സക്കുട്ടി, എ കെ പത്മനാഭന്‍, ഇ നാരായണന്‍ നായര്‍, പി ശങ്കരന്‍, ടി പി എം സാഹിര്‍, പി എം എ സലാം, യു സി രാമന്‍, എം കെ പ്രേമനാഥ്, എം ടി പത്മ, പി വിശ്വന്‍ എന്നിവരെ ആദരിച്ചു.
deshabhimani 290113
Subscribe to:
Post Comments (Atom)
No comments:
Post a Comment