Thursday, January 24, 2013

കാര്‍ഷികവായ്പകള്‍ക്ക് ഒരുവര്‍ഷത്തെ മൊറോട്ടോറിയം


എല്ലാ കാര്‍ഷികവായ്പകള്‍ക്കും ഒരു വര്‍ഷത്തേക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. സഹകരണബാങ്കുകളില്‍നിന്നുള്ള കാര്‍ഷികവായ്പയുടെ ഒരു വര്‍ഷത്തെ പലിശ എഴുതിത്തള്ളും. ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് ചേരുന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനം വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഒരുവര്‍ഷത്തെ പലിശ ഒഴിവാക്കി കാര്‍ഷിക വായ്പകള്‍ ബാങ്കുകള്‍ പുനഃക്രമീകരിക്കണം. കാര്‍ഷികവായ്പകളിലുള്ള ജപ്തി നടപടി ഒരുവര്‍ഷം നിര്‍ത്തിവയ്ക്കും. വരള്‍ച്ച ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പഞ്ചായത്തുകള്‍ക്ക് അഞ്ചുലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 10 ലക്ഷവും കോര്‍പറേഷനുകള്‍ക്ക് 25 ലക്ഷവും രൂപ ചെലവിടാന്‍ അനുമതി നല്‍കും. ജില്ലകള്‍ക്ക് 85 കോടി ഉടന്‍ അനുവദിക്കും. തോടുകളില്‍ തടയണകെട്ടുന്നതിന് 79 കോടിയുടെ പദ്ധതിക്കും കുഴല്‍ കിണര്‍ നിര്‍മാണത്തിന് 13 കോടിയുടെ പദ്ധതിക്കും അനുമതി നല്‍കി. വിലക്കയറ്റത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ 28ന് രാവിലെ എട്ടിന് പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചായത്തുകളില്‍ പുതിയ തസ്തികയ്ക്ക് അനുമതി

തിരു: ഗ്രാമപഞ്ചായത്തുകളില്‍ 990 ക്ലര്‍ക്കുമാരുടെയും 864 അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു പഞ്ചായത്തില്‍ ഒരു ക്ലര്‍ക്ക് തസ്തിക വീതമാണ് അനുവദിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തസ്തിക നിലനിര്‍ത്താന്‍ ശേഷിയുള്ള ഗ്രാമപഞ്ചായത്തുകളില്‍ മാത്രമായിരിക്കും അസിസ്റ്റന്റ്സെക്രട്ടറി തസ്തിക അനുവദിക്കുക. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് മാതൃകയില്‍ പ്രത്യേക ഗ്രേഡ് നല്‍കും. 15 വര്‍ഷം സര്‍വീസുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സെലക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് നല്‍കും. 22 വര്‍ഷം സര്‍വീസുള്ള സെലക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡും 27 വര്‍ഷം പൂര്‍ത്തിയാക്കിയ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഗ്രേഡും അനുവദിക്കും. ഗവ. എന്‍ജിനിയറിങ് കോളേജുകളിലെ 102 അധ്യാപക തസ്തിക നികത്തും. ഇതിനായി 66 പുതിയ തസ്തിക അനുവദിച്ചു. 36 ഒഴിവ് പുനര്‍വിന്യാസം വഴി നികത്തും. ഇതോടെ എല്ലാ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളിലും എഐസിടി നിബന്ധന പ്രകാരമുള്ള ഫാക്കല്‍റ്റി നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷൊര്‍ണൂര്‍ പ്രിന്റിങ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ചുള്ള ഗവ. പോളിടെക്നിക് കോളേജില്‍ ആറ് പുതിയ തസ്തിക അനുവദിച്ചു. മാസം 600 രൂപയോ അതില്‍ താഴെയോ പെന്‍ഷന്‍ ലഭിക്കുന്ന നാട്ടുരാജാക്കന്മാരുടെ രാഷ്ട്രീയ പെന്‍ഷന്‍ ആയിരം രൂപയാക്കും. പാലിയം ഈശ്വരസേവ ട്രസ്റ്റിന് നല്‍കുന്ന രാഷ്ട്രീയ പെന്‍ഷന്‍ 66 ശതമാനം വര്‍ധിപ്പിക്കും. തിരുവനന്തപുരത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ കംപ്യൂട്ടര്‍വല്‍കൃത വാഹനപരിശോധനാവിഭാഗവും കംപ്യൂട്ടര്‍വല്‍കൃത ഡ്രൈവര്‍ ടെസ്റ്റിങ് ട്രാക്കും ആരംഭിക്കും. ഇതിനായി മുട്ടത്തറ വില്ലേജില്‍ ഒരേക്കര്‍ സ്ഥലം അനുവദിച്ചു. പത്തനാപുരത്ത് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്റ്റേഷന്‍ അനുവദിച്ചു. കോതമംഗലം മുനിസിപ്പാലിറ്റിയിലെ കരൂര്‍ തോട് നവീകരണത്തിനും സംരക്ഷണത്തിനുമായി 2.45 കോടിയുടെയും കാസര്‍കോട് ചെറുവത്തൂര്‍ പഞ്ചായത്തിലെ പനക്കാപ്പുഴ സംരക്ഷണത്തിന് 1.85 കോടിയുടെയും പ്രവൃത്തിക്ക് അനുമതി നല്‍കി.

deshabhimani 240113

No comments:

Post a Comment