Thursday, January 24, 2013

ടെലികോംമേഖല സ്വകാര്യകമ്പനികള്‍ക്ക് തീറെഴുതുന്നു: കോടിയേരി


ടെലികോം മേഖല സ്വകാര്യകമ്പനികള്‍ക്ക് തീറെഴുതാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സഞ്ചാര്‍ നിഗം എക്സിക്യൂട്ടീവ്സ് അസോസിയേഷന്‍ (ഇന്ത്യ) കേരള സര്‍ക്കിള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

മൂന്നു വര്‍ഷമായി ബിഎസ്എന്‍എല്‍ നഷ്ടത്തിലാണ്. 2010-2011ല്‍ 6384 കോടിയാണ് ബിഎസ്എന്‍എല്ലിന്റെ നഷ്ടം. ഈ വര്‍ഷം പതിനായിരം കോടി കടക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മാനേജ്മെന്റിന്റെ പിടിപ്പുകേടും സര്‍ക്കാര്‍ സഹായമില്ലായ്മയുമാണ് നഷ്ടത്തിനു കാരണം. ഉദാരവല്‍ക്കരണ നയങ്ങളുടെ രക്തസാക്ഷിയാണ് ബിഎസ്എന്‍എല്‍. 2004-2005ല്‍ ബിഎസ്എന്‍എല്ലിന്റെ വരുമാനം 40,000 കോടി രൂപയായിരുന്നത് ഇപ്പോള്‍ 27,000 കോടിയായി കുറഞ്ഞു. സ്ഥാപനം സ്വകാര്യവല്‍ക്കരിച്ചതിന്റെ ഫലമാണിത്. ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയില്‍ താല്‍പ്പര്യമില്ലാത്തവരാണ് മാനേജ്മെന്റിന്റെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മൂലം സ്ഥാപനത്തിനുണ്ടായ സാമ്പത്തികബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. അതേ സമയം, വൊഡാഫോണിന് 12,000 കോടിരൂപയുടെ നികുതിയിളവ് നല്‍കി. 1999ല്‍ ബിഎസ്എന്‍എല്‍ കമ്പനിയാക്കിയതോടെയാണ് തകര്‍ച്ചയ്ക്ക് ആക്കം കൂടിയത്. കമ്പനിയാക്കിയാല്‍ സ്ഥാപനം ലാഭത്തിലേക്കു കുതിക്കുമെന്നായിരുന്നു പ്രചാരണം. വലിയ വിഭാഗം ജീവനക്കാരും അതില്‍ കുടുങ്ങി. കെഎസ്ആര്‍ടിസിയും റെയില്‍വേയും വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണെന്നും കോടിയേരി പറഞ്ഞു.

അസോസിയേഷന്‍ സര്‍ക്കിള്‍ പ്രസിഡന്റ് എന്‍ എ എബ്രഹാം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ സെബാസ്റ്റ്യന്‍, ട്രഷറര്‍ രാജന്‍, സൗത്ത് ജോയന്റ് സെക്രട്ടറി പത്മനാഭ റാവു, ബിഎന്‍എല്‍ഇയു സര്‍ക്കിള്‍ സെക്രട്ടറി കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ടി സന്തോഷ്കുമാര്‍ സ്വാഗതവും വി പി സുധീര്‍കുമാര്‍ നന്ദിയും പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10ന് സമാപന സമ്മേളനം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനംചെയ്യും.

deshabhimani 240113

No comments:

Post a Comment