Saturday, January 26, 2013

വാര്‍ത്തകള്‍ - ഗ്രീസ്, ഷാവേസ്, ആണവ നിലയം.


ഗ്രീസില്‍ വന്‍ പണിമുടക്ക്

ഏതന്‍സ്: ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഗ്രീസില്‍ ഗതാഗതത്തൊഴിലാളികളുടെ വന്‍ പണിമുടക്ക്. തലസ്ഥാനമായ ഏതന്‍സില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് തെരുവിലിറങ്ങിയതോടെ മെട്രോയടക്കം പൊതുഗതാഗതം സ്തംഭിച്ചു. മെട്രോയിലേക്കുള്ള വഴികളടക്കം പ്രക്ഷോഭകാരികള്‍ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് തടസ്സങ്ങള്‍ ഒഴിവാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനെതിരെയാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. സമരം പൊളിക്കാന്‍ സര്‍ക്കാര്‍ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരരംഗത്താണ്.

ഷാവേസിന്റെ വ്യാജചിത്രം പ്രസിദ്ധീകരിച്ച പത്രം മാപ്പ് പറഞ്ഞു

മാഡ്രിഡ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ വ്യാജ ചിത്രം പ്രസിദ്ധീകരിച്ച സ്പാനീഷ് പത്രം "എല്‍ പെയ്സ്" പടം പിന്‍വലിച്ച് മാപ്പു പറഞ്ഞു. അര്‍ബുദരോഗബാധിതനായി ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്ന ഷാവേസിന്റേതെന്ന വ്യാജേനെയാണ് മറ്റൊരു രോഗിയുടെ ചിത്രം ഇവര്‍ പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റില്‍നിന്ന് പടം പിന്‍വലിച്ചതിനുപുറമെ ന്യൂസ് സ്റ്റാന്‍ഡുകളില്‍നിന്ന് പത്രവും ഒഴിവാക്കി. സ്പെയിനിലും ലാറ്റിനമേരിക്കയിലും മികച്ച പ്രചാരമുള്ള പത്രമാണ് എല്‍പെയ്സ്. പത്രത്തിന്റെ ഈ നടപടിക്കെതിരെ വ്യാപക വിമര്‍ശമുണ്ടായി. വെനസ്വേലന്‍ നേതാക്കള്‍ക്കുപുറമെ ലാറ്റനമേരിക്കന്‍ രാജ്യങ്ങളിലെ ഒട്ടുമിക്ക നേതാക്കളും പത്രത്തിന്റെ പ്രവൃത്തിയെ അപലപിച്ചിരുന്നു.

മുല്ലപ്പൂവിപ്ലവ വാര്‍ഷികത്തില്‍ ഈജിപ്തില്‍ വീണ്ടും ഏറ്റുമുട്ടല്‍

കെയ്റോ: ഈജിപ്തില്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ മുല്ലപ്പൂവിപ്ലവത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പൊലീസും പ്രതിപക്ഷ പ്രവര്‍ത്തകരുമായി കെയ്റോയില്‍ ഏറ്റുമുട്ടി. 16 പ്രവര്‍ത്തകര്‍ക്കും അഞ്ചു പൊലീസുകാര്‍ക്കും പരിക്കുണ്ട്. ആഴ്ചകളോളം സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടന്ന തഹ്രീര്‍ ചത്വരത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. പ്രക്ഷോഭകര്‍ ചത്വരത്തിലേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തെങ്കിലും അത് തകര്‍ത്താണ് ഇവരെത്തിയത്. രാജ്യത്തെ രണ്ടാമത്തെ നഗരമായ അലക്സാന്‍ഡ്രിയയിലും മറ്റു നഗരങ്ങളിലും വന്‍ റാലി നടന്നു. 2011ലെ സമരത്തിലെ മുദ്രാവാക്യങ്ങളായ "ഭക്ഷണം, സ്വാതന്ത്ര്യം, സാമൂഹ്യനീതി" എന്നിവയാണ് വിപ്ലവവാര്‍ഷികത്തിലും ജനങ്ങള്‍ മുഴക്കിയത്.

ലോകത്തെ ഏറ്റവും വലിയ ആണവനിലയം അടച്ചുപൂട്ടുന്നു

ടോക്യോ: ലോകത്തെ ഏറ്റവും വലിയ ആണവനിലയമായ മധ്യ ജപ്പാനിലെ കാസിവാസാകി-കരിവാ നിലയം അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. ഭൂകമ്പവുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കുന്നതിനെത്തുടര്‍ന്നാണിത്. 2011 മാര്‍ച്ചില്‍ സുനാമിയെത്തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിലുണ്ടായ പ്രതിസന്ധിയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സുരക്ഷാനിലപാടുകള്‍ കര്‍ശനമാക്കുന്നത്. ടോക്യോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് കരിവാ നിലയം പ്രവര്‍ത്തിപ്പിക്കുന്നത്. ജൂലൈമുതല്‍ പുതിയ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങും. തുടര്‍ന്ന് ഓരോ ആണവനിലയവും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആണവനിയന്ത്രണ അതോറിറ്റി വ്യക്തമാക്കി. 2007ല്‍ നിലയത്തിനടുത്ത് ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് കരിവാ നിലയം താല്‍ക്കാലികമായി അടച്ചിരുന്നു.

deshabhimani 260113

No comments:

Post a Comment