Monday, January 28, 2013
സ്വകാര്യവല്‍ക്കരണം ഇല്ലെന്ന് ആര്യാടന്‍; വാക്കുകളില്‍ സ്വകാര്യവല്‍ക്കരണം ഒളിപ്പിച്ചിട്ടു
കൊല്ലം: വൈദ്യുതിരംഗത്ത് ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ആശങ്കകള്‍ എത്രമാത്രം ആഴത്തിലുള്ളതാണെന്ന് പ്രകടമാക്കുന്നതായിരുന്നു ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍. വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ ഈ രംഗത്തെ സമുന്നതര്‍ അണിനിരന്നതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. 'കേരള വൈദ്യുതിരംഗം-ബദല്‍ ഊര്‍ജ്ജോല്‍പാദന സാധ്യത' എന്നതായിരുന്നു ചര്‍ച്ചാവിഷയം.
മോഡറേറ്ററായിരുന്ന സി ദിവാകരന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാണ് മന്ത്രി സര്‍ക്കാരിന്റെ നിലപാടറിയിച്ചത്. കമ്പനിവല്‍ക്കരണം ഉണ്ടോ എന്ന് താന്‍ നിയമസഭയില്‍ ചോദിച്ചപ്പോള്‍ അതിനു നേരിട്ട് മറുപടി പറയാതെ ചില സാഹചര്യങ്ങള്‍ വിശദീകരിക്കുക മാത്രമായിരുന്നു ചെയ്തത്. അതുകൊണ്ട് അതേ ചോദ്യം താനിപ്പോഴും ആവര്‍ത്തിക്കുകയാണ്. ഉല്‍പാദനം, പ്രസരണം, വിതരണം തുടങ്ങിയ ഏതെങ്കിലും മേഖലകള്‍ സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കുമോ എന്നറിയണമെന്ന് ദിവാകരന്‍ ആവശ്യപ്പെട്ടു.
വൈദ്യുതിരംഗത്ത് സ്വകാര്യവല്‍ക്കരണം ഈ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കമ്പനിവല്‍ക്കരണം തുടങ്ങിയത് 2008ലാണ്. 2011ല്‍ കമ്പനി രൂപീകരിച്ചതിന്റെ ആദ്യപടിയായി ആസ്തിബാദ്ധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ വച്ചു. ആ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. പഴയ ഇലക്ട്രിസിറ്റി ബോര്‍ഡ് ഇപ്പോഴില്ല. അതിന്റെ ആസ്തികളെല്ലാം കമ്പനിയില്‍ നിക്ഷിപ്തമാണ്. ഒരു പൈസയുടെ ആസ്തി ഇപ്പോള്‍ ബോര്‍ഡിനില്ല. 2003ലെ ആക്ട് അനുസരിച്ച് മുന്‍ ഗവണ്‍മെന്റിന് അതേ ചെയ്യാന്‍ കഴിയൂ. ഉല്‍പാദന, പ്രസരണ, വിതരണ രംഗങ്ങള്‍ക്ക് ഒറ്റ കമ്പനിയാക്കി എന്നത് മുന്‍സര്‍ക്കാര്‍ ചെയ്ത നല്ല കാര്യമാണെന്നും ആര്യാടന്‍ പറഞ്ഞു.
പുതിയ കമ്പനി വരുമ്പോള്‍ പെന്‍ഷന്‍കാരുടെ താല്‍പര്യം സംരക്ഷിക്കും. പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. അതിലൊക്കെ തടസ്സവും കാലതാമസവും ഉണ്ടായതായി സമ്മതിക്കുന്നു. പെന്‍ഷന്‍ ഫണ്ടിനുള്ള പണം കണ്ടെത്തുമെന്നും ജീവനക്കാരുമായി ഒരുവട്ടം കൂടി ചര്‍ച്ച ചെയ്ത് ഒരു ഫോര്‍മുല ഉണ്ടാക്കുമെന്നും ജീവനക്കാരുടെ പെന്‍ഷന്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ പുനസംഘടന പദ്ധതിയനുസരിച്ച് കേരളത്തിന് 1500 കോടി കിട്ടും. ആ പദ്ധതിയില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല. അതില്‍ പറഞ്ഞ പ്രകാരം ഓരോവര്‍ഷവും കറന്റ് ചാര്‍ജ്ജ് കൂടും. മാര്‍ക്കറ്റിലെ വ്യതിയാനമനുസരിച്ച് ചിലപ്പോള്‍ കുറയുമെന്നും പറഞ്ഞ് മന്ത്രി അതിനെ ന്യായീകരിച്ചു.പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുമ്പോള്‍ തന്നെ വാതകാടിസ്ഥാനത്തിലുള്ള ചീമേനി പോലെയുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്ന് തുടര്‍ന്ന് സംസാരിച്ച പി കെ ഗുരുദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ പുനരുദ്ധാരണ പാക്കേജ് സര്‍ക്കാര്‍ അനുവദിച്ചതിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് കടന്നുവരാനുള്ള അവസരം ഒരുക്കുകയാണ്. ഓരോവര്‍ഷവും കറന്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ സമ്മതിച്ചത് ഇതിന്റെ മുന്നൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സും ചെറുകിട വൈദ്യുതി നിലയങ്ങളും പരമാവധി ഉപയോഗപ്പെടുത്തുന്ന നയം ഉണ്ടാകണമെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. വൈദ്യുതി പുനഃസംഘടനാ സ്‌കീം പച്ചയായ സ്വകാര്യവല്‍ക്കരണമാണ്. ഈ മേഖലയില്‍ കഴിഞ്ഞ മന്ത്രിസഭാകാലത്ത് മാറ്റിവച്ച വാട്ടര്‍ റെഗുലേറ്ററി അതോറിറ്റി ഈ സര്‍ക്കാര്‍ നടപ്പാക്കുന്നു. കുടിവെള്ളമേഖല സ്വകാര്യമേഖലയ്ക്ക് തീറെഴുതാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതിരംഗത്ത് സ്വകാര്യവല്‍ക്കരണം ഉണ്ടാകില്ലെന്ന മന്ത്രി ആര്യാടന്റെ പ്രഖ്യാപനത്തിന്റെ വിശ്വസനീയത വട്ടപ്പൂജ്യമാണെന്ന് തുടര്‍ന്ന് സംസാരിച്ച സിപിഐ ദേശീയ കൗണ്‍സിലംഗം ബിനോയ്‌വിശ്വം പറഞ്ഞു. ആര്യാടന്റെ പ്രസംഗത്തില്‍ സ്വകാര്യവല്‍ക്കരണം ഒളിപ്പിച്ച് വച്ചിട്ടുണ്ട്.
പണത്തിന്റെയും ലാഭത്തിന്റെയും മേധാശക്തിക്കുമുന്നില്‍ ഈ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാവില്ല. വൈദ്യുതിരംഗം സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള എല്ലാ തീരുമാനവും കേന്ദ്രസര്‍ക്കാര്‍ എടുത്തുകഴിഞ്ഞതാണ്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നയമാണ് ഇത്തരം പുനഃസംഘടനാ പാക്കേജുകള്‍. ഇതിലെ ആപത്ത് ആദ്യം മനസ്സിലാക്കുന്നത് തൊഴിലാളിവര്‍ഗ്ഗമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ പലഭാഗത്തും ഇതിനെതിരെ തൊഴിലാളികള്‍ രംഗത്തിറങ്ങുന്നു. ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് കെ ഭാസ്‌ക്കരന്‍ സംസാരിച്ചു. ഫെഡറേഷന്‍ രക്ഷാധികാരി എം സുകുമാരപിള്ള സ്വാഗതവും വി ജെ കുര്യാക്കോസ് നന്ദിയും പറഞ്ഞു.
വൈദ്യുതി സ്വകാര്യവല്‍ക്കരണം ആത്മഹത്യാപരം: എന്‍ എന്‍ രാജന്‍
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് സബ്‌സിഡി കൊടുത്തു വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ചിരിക്കുന്ന പുനഃസംഘടനാ പദ്ധതി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത് ആത്മഹത്യാപരവും കേരള ജനതയോടുള്ള വഞ്ചനയുമാണെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എന്‍ എന്‍ രാജന്‍.
സ്വകാര്യ കോര്‍പ്പറേറ്റുകള്‍ വൈദ്യുതി വിതരണം സ്വന്തമാക്കുന്നതിനുവേണ്ടി ഭരണാധികാരികളെ കൊണ്ട് നടപ്പാക്കിക്കുന്ന പദ്ധതിയാണിത്. എല്ലാവര്‍ഷവും ഏപ്രില്‍ മാസം വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിന് വ്യവസ്ഥ ഉള്‍പ്പെടുത്തി കൊള്ള ലാഭമുണ്ടാക്കാനുള്ള ഈ പദ്ധതിയുടെ മറവില്‍ ഭരണ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ നേതൃത്വവും വന്‍ അഴിമതിയാണ് നടത്തുന്നത്.
ഇറക്കുമതി വിലയ്ക്കു തുല്യമായി പെട്രോള്‍ ഉല്പന്നങ്ങളുടെ വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നതുപോലെ അന്താരാഷ്ട്ര നിരക്കനുസരിച്ച് രാജ്യത്തെ വൈദ്യുതി താരിഫും വര്‍ദ്ധിപ്പിക്കണമെന്നാണ് കോര്‍പ്പറേറ്റുകള്‍ നിര്‍ദ്ദേശിക്കുന്നത്.
ഇന്ത്യയിലെ വൈദ്യുതി കമ്പനികള്‍ക്കാകെയായി കേന്ദ്ര ഗവണ്‍മെന്റ് 24000 കോടി രൂപയാണ് സബ്‌സിഡി നല്‍കേണ്ടിവരുന്നത്. ഇന്‍ഡ്യയിലെ പാവപ്പെട്ടവര്‍ക്ക് പട്ടിണി അകറ്റാന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് പണം കായ്ക്കുന്ന മരമില്ലെന്നു പറയുന്ന പ്രധാനമന്ത്രി സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്കു കൊള്ള ലാഭമുണ്ടാക്കാന്‍ വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിനു 24,000 കോടി സബ്‌സിഡി നല്‍കുന്നത് കേന്ദ്ര ഗവണ്‍മെന്റ് ജനപക്ഷത്തല്ല മുതലാളിപക്ഷത്താണെന്നാണ് വ്യക്തമാക്കുന്നത്.
വൈദ്യുതി വിതരണം കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുമ്പോള്‍ എല്ലാ വര്‍ഷവും കറണ്ടു ചാര്‍ജ്ജു വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉപയോഗിച്ച് സാധാരണ ജനങ്ങളെ സ്വകാര്യ കുത്തകകള്‍ കൊള്ളയടിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ പുനഃസംഘടനാ പദ്ധതിയും സ്വകാര്യവല്‍ക്കരണവും ജനങ്ങള്‍ക്ക് വലിയൊരു ഭാരമായി മാറും. സംസ്ഥാനത്തിന്റെ പൊതു മേഖല വൈദ്യുതി സംവിധാനം ആകെ തകരും.
കേരളത്തില്‍ സ്വകാര്യവല്‍ക്കരണം യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും ശക്തമായ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് തൊഴിലാളികള്‍ നീങ്ങുമെന്നും രാജന്‍ മുന്നറിയിപ്പു നല്‍കി.
janayugom
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment