Thursday, January 24, 2013

എരിഞ്ഞടങ്ങാത്ത കിരണം

തൃശൂര്‍: എരവിമംഗലം ആ വേര്‍പാടിന്റെ വേദനയില്‍നിന്ന് ഇനിയും മോചിതമായിട്ടില്ല. മണലിപ്പുഴയോരത്തെ ആ ഇരുനില വീട് ഇന്ന് ആളും അനക്കവുമില്ലാതെ ഏകാന്തമാണ്. കേരളത്തിന്റെ മനഃസാക്ഷിയായ സുകുമാര്‍ അഴീക്കോടിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായിരുന്നു ഈ നാടും വീടും. ഒരു മാസത്തോളം മരണത്തോട് പോരാടി 2012 ജനവരി 24ന് പുലര്‍ച്ചെയാണ് അഴീക്കോട് മാഷ് വിടവാങ്ങിയത്. യാത്രാമൊഴി ചൊല്ലി പിരിഞ്ഞിട്ട് ഒരാണ്ട് പിന്നിടുമ്പോഴും ആ കര്‍മയോഗിയുടെ ധിഷണാശക്തിയുടെ പ്രോജ്വല സ്മരണകള്‍ക്ക് കാലം മാറ്റ് കൂട്ടിയിട്ടേയുള്ളു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ആ പ്രതിഭാവിലാസത്തിന്റെ ബാക്കിപത്രമായി ആയിരക്കണക്കിന് പുസ്തകങ്ങളും നിരവധി ഉപഹാരങ്ങളും അദ്ദേഹത്തിന്റെ വീട്ടില്‍ അവശേഷിക്കുന്നുണ്ട്. താഴത്തെ മുറിയില്‍ ചിതാഭസ്മവും. എല്ലാം ചിതലെടുത്തു നശിക്കുന്നോ എന്നാണ് നാട്ടുകാരുടെ ആശങ്ക.

ഭരണാധികാരികളെ മുഖംനോക്കാതെ വിമര്‍ശിച്ച, നെറികേടുകളെ നിഷ്കരുണം ചോദ്യംചെയ്ത, മൂല്യച്യുതികളില്‍ അണപൊട്ടിയ രോഷം പ്രകടിപ്പിച്ച അഴീക്കോട് ഇല്ലാത്തതിന്റെ ശൂന്യത മലയാളികളുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്നു. "അഴീക്കോട് വിശേഷിപ്പിച്ചപോലെ, ചൂണ്ടിക്കാട്ടിയപോലെ, എഴുതിയ പോലെ..." എന്നെല്ലാം സാധാരണക്കാര്‍ മുതല്‍ പ്രമുഖര്‍വരെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മരിക്കുവോളം കോണ്‍ഗ്രസുകാരനാകണമെന്ന് ആഗ്രഹിച്ച താന്‍ പക്ഷേ, തനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചപ്പോള്‍ ഇടതുപക്ഷ സഹയാത്രികനായെന്ന് പറഞ്ഞത് അഭിമാനത്തോടെയാണ്. ഇടതുപക്ഷത്തിനുവേണ്ടി കേരളമാകെ പ്രസംഗിച്ചു, എഴുതി, പ്രതികരിച്ചു. ദേശാഭിമാനിയില്‍ ഒന്നര പതിറ്റാണ്ടോളം മുടങ്ങാതെ "മറയില്ലാതെ" പ്രതിവാര പംക്തിക്കായി പേനയെടുത്തു. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനെങ്കിലും രണ്ടര പതിറ്റാണ്ടായി തൃശൂരില്‍ സ്ഥിരതാമസമാക്കി തൃശൂരിന്റെ ദത്തുപുത്രനായി അഴീക്കോട്. തൊഴിലാളികള്‍ മുതല്‍ ദേശീയ നേതാക്കള്‍വരെ അദ്ദേഹത്തിന് ഒരുപോലെ സുഹൃത്തുക്കള്‍. സാഹിത്യം, സംസ്കാരം, കല, സ്പോര്‍ട്സ്, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നിങ്ങനെ അദ്ദേഹം സ്പര്‍ശിക്കാത്ത മേഖലകളിലില്ല. അവിടെയെല്ലാം സാംസ്കാരിക വിമര്‍ശനത്തിന്റെ ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്.
(വി എം രാധാകൃഷ്ണന്‍)


അഴീക്കോട് സ്മൃതിമണ്ഡപം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: അഴീക്കോടിന്റെ സ്മരണക്കായി പയ്യാമ്പലത്ത് നിര്‍മ്മിച്ച സ്മൃതിമണ്ഡപം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. അഴീക്കോടിന്റെ സ്മരണ കേരളത്തിന് എന്നും വഴികാട്ടിയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കേരളം ശ്രദ്ധയോടെ കേട്ടിരുന്ന ശബ്ദമാണത്. വരും തലമുറകള്‍ക്കുപോലും ആത്മവിശ്വാസം പകരുന്നതുമാണ്. അദ്ദേഹത്തിന്റെ വാക്കുകളിലെയും നിലപാടുകളിലെയും ആത്മാര്‍ഥത ജനങ്ങള്‍ തിരിച്ചറിഞ്ഞു. വിമര്‍ശനങ്ങള്‍ക്കു പാത്രമായവര്‍ പോലും അദ്ദേഹത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്തില്ല. അതിന് അഴീക്കോട് അവസരം നല്‍കിയതുമില്ല. അതുകൊണ്ടാണ് അഴീക്കോടിന് ഒരു ശത്രുവും ഇല്ലാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ അഴീക്കോട് ട്രസ്റ്റ് ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായി. സാംസ്കാരികമന്ത്രി കെ സി ജോസഫ് മുഖ്യാതിഥിയായി. ഡോ: എ കെ നമ്പ്യാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എം സി ശ്രീജ, എം പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. പി പി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു.


deshabhimani 240113

No comments:

Post a Comment