Thursday, January 31, 2013

എന്‍എസ്എസുമായി ധാരണയില്ല: ഹൈക്കമാന്‍ഡ്


കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്, എന്‍എസ്എസുമായി കോണ്‍ഗ്രസ് നേതൃത്വം രഹസ്യധാരണയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് എഐസിസി വക്താവ് പി സി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തിലാണ് ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമാന്‍ഡ് ഒരു സാമുദായിക സംഘടനയ്ക്കും ഉറപ്പുനല്‍കിയിട്ടില്ല. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ പുറത്തുള്ളവരല്ല തീരുമാനിക്കുന്നതെന്നും ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും എന്‍എസ്എസ് നേതൃത്വവുമായി എന്തെങ്കിലും കരാറുണ്ടാക്കിയതായി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവര്‍ത്തിച്ചു.

ചെന്നിത്തലക്കെതിരെ ഗൂഢാലോചന നടത്തുന്നതാരാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിന് സീറ്റ് കിട്ടാന്‍ കരാറുകളുടെ ആവശ്യമില്ല. അതിന് മറ്റാരുടെയും സഹായം വേണ്ട. മത്സരിക്കണോയെന്ന് ചെന്നിത്തല നിശ്ചയിച്ചാല്‍ മതി. വിലാസ് റാവു ദേശ്മുഖ് എന്‍എസ്എസ് ആസ്ഥാനത്തു ചെന്ന് എന്തെങ്കിലും കരാര്‍ ഉണ്ടാക്കിയോ എന്ന് അറിയില്ല. അദ്ദേഹത്തെ പലതവണ കണ്ടിരുന്നു. അപ്പോഴൊന്നും കരാറിന്റെ കാര്യം പറഞ്ഞില്ല. ഇപ്പോള്‍ അദ്ദേഹം ജീവിച്ചിരിപ്പില്ല. കരാറുണ്ടാക്കിയെന്ന് ആവര്‍ത്തിക്കുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കള്ളം പറയുകയാണോയെന്നു ചോദിച്ചപ്പോള്‍ കരാറിന്റെ കാര്യം തനിക്കറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

സോണിയ പറയട്ടെ: സുകുമാരന്‍ നായര്‍

ചങ്ങനാശേരി: എന്‍എസ്എസുമായി ഹൈക്കമാന്‍ഡുണ്ടാക്കിയ ധാരണയെന്തെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി വ്യക്തമാക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സോണിയ അഭിപ്രായം പറഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പെരുന്നയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും ചെന്നിത്തലയും എന്‍എസ്എസിനെ വഞ്ചിച്ചു. കരാറില്ലെന്ന പി സി ചാക്കോയുടെ ഇപ്പോഴത്തെ പ്രസ്താവന ആസൂത്രിതമാണ്. സോണിയാഗാന്ധി പറഞ്ഞിട്ടാണ് എന്‍എസ്എസുമായി ധാരണയുണ്ടാക്കാന്‍ ഹൈക്കമാന്റ് പ്രതിനിധിയായി വിലാസ് റാവു ദേശ്മുഖ് പെരുന്നയില്‍ എത്തിയത്. എ കെ ആന്റണി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി ജെ കുര്യന്‍ എന്നിവര്‍ക്ക് ഇക്കാര്യം അറിയാം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ ചര്‍ച്ചക്ക് വിട്ടാല്‍ കുഴപ്പമാകുമെന്ന് കരുതിയാണ് വിലാസ്റാവു ദേശ്മുഖിനെ സോണിയാഗാന്ധി അയച്ചത്. ദേശ്മുഖ് മഖേന എന്‍എസ്എസ് സോണിയാഗാന്ധിക്ക് നിവേദനവും നല്‍കി. ഇതു പരിഗണിച്ച് എന്‍എസ്എസിന് അനുകൂലമായ നിലപാടാണ് സോണിയ സ്വീകരിച്ചത്.

ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് വന്ന ദേശ്മുഖിനെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാണ് സ്വീകരിച്ചത്. എന്‍എസ്എസ് ആസ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവന്നത് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനാണ്. എന്നിട്ടും സംഗതിയൊന്നും അറിഞ്ഞിട്ടില്ലെന്നു പറയുന്നതാണ് വഞ്ചന-സുകുമാരന്‍ നായര്‍ പറഞ്ഞു

deshabhimani 310113

No comments:

Post a Comment