Saturday, January 26, 2013

ക്രൈം നന്ദകുമാറിനെതിരെ തെളിവ് ഹാജരാക്കാം: സിബിഐ


സിപിഐ എം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ കവിയൂര്‍കേസില്‍ പ്രതിയായ ലതാനായരെ പ്രേരിപ്പിച്ച ക്രൈം നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഫെബ്രുവരി രണ്ടിന് സിബിഐ പ്രത്യേക കോടതി ജഡ്ജി ടി എസ് പി മൂസ്സത് വിധി പറയും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എന്നിവരാണ് ഹര്‍ജി നല്‍കിയത്. കേസില്‍ നന്ദകുമാറിനെതിരായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും വേണ്ടി വന്നാല്‍ കോടതിയില്‍ ഹാജരാക്കാമെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചു.

അട്ടക്കുളങ്ങര വനിതാജയിലില്‍ കഴിയവെ, ലതാനായരെ സന്ദര്‍ശിച്ച നന്ദകുമാര്‍ കവിയൂര്‍ കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പി കെ ശ്രീമതി എന്നിവരുടെ പേര് പറയണമെന്ന് നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് സിബിഐ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സിപിഐ എം നേതാക്കളുടെ പേരുപറഞ്ഞാല്‍ ഒരു കോടി രൂപ തരാമെന്ന് നന്ദകുമാര്‍ ലതാനായര്‍ക്ക് വാഗ്ദാനം ചെയ്തത് ജയില്‍സൂപ്രണ്ടിന്റെ മുന്നില്‍വച്ചാണെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. ആദ്യഗഡുവായി അമ്പത്ലക്ഷം നല്‍കാമെന്നും പറഞ്ഞിരുന്നു. വ്യാജ തെളിവ് നല്‍കാന്‍ പ്രേരിപ്പിച്ചത് കുറ്റകരമായതിനാല്‍ നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എം രാജഗോപാലന്‍നായര്‍ വാദിച്ചു. സിബിഐയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനാണ് നന്ദകുമാറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ലതാനായരെ സന്ദര്‍ശിച്ചശേഷം ജയില്‍സൂപ്രണ്ടിനെ വിളിച്ച് മൊഴിനല്‍കാന്‍ ലതാനായര്‍ സമ്മതിച്ചോയെന്ന് നന്ദകുമാര്‍ വീണ്ടും അന്വേഷിച്ചിരുന്നു. സിബിഐയുടെ പക്കല്‍ ഇതിന് തെളിവുകളുണ്ട്. നേതാക്കളെ ബോധപൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതു ചെയ്തത്. അപൂര്‍വമായാണ് ഇത്തരമൊരു കുറ്റകൃത്യം. വ്യക്തമായ തെളിവുണ്ടായതിനാല്‍ കോടതി കണ്ടില്ലെന്നു നടിക്കരുത്. ഈ സംഭവം അന്വേഷിച്ച് നന്ദകുമാറിനെതിരെ കേസെടുക്കണം. ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ പരിഗണനക്കു വിടണമെന്നും അദ്ദേഹം വാദിച്ചു.

deshabhimani 260113

No comments:

Post a Comment