Saturday, January 26, 2013

സാമൂഹ്യബാധ്യതകള്‍ മറക്കരുത്: രാഷ്ട്രപതി


സാമ്പത്തിക പരിഷ്കാരങ്ങളുടെ പാതയിലൂടെ നീങ്ങുമ്പോള്‍ കമ്പോളാശ്രിത സമ്പദ്വ്യവസ്ഥയുടെ പ്രശ്നങ്ങളെക്കുറിച്ചും ബോധവാന്മാരാകണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. പരിഷ്കരണത്തിന്റെ പാത സ്വീകരിച്ച പല സമ്പന്ന രാഷ്ട്രങ്ങളും സാമൂഹ്യബാധ്യതകള്‍ മറന്നുകൊണ്ടാണ് വിഭവങ്ങള്‍ ഉപയോഗിക്കുന്നത്. ഈ കെണിയില്‍ കേന്ദ്രസര്‍ക്കാര്‍ വീഴരുതെന്നും അധികാരമേറ്റശേഷം നടത്തുന്ന ആദ്യ റിപ്പബിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി മുന്നറിയിപ്പു നല്‍കി.

സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലങ്ങള്‍ ഗ്രാമങ്ങളിലും കൃഷിസ്ഥലങ്ങളിലും ഫാക്ടറികളിലും സ്കൂളുകളിലും ആശുപത്രികളിലും പ്രതിഫലിക്കണം. ഈ ഫലങ്ങള്‍ ലഭിക്കാത്തവരെ സംബന്ധിച്ച് സര്‍ക്കാര്‍ പലപ്പോഴും പറയുന്ന കണക്കുകള്‍ക്ക് അര്‍ഥമില്ലെന്നും പ്രണബ് മുഖര്‍ജി ഓര്‍മിപ്പിച്ചു. ഈ അന്തരം പരിഹരിക്കാന്‍ കഴിയാത്തപക്ഷം "നക്സലൈറ്റ്" ആക്രമണങ്ങളെന്ന് വിശേഷിപ്പിക്കുന്ന സംഘര്‍ഷം അപകടകരമായ മാനം കൈവരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ലിംഗസമത്വം ഉറപ്പുവരുത്തേണ്ട സമയമായെന്നു പറഞ്ഞ രാഷ്ട്രപതി അതിനു തയ്യാറാകാത്തപക്ഷം വന്‍വില നല്‍കേണ്ടിവരുമെന്ന് ഓര്‍മിപ്പിച്ചു. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ എളുപ്പത്തില്‍ കീഴടങ്ങില്ലെങ്കിലും സര്‍ക്കാരും പൗരസമൂഹവും അതിനെ അതിജീവിക്കണം. രോഷപ്രകടനവുമായി യുവജനങ്ങള്‍ മുന്നോട്ടുവന്നാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മരണം പുതിയ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം തന്നെയാണ് തകര്‍ത്തത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം ഇന്ത്യന്‍ സംസ്കാരത്തിന്റെ ആത്മാവിനെയാണ് കശക്കിയെറിഞ്ഞത്. അഴിമതി പൊതുജീവിതത്തിന്റെ ധാര്‍മികതയെ തകര്‍ക്കുന്നു. വളരുന്ന ഇന്ത്യയെ പ്രതിഫലിപ്പിക്കാന്‍ പാര്‍ലമെന്റിന് കഴിയുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച രാഷ്ട്രപതി സമൂലമായ പരിഷ്കരണം വേണമെന്നും ആവശ്യപ്പെട്ടു. പാകിസ്ഥാനുമായി അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിച്ച രാഷ്ട്രപതി, അതിര്‍ത്തിയില്‍ സമാധാനം കാത്തുസൂക്ഷിക്കാനാണ് ഭാരതം ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. എന്നാല്‍, ഇത് ദൗര്‍ബല്യമായി ആരും കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani  250113

No comments:

Post a Comment